ലോക' സിനിമയുടെ ക്രെഡിറ്റുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി സംവിധായകന്‍ രൂപേഷ് പീതാംബരന്‍. ചര്‍ച്ചകള്‍ സജീവമായതോടെയാണ് സിനിമ എഴുതി സംവിധാനം ചെയ്ത വ്യക്തിയെക്കുറിച്ച് ആരും ഒന്നും പറയാത്തത് എന്തുകൊണ്ടാണെന്ന് രൂപേഷ് ചോദിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രൂപേഷ് തന്റെ അഭിപ്രായം വ്യകതമാക്കിയിരിക്കുന്നത്.
രൂപേഷ് പീതാംബരന്റെ ഫേസ്ബുക്ക് പോസ്റ്റ്:
പ്രമുഖ നടി പറയുന്നു, അവരും അവരുടെ സംഘത്തിന്റെ പരിശ്രമം കൊണ്ടാണ് ഈ സ്ത്രീകേന്ദ്രിത സിനിമ ഒരു വന്‍ വിജയം നേടിയതെന്ന്.
മറ്റൊരു പ്രമുഖ നിര്‍മ്മാതാവ് പറയുന്നു, ഈ സിനിമയുടെ വിജയം പൂര്‍ണമായും ഇതിന്റെ നിര്‍മാതാവിന്റ ആണെന്ന്.
മീഡിയകള്‍ എല്ലാം പറയുന്നു, ഈ സ്ത്രീകേന്ദ്രിത സിനിമ കോടികളുടെ ക്ലബ്ബില്‍ എത്തിയത് നായികയുടെ വിജയമാണെന്ന്.എല്ലാം ശരി, അതെല്ലാം നമ്മുക്ക് അംഗീകരിക്കാം.
പക്ഷേ, ഇതെല്ലാം നടക്കുമ്പോള്‍, ഈ സിനിമ എഴുതി സംവിധാനം ചെയ്ത ആ വ്യക്തിയെ കുറിച്ച് ആരും ഒന്നും പറയാത്തത് എന്തുകൊണ്ട്?ആ സംവിധായകന്‍ ഈ കഥ എഴുതിയില്ലായിരുന്നെങ്കില്‍, ഈ സിനിമ തന്നെ ഉണ്ടാകുമോ?
ഫാന്‍സ് അസോസിയേഷന്റെ ശ്രദ്ധയ്ക്ക് - രോഷം കൊള്ളേണ്ട, ഞാന്‍ സിനിമയെ കുറിച്ച് നല്ലതാ പറഞ്ഞത്!
ലോക'യുടെ വിജയത്തിന്റെ ക്രെഡിറ്റ് നിര്‍മ്മാതാക്കള്‍ക്കും ടീമിനും മാത്രമാണെന്ന് നടനും നിര്‍മാതാവുമായ വിജയ് ബാബു അഭിപ്രായപ്പെട്ടിരുന്നു. നൈല ഉഷയും റിമ കല്ലിങ്കലും നടത്തിയ പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് വിജയ് ബാബുവിന്റെ ഈ പ്രതികരണം. ആഗോളതലത്തില്‍ പ്രേക്ഷകപ്രീതി നേടിയ ചിത്രത്തിന്റെ ക്രെഡിറ്റ് നടിമാര്‍ക്കും അര്‍ഹതപ്പെട്ടതാണെന്ന് നൈല ഉഷ പറഞ്ഞിരുന്നു.
പിന്നാലെ റിമ കല്ലിങ്കലിന്റെ പ്രസ്താവനയും സിനിമാ മേഖലയില്‍ വലിയ ചര്‍ച്ചക്ക് വഴിയൊരുക്കി. ഇതിന് മറുപടിയായാണ്, മുമ്പും മികച്ച വനിതാ കേന്ദ്രീകൃത സിനിമകള്‍ വന്നിട്ടുണ്ടെന്നും അവയുടെ ക്രെഡിറ്റ് സിനിമ നിര്‍മ്മിച്ചവര്‍ക്ക് മാത്രമാണ് അവകാശപ്പെട്ടതെന്നും വിജയ് ബാബു തുറന്നുപറഞ്ഞത്.