നടി ശ്വേതാ മേനോന്റെ പേരിലുള്ള കേസ് നിലനില്‍ക്കില്ലെന്നും, അങ്ങനെയുള്ള കുറ്റം അവര്‍ ചെയ്തിട്ടില്ലെന്നും മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. സമ്പത്തിനുവേണ്ടി ശ്വേതാ അത്തരമൊരു പ്രവൃത്തിക്ക് തയ്യാറാകുമെന്ന് സമൂഹം വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
'അമ്മ' പ്രസിഡന്റു സ്ഥാനത്തേക്ക് ശ്വേതാ മേനോന്‍ മത്സരിക്കുന്നത് ഇഷ്ടപ്പെടാത്തവര്‍ അവരെ ഒഴിവാക്കുന്നതിനായി നടത്തിയ ശ്രമമായിരിക്കാം കേസ് എന്നാണ് മന്ത്രിയുടെ വിലയിരുത്തല്‍. മികച്ച നടിയും മലയാള സിനിമയ്ക്കു വലിയ സംഭാവനകള്‍ നല്‍കിയ കരുത്തുറ്റ സ്ത്രീയുമാണ് ശ്വേത എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമാ മേഖലയില്‍ സ്ത്രീകള്‍ ഭാരവാഹികളാകണമെന്നും, അവര്‍ക്ക് പ്രാധാന്യം നല്‍കണമെന്നും മന്ത്രിയുടെ അഭിപ്രായം.
'അമ്മ' സംഘടനയിലെ പ്രശ്നങ്ങള്‍ സംഘടന അകത്തുതന്നെ ചര്‍ച്ചചെയ്ത് പരിഹരിക്കണമെന്നു മന്ത്രി നിര്‍ദ്ദേശിച്ചു. സിനിമാ രംഗത്ത് ഏകോപനം പുലര്‍ത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ ഭാഗമായാണ് കോണ്‍ക്ലേവ് നടത്തിയതെന്നും, യോജിപ്പില്ലെന്ന് ആഗ്രഹിക്കുന്ന ചിലരെ ഒറ്റപ്പെടുത്തണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിനിമാ നയം മൂന്നുമാസത്തിനകം പുറത്തിറങ്ങുമെന്നും, അതിലൂടെ പല പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാകുമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.