മലയാള സിനിമാ നടനടിമാരുടെ സംഘടനയായ 'അമ്മ'യുടെ (AMMA) പുതിയ പ്രസിഡന്റായി ചുമതലയേറ്റ ശ്വേത മേനോന്‍ സംഘടനയിലെ മാറ്റങ്ങള്‍ ഒറ്റരാത്രികൊണ്ട് പ്രതീക്ഷിക്കരുതെന്ന് വ്യക്തമാക്കി. ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു ശ്വേത.
'ശക്തമായ അഭിപ്രായങ്ങളുള്ള വ്യക്തിയാണ് ഞാന്‍. എന്റെ യോജിപ്പുകളും വിയോജിപ്പുകളും തുറന്നുപറഞ്ഞിട്ടുണ്ട്. ആരുടേയും വക്താവല്ല ഞാന്‍. എന്റേതായ വ്യക്തിത്വമുണ്ട്, അത് തന്നെയാണ് എന്നെ വ്യത്യസ്തയാക്കുന്നത്. മുരളി, മധു, ഇന്നസെന്റ്, മോഹന്‍ലാല്‍ തുടങ്ങിയ പ്രമുഖര്‍ ഇരുന്ന പദവിയിലാണ് ഇപ്പോള്‍ ഞാന്‍. ഉത്തരവാദിത്വം വളരെ വലുതാണ്, അതിനാല്‍ ഞങ്ങള്‍ക്ക് കുറച്ച് സമയം വേണം,' എന്ന് ശ്വേത പറഞ്ഞു.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടും സ്ത്രീകളുടെ തുറന്നുപറച്ചിലും അഭിനന്ദിച്ച് ശ്വേത പ്രതികരിച്ചു. 'മൂടിക്കിടന്ന പല കാര്യങ്ങളും ഹേമാ കമ്മിറ്റി പുറത്തുകൊണ്ടുവന്നു. തുറന്നുപറച്ചിലുമായി മുന്നോട്ടുവന്ന സ്ത്രീകളെ അഭിനന്ദിക്കുന്നു. കോവിഡ് ശേഷമുള്ള കാലഘട്ടത്തില്‍ മലയാള സിനിമാ മേഖലയിലുണ്ടായ മാറ്റങ്ങളും വലിയതാണ്,' അവര്‍ കൂട്ടിച്ചേര്‍ത്തു.
സംഘടനയുടെ പേര് 'അമ്മ' തന്നെയാണെന്നും, 'AMMA' എന്ന് വിളിക്കുന്നത് തെറ്റിദ്ധാരണയാണെന്നും ശ്വേത വ്യക്തമാക്കി. '504 മക്കളുടെ അമ്മയാണ് ഞാന്‍ ഇപ്പോള്‍,' അവര്‍ ചിരിയോടെ പറഞ്ഞു.
സിനിമയില്‍ സ്ത്രീകള്‍ക്കുള്ള നിശ്ചിത ജോലി സമയം സംബന്ധിച്ച ചര്‍ച്ചകളിലും ശ്വേത അഭിപ്രായം രേഖപ്പെടുത്തി. 'ഗര്‍ഭിണിയായിരിക്കുമ്പോഴും നാലു ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. അന്ന് തന്നെ ഞാന്‍ ജോലി സമയം നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു, സംവിധായകര്‍ അത് അംഗീകരിച്ചു. കൃത്യമായ ആശയവിനിമയത്തിലൂടെയാണ് ഇത്തരം കാര്യങ്ങള്‍ സാധ്യമാകുക,' അവര്‍ പറഞ്ഞു.