Latest News

നീറ്റ് പരീക്ഷ പ്രശ്‌നത്തേക്കാള്‍ ഉപദ്രവം ചില സിനിമകള്‍ കൊണ്ട്; ചില സിനിമാ സെലിബ്രിറ്റികള്‍ ബഹളം വെക്കുന്നത് സിനിമയുടെ ഇന്‍ഡയറക്ട് പ്രൊമോഷനാണോ അതോ എഫ്സിആര്‍എ ഫണ്ട് നിയന്ത്രണത്തിലെ ദേഷ്യമാണോ? സി.ജെ.പി സമരത്തെ പിന്തുണയ്ക്കുന്ന സിനിമാ താരങ്ങള്‍ക്കെതിരെ സന്തോഷ് പണ്ഡിറ്റ് 

Malayalilife
 നീറ്റ് പരീക്ഷ പ്രശ്‌നത്തേക്കാള്‍ ഉപദ്രവം ചില സിനിമകള്‍ കൊണ്ട്; ചില സിനിമാ സെലിബ്രിറ്റികള്‍ ബഹളം വെക്കുന്നത് സിനിമയുടെ ഇന്‍ഡയറക്ട് പ്രൊമോഷനാണോ അതോ എഫ്സിആര്‍എ ഫണ്ട് നിയന്ത്രണത്തിലെ ദേഷ്യമാണോ? സി.ജെ.പി സമരത്തെ പിന്തുണയ്ക്കുന്ന സിനിമാ താരങ്ങള്‍ക്കെതിരെ സന്തോഷ് പണ്ഡിറ്റ് 

നീറ്റ് പരീക്ഷാ വിഷയത്തില്‍ പ്രതികരണങ്ങളുമായി രംഗത്തെത്തിയ സിനിമാ സെലിബ്രിറ്റികള്‍ക്കെതിരെയും ചലച്ചിത്ര മേഖലയിലെ തെറ്റായ പ്രവണതകള്‍ക്കെതിരെയും രൂക്ഷവിമര്‍ശനവുമായി നടന്‍ സന്തോഷ് പണ്ഡിറ്റ്. ചില സിനിമകള്‍ കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാകുന്നത്ര ഉപദ്രവം നീറ്റ് പരീക്ഷ രണ്ടാമത് എഴുതിയത് കൊണ്ട് സമൂഹത്തിന് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു. 

ഡല്‍ഹിയില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി) നടത്തുന്ന സമരങ്ങളെയും അതിന് പിന്തുണ നല്‍കുന്ന സിനിമാ താരങ്ങളെയും നിശിതമായി വിചാരണ ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. നീറ്റ് പരീക്ഷ, കുട്ടികളുടെ ഭാവി എന്നൊക്കെ പറഞ്ഞ് കേരളത്തിലെ ചില സിനിമാ സെലിബ്രിറ്റികള്‍ ബഹളം വെക്കുന്നത് സിനിമയുടെ ഇന്‍ഡയറക്ട് പ്രൊമോഷനാണോ അതോ എഫ്.സി.ആര്‍.എ ഫണ്ട് നിയന്ത്രണവും ദേശീയ അവാര്‍ഡ് കിട്ടാത്തതിന്റെ ദേഷ്യവുമാണോ എന്ന് സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു. 

സ്വന്തം സംഘടനയിലെ പ്രശ്നങ്ങള്‍ പോലും ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് പരിഹരിക്കാന്‍ പറ്റാത്തവരാണ് ഇന്ത്യയിലെ നീറ്റ് പ്രശ്നം പരിഹരിക്കേണ്ട രീതിയെക്കുറിച്ച് സംസാരിക്കുന്നത്. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇവിടെ ഉശിരുള്ള ആണ്‍കുട്ടികളുണ്ട്. കുട്ടികളുടെ ഭാവിയില്‍ സത്യസന്ധമായ ആശങ്കയുള്ള സിനിമാക്കാര്‍ ആദ്യം സ്വന്തം മേഖല തിരുത്താന്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മദ്യം, കഞ്ചാവ്, ലഹരി ഉപയോഗം, സ്ത്രീവിരുദ്ധത, തെറി ഭാഷ എന്നിവ സ്വന്തം സിനിമകളില്‍ നിന്ന് ഒഴിവാക്കാന്‍ ഇവര്‍ തയ്യാറാകണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന തരത്തിലുള്ള അതിക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇവര്‍ മുന്നിട്ടിറങ്ങുമോ? 

ചലച്ചിത്ര മേഖലയില്‍ കള്ളപ്പണം വെളുപ്പിക്കുന്നവരെ പൊതുജനമധ്യത്തില്‍ കൊണ്ടുവരാന്‍ ഇവര്‍ തയ്യാറാണോ? കേരളത്തില്‍ പൂര്‍ണ്ണ മദ്യനിരോധനം ആവശ്യപ്പെടാന്‍ ഈ സെലിബ്രിറ്റികള്‍ മുന്നോട്ടുവരുമോ? മുന്‍കാലങ്ങളില്‍ എ.ഐ.പി.എം.ടി, സി.ബി.എസ്.ഇ, വ്യാപം ഉള്‍പ്പെടെ നിരവധി ചോദ്യപ്പേപ്പര്‍ ചോര്‍ച്ചകള്‍ ഉണ്ടായപ്പോഴും, പി.എസ്.സി പരീക്ഷകള്‍ റദ്ദാക്കിയപ്പോഴും ഈ സെലിബ്രിറ്റികളാരും പ്രതികരിച്ചിരുന്നില്ലെന്നും അന്നൊന്നും മന്ത്രിമാര്‍ രാജിവെച്ചിരുന്നില്ലെന്നും സന്തോഷ് പണ്ഡിറ്റ് ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ 'ദി പബ്ലിക് എക്സാമിനേഷന്‍സ് ആക്ട്, 2024' കടുത്ത ശിക്ഷ ഉറപ്പാക്കുന്ന ഒന്നാണ്. നീറ്റ് കേസില്‍ അതിവേഗം സി.ബി.ഐ അന്വേഷണം നടക്കുകയും, പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും, റീ-എക്സാം നടത്തി ഫലം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 

 സമരം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ ട്രെയിനിന് നേരെ കല്ലെറിഞ്ഞും പൊതുമുതല്‍ നശിപ്പിച്ചും ആകരുത് അത് നടത്തേണ്ടത്. ഇന്ത്യയില്‍ അരക്ഷിതാവസ്ഥയുണ്ടാക്കാന്‍ വിദേശ ഏജന്‍സികളുടെ കളിപ്പാവകളാകുന്ന ചെറുപ്പക്കാരെക്കുറിച്ച് പൊതുജനം ജാഗ്രത പുലര്‍ത്തണമെന്നും സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

santhosh pandit against cjp

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES