ലോകത്തിന്റെ പിന്തുണ കണ്ടല്ല മഞ്ജുവാര്യര്‍ സ്വന്തം ചിറകിന്റെ ശക്തിയില്‍ വിശ്വസിച്ച് പറക്കാന്‍ തീരുമാനിച്ചതെന്നും, അവര്‍ സമൂഹത്തിന് വലിയൊരു പ്രേരണയാണെന്നും എഴുത്തുകാരി ശാരദക്കുട്ടി. നടി പാലിക്കുന്ന മൗനവും സമചിത്തതയും സ്വയം സ്‌നേഹിക്കാനും സ്വന്തം കഴിവില്‍ വിശ്വസിക്കാനുമറിയുന്ന ഒരു സ്ത്രീയുടെ ഔദാര്യം മാത്രമാണെന്ന് വ്യക്തമാക്കിക്കൊണ്ട് ശാരദക്കുട്ടി പങ്കുവെച്ച ഫെയ്സ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു.
ഒരു മാഫിയക്കും തടവില്‍ പിടിക്കാനാവില്ലെന്നും, ഒരു ടോക്സിക് ബന്ധത്തിലും കുടങ്ങിക്കിടക്കില്ലെന്നും കുറിപ്പില്‍ പറയുന്നു. ലോകത്തിന്റെ നെറുകയില്‍ത്തന്നെ ഒരു പൊന്‍തിടമ്പായി സ്വയം ഏറ്റിവെക്കാനറിയാം. ഒരു ദുര്‍ബ്ബലരക്ഷകന്റെയും സഹായം ആവശ്യമില്ലാതെ, ഒരപവാദച്ചുഴിയിലും കിടന്ന് നട്ടം തിരിയാതെ, ഏതു പിടിയില്‍ നിന്നും പുഴമീനെ പോലെ വഴുതി മാറി സ്വയം രക്ഷിക്കാന്‍ മഞ്ജുവിന് അറിയാമെന്നും ശാരദക്കുട്ടി ചൂണ്ടിക്കാട്ടുന്നു.
മേല്‍ വന്നു വീഴുന്ന മാലിന്യങ്ങളെ കുടഞ്ഞെറിഞ്ഞ് വീണ്ടും പറക്കുന്ന സ്ത്രീകള്‍ക്ക് അതിന് കഴിവില്ലാത്തവരോട് വലിയ ദയയും സഹതാപവും കരുണയുമുണ്ട്. അതുകൊണ്ടാണ് ഇത്തരം വ്യാജപ്രചാരണങ്ങളിലൊന്നും പ്രതികരിക്കാത്തതും മറുപടി പറയാത്തതെന്നും കുറിപ്പില്‍ വിശദീകരിക്കുന്നു. ശാരദക്കുട്ടിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്: 'ഒരു മാഫിയക്കും തടവില്‍ പിടിക്കാനാവില്ല. ഒരു ടോക്സിക് ബന്ധത്തിലും കുടങ്ങിക്കിടക്കില്ല. ലോകത്തിന്റെ നെറുകയില്‍ത്തന്നെ ഒരു പൊന്‍തിടമ്പായി സ്വയം ഏറ്റിവെക്കാനറിയാം. ഒരു ദുര്‍ബ്ബലരക്ഷകന്റെയും സഹായമാവശ്യപ്പെടില്ല. ഒരപവാദച്ചുഴിയിലും കിടന്ന് നട്ടം തിരിയില്ല. ഏതു പിടിയില്‍ നിന്നും പുഴമീനെ പോലെ വഴുതി മാറി സ്വയം രക്ഷിക്കാനറിയാം.
മേല്‍ വന്നു വീഴുന്ന മാലിന്യങ്ങളെ കുടഞ്ഞെറിഞ്ഞ് പിന്നേം പറക്കുന്ന പെണ്ണുങ്ങള്‍ക്ക് അതിന് കഴിവില്ലാത്തവരോട് വലിയ ദയ ഉണ്ട്. സഹതാപമുണ്ട്. കരുണയുണ്ട്. അതുകൊണ്ടാണ് ഒന്നിനും മറുപടി പറയാത്തത്. മഞ്ജുവാര്യര്‍ പാലിക്കുന്ന മൗനവും സമചിത്തതയും സ്വയം സ്‌നേഹിക്കാനും സ്വന്തം കഴിവില്‍ വിശ്വസിക്കാനുമറിയുന്ന ഒരു സ്ത്രീയുടെ ഔദാര്യം മാത്രമാണ്. ലോകത്തിന്റെ പിന്തുണ കണ്ടല്ലല്ലോ അവള്‍ സ്വന്തം ചിറകിന്റെ ശക്തിയില്‍ വിശ്വസിച്ച് പറക്കാന്‍ തീരുമാനിച്ചത്. അവര്‍ ഒരു പ്രേരണയാണ്.'