Latest News

സുഡാനി ഫ്രം നൈജീരിയ'യിലെ ഉമ്മ വേഷത്തിലൂടെ ശ്രദ്ധേയ; നാടകത്തിലൂടെ സിനിമയില്‍; നടി സാവിത്രി ശ്രീധരന്‍ അന്തരിച്ചു; മരണം അസുഖബാധിതയായി ചികിത്സയിലിരിക്കെ

Malayalilife
 സുഡാനി ഫ്രം നൈജീരിയ'യിലെ ഉമ്മ വേഷത്തിലൂടെ ശ്രദ്ധേയ; നാടകത്തിലൂടെ സിനിമയില്‍; നടി സാവിത്രി ശ്രീധരന്‍ അന്തരിച്ചു; മരണം അസുഖബാധിതയായി ചികിത്സയിലിരിക്കെ

പ്രശസ്ത ചലച്ചിത്ര-നാടക നടി സാവിത്രി ശ്രീധരന്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍മൂലം ഏറെ നാളായി കിടപ്പിലായിരുന്നു. കോഴിക്കോട് മാങ്കാവിലെ വീട്ടില്‍വച്ചായിരുന്നു മരണം.തിരുവണ്ണൂര്‍ കോട്ടണ്‍മില്‍ തൊഴിലാളിയായിരുന്ന വേലിക്കല്‍ അപ്പുട്ടിയുടെയും പെണ്ണൂട്ടിയുടെയും രണ്ടാമത്തെ മകളായ സാവിത്രിയെ കലാരംഗത്തേക്ക് കൈപിടിച്ചു നടത്തിയത് കലാകാരന്‍ കൂടിയായ അച്ഛന്‍ തന്നെയായിരുന്നു. പിന്നീടു ഭര്‍ത്താവ് ശ്രീധരന്റെ ഉറച്ച പിന്തുണയും പ്രോത്സാഹനവും ആയിരുന്നു കലാരംഗത്ത് നിറച്ചത്.
    
നാല് പതിറ്റാണ്ടിലേറെയായി നാടക വേദിയിലും ചലച്ചിത്ര രംഗത്തും സജീവ സാന്നിധ്യമായിരുന്നു അവര്‍. 2018-ല്‍ പുറത്തിറങ്ങിയ 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിലെ ഉമ്മയുടെ വേഷത്തിലൂടെ ചലച്ചിത്ര പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ സാവിത്രി ശ്രീധരന്‍, ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നേടിയിട്ടുണ്ട്.

കെ.ടി. മുഹമ്മദിന്റെ കലിംഗ, കോഴിക്കോട് ചിരന്തന, സംഗമം, സ്റ്റേജ് ഇന്ത്യ തുടങ്ങിയ പ്രമുഖ നാടക സമിതികളുടെ ആയിരക്കണക്കിന് വേദികളില്‍ അവര്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നാടക രംഗത്തെ മികവിന് 1977-ലും 1993-ലും മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ നേടി നാടകപ്രേമികളുടെ മനസ്സില്‍ ഇടംപിടിച്ചു.

എം.ടി. വാസുദേവന്‍ നായരുടെ 'കടവ്' എന്ന ചിത്രത്തില്‍ അമ്മ വേഷം അവതരിപ്പിച്ചുകൊണ്ടാണ് സാവിത്രി ശ്രീധരന്‍ വെള്ളിത്തിരയിലേക്ക് എത്തിയത്. തുടര്‍ന്ന് 'വലിയങ്ങാടി', 'ഡാകിനി', 'മേരാ നാം ഷാജി', 'വൈറസ്', 'ഇട്ടിമാണി: മെയ്ഡ് ഇന്‍ ചൈന', 'പട', 'പപ്പന്‍' തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളില്‍ അഭിനയിച്ചു.

മികച്ച നാടക നടിക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ക്ക് പുറമെ സംഗീത നാടക അക്കാദമി അവാര്‍ഡും അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. 'സുഡാനി ഫ്രം നൈജീരിയ'യിലെ വികാരനിര്‍ഭരമായ അഭിനയത്തിന് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശവും മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും കരസ്ഥമാക്കി.

നാലര പതിറ്റാണ്ടുകാലത്തെ നാടക പ്രവര്‍ത്തനത്തിനു ശേഷം 74-ാം വയസില്‍ കോഴിക്കോട് വെസ്റ്റ് മാങ്കാവിലെ വീട്ടില്‍ വിശ്രമ ജീവിതം നയിക്കവെയാണ് ഒരു മുഴുനീള കഥാപാത്രവുമായി യുവ സംവിധായകന്‍ സക്കരിയ സാവിത്രി ശ്രീധരനെ സമീപിക്കുന്നത്. 'സുഡാനി ഫ്രം നൈജീരിയ' എന്ന സിനിമയില്‍ സൗബിന്‍ ഷാഹിര്‍ അവതരിപ്പിച്ച ഫുട്‌ബോള്‍ മാനേജരുടെ ഉമ്മയുടെ കഥാപാത്രത്തെ സാവിത്രി അവിസ്മരണീയമാക്കി.  എം.ടി.വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത 'കടവ്' എന്ന സിനിമയിലെ ചെറിയൊരു വേഷത്തിലാണ് അവര്‍ അതിന് അഭിനയിച്ചിരുന്നത്. സുനീഷ്, പ്രസീദ, സബീന എന്നിവരാണ് മക്കള്‍.    

savithri sreedharan passesy away

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES