Latest News

സേതുരാമയ്യര്‍ വീണ്ടും വരുമോ?; സിബിഐ 6 പ്രചരണങ്ങളില്‍ വ്യക്തത വരുത്തി കെ. മധു; പ്രചരിക്കുന്ന വൈറല്‍ വീഡിയോ പഴയതെന്ന് വെളിപ്പെടുത്തലുമായി സംവിധായകന്‍ 

Malayalilife
 സേതുരാമയ്യര്‍ വീണ്ടും വരുമോ?; സിബിഐ 6 പ്രചരണങ്ങളില്‍ വ്യക്തത വരുത്തി കെ. മധു; പ്രചരിക്കുന്ന വൈറല്‍ വീഡിയോ പഴയതെന്ന് വെളിപ്പെടുത്തലുമായി സംവിധായകന്‍ 

മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഇന്‍വെസ്റ്റിഗേഷന്‍ ഫ്രാഞ്ചൈസിയായ സിബിഐ സീരീസിന്റെ ആറാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി സംവിധായകന്‍ കെ. മധു. കഴിഞ്ഞ ഒരാഴ്ചയായി സോഷ്യല്‍ മീഡിയയില്‍ പടരുന്ന പ്രചരണങ്ങള്‍ക്കും വീഡിയോകള്‍ക്കും പിന്നിലെ സത്യാവസ്ഥ അദ്ദേഹം വെളിപ്പെടുത്തി. സിബിഐ 6 ഉടന്‍ വരുമെന്ന് താന്‍ പറയുന്നതായി പ്രചരിക്കുന്ന വീഡിയോ പഴയതാണെന്ന് അദ്ദേഹം വ്യക്തമാക്കി. 

ഒരു ചടങ്ങില്‍ സംസാരിക്കവെ, 'സിബിഐ ആറാം ഭാഗം ഉടന്‍ പ്രതീക്ഷിക്കാം' എന്ന് കെ. മധു പറയുന്ന ദൃശ്യങ്ങളാണ് മമ്മൂട്ടി ആരാധകര്‍ക്കിടയില്‍ ആവേശം വിതറിയത്. എന്നാല്‍ ഇത് അടുത്തിടെയൊന്നും പറഞ്ഞ കാര്യമല്ലെന്നും മുന്‍പ് എപ്പോഴോ സംസാരിച്ച വീഡിയോ വീണ്ടും പ്രചരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആറാം ഭാഗം പ്ലാനിംഗിലുണ്ടോ എന്ന ചോദ്യത്തിന് 'ഇപ്പോള്‍ ഒന്നും പറയാറായിട്ടില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 

'ദി പ്രീസ്റ്റ്' എന്ന ചിത്രത്തിന്റെ സംവിധായകന്‍ ജോഫിന്‍ ടി. ചാക്കോയാകും പുതിയ സിബിഐ ചിത്രം ഒരുക്കുക എന്ന തരത്തിലും അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍ ഇത്തരമൊരു പ്രോജക്റ്റിനെക്കുറിച്ച് ജോഫിനും ഇതുവരെ പ്രതികരിച്ചിട്ടില്ല. മമ്മൂട്ടിയുടെ ഐക്കോണിക് കഥാപാത്രമായ സേതുരാമയ്യര്‍ക്ക് പ്രേക്ഷകര്‍ക്കിടയിലുള്ള കള്‍ട്ട് പദവിയാണ് ഇത്തരം ചര്‍ച്ചകള്‍ക്ക് വഴിമരുന്നിടുന്നത്. 

 1988-ല്‍ 'ഒരു സിബിഐ ഡയറിക്കുറിപ്പിലൂടെ' തുടങ്ങിയ ഈ യാത്ര 2022-ല്‍ പുറത്തിറങ്ങിയ 'സിബിഐ 5: ദി ബ്രെയിന്‍' വരെ എത്തിനില്‍ക്കുന്നു. അഞ്ച് ചിത്രങ്ങളിലും മമ്മൂട്ടി തന്നെ നായകനായി എത്തിയെന്നത് ഈ സീരീസിന്റെ ആഗോള റെക്കോര്‍ഡുകളില്‍ ഒന്നാണ്. ഓരോ സിനിമയും പുതിയ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനാല്‍ ഫ്രാഞ്ചൈസി തുടരാന്‍ വലിയ സാധ്യതകളുണ്ടെങ്കിലും, ആറാം ഭാഗത്തിന്റെ കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും.

sethurama iyer coming back cbi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES