മോഹന്‍ലാല്‍ നായകനായ, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് മലൈക്കോട്ടെ വാലിബന്‍. വന്‍ പ്രതീക്ഷയിലെത്തിയ ചിത്രം ബോക്സ് ഓഫീസില്‍ പരാജയപ്പെടുകയായിരുന്നു. ഷിബു ബേബി ജോണായിരുന്നു ചിത്രത്തിന്റെ നിര്‍മാതാവ്.ചിത്രത്തിന്റെ ഷൂട്ടിനിടെ നടന്ന അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഷിബു ബേബി ജോണ്‍.
ചിത്രത്തിന്റെ ലൊക്കേഷന്‍ രാജസ്ഥാനിലായിരുന്നെന്നും ലിജോ ജോസ് പെല്ലിശ്ശേരിക്ക് ഷൂട്ടിന്റെ സമയത്ത് പല കാര്യങ്ങളിലും നിര്‍ബന്ധമുണ്ടായിരുന്നെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. ചിത്രത്തില്‍ നിരവധി കാളവണ്ടികള്‍ കാണിച്ചിട്ടുണ്ടെന്നും അതിന് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'കാളവണ്ടിയാണ് വാലിബനില്‍, പക്ഷെ സാധാരണ കാളയൊന്നും പറ്റില്ലെന്ന് ലിജോയ്ക്ക് നിര്‍ബന്ധമുണ്ട്. വലിയ കാള തന്നെ വേണം. പ്രൊഡക്ഷന്‍ ചുമതലയുള്ളവര്‍ രാജസ്ഥാനില്‍ മൊത്തം നടന്ന് കാളയുടെ ഫോട്ടോയെടുത്ത് ലിജോയ്ക്ക് അയച്ചു കൊടുക്കും. ലിജയോക്ക് അതൊന്നും പറ്റത്തില്ല. അവസാനം കാളയെ തപ്പി തപ്പി ഗുജറാത്തിലെത്തി. ഗുജറാത്തില്‍ നിന്നും 12 കാളയെ കിട്ടി. ഫോട്ടോയെടുത്ത് അയച്ചു കൊടുത്തപ്പോള്‍ ലിജോ അപ്രൂവ് ചെയ്തു. അങ്ങനെ ഗുജറാത്തില്‍ നിന്നും രാജസ്ഥാനില്‍ രണ്ട് വണ്ടി കോണ്‍വോയായി കാളയെ കൊണ്ടു വരികയാണ്. പശുവിനെ കൊല്ലരുതെന്ന് നിയമമുള്ള നാടാണ്. അവിടെ കാളയെ കൊണ്ടു വരാനും നിയമമുണ്ട്. ഹെല്‍ത്തിന്റെ സര്‍ട്ടിഫിക്കറ്റ് വേണം. വില്ലേജ് സര്‍പഞ്ചിന്റെ അനുമതി വേണം. മെഡിക്കല്‍ ചെക്കപ്പ് നടത്തണം. ഇതെല്ലാം നടത്തി 12 കാളയുമായി വണ്ടി ഇങ്ങനെ വരികയാണ്.' ഷിബു ബേബി ജോണ്‍ പറയുന്നു.
'വൈകിട്ടായപ്പോള്‍ എവിടെയോ വച്ച് നൂറ് പേരടങ്ങുന്നൊരു സംഘം വന്ന് വണ്ടിയും അടിച്ചു പൊട്ടിച്ച്, ഡ്രൈവറേയും അടിച്ച് കാളകളെ ഊരിക്കൊണ്ടു പോയി ഗോശാലയില്‍ കെട്ടിയിട്ടു. കൗ വിജിലന്‍സ് എന്ന് നമ്മള്‍ കേട്ടിട്ടല്ലേയുള്ളൂ. ഞങ്ങളത് അനുഭവിച്ചു. എഴുതാനും വായിക്കാനും അറിയുന്നവരാണെങ്കിലല്ലേ പേപ്പര്‍ കൊണ്ടു കാര്യമുള്ളൂ. പൊലീസ് സ്റ്റേഷനില്‍ പരാതി പറയാന്‍ ചെന്നപ്പോള്‍ വണ്ടി പിടിച്ചിട്ടു. ഒരു തരത്തില്‍ നമ്മുടെ സ്വാധീനം ഉപയോഗിച്ച് വണ്ടിയും കാളകളേയും അവിടെ നിന്നും ഇറക്കി കൊണ്ടു വന്നു. വേറെ വണ്ടിയിലാണ് കാളകളെ രാജസ്ഥാനിലെത്തിച്ചത്. പശുവാണെങ്കില്‍ പിന്നേയും മനസിലാക്കാം. ഇത് എല്ലാ പേപ്പറോടേയും കാളയെ കൊണ്ടു പോകുന്നതാണ്. വല്ലാത്ത കഷ്ടമാണ്.' ഷിബു ബേബി ജോണ്‍ കൂട്ടിച്ചേര്‍ത്തു. വിറ്റ് ക്രൂവിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷിബു ബേബി ജോണിന്റെ പ്രതികരണം.