ബോളിവുഡ് പ്ലേബാക്ക് ഗായിക ശ്രേയ ഘോഷല്‍ മുംബൈയിലെ പ്രീമിയം ലൊക്കേഷനായ വര്‍ളിയില്‍ ഏകദേശം 30 കോടി വിലയുള്ള അപ്പാര്‍ട്ട്മെന്റ് സ്വന്തമാക്കി. ശ്രേയയും മാതാപിതാക്കളും ചേര്‍ന്നാണ് അപ്പാര്‍ട്ട്മെന്റ് വാങ്ങിയത്. റിയല്‍ എസ്റ്റേറ്റ് നിരീക്ഷക സ്ഥാപനമായ സിആര്‍ഇ മെട്രിക്സാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. നേരത്തെ ഇതേ കെട്ടിടത്തില്‍ ശ്രേയയും കുടുംബവും 29.7 കോടി രൂപയ്ക്ക് മറ്റൊരു അപ്പാര്‍ട്ട്മെന്റ് സ്വന്തമാക്കിയിരുന്നു.
ശ്രേയയ്‌ക്കൊപ്പം മാതാപിതാക്കളായ ശര്‍മിഷ്ഠ ഘോഷലും ബിശ്വജിത് ഘോഷലും ചേര്‍ന്നാണ് ഈ സ്വത്ത് സംയുക്തമായി വാങ്ങിയിരിക്കുന്നത്. രണ്ട് ഫ്ലാറ്റുകളുടെ ആകെ കാര്‍പെറ്റ് ഏരിയ 5,528.14 ചതുരശ്ര അടിയാണ്. ആകെ ആറ് കാര്‍ പാര്‍ക്കിങ് സ്ലോട്ടുകള്‍ ഈ ഡീലില്‍ ഉള്‍പ്പെടുന്നു. 2 പ്രോപ്പര്‍ട്ടികള്‍ക്കുമായി ആകെ59,70,45,600 രൂപ ചിലവായി. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ മാത്രം 3,58,22,800 രൂപ.
മുംബൈ നഗരത്തില്‍ പ്രീമിയം ഹൈ-റൈസ് കെട്ടിടങ്ങള്‍ക്കും മികച്ച കണക്ടിവിറ്റിക്കും പ്രശസ്തമായ വര്‍ളി, ഹൈ-നെറ്റ്വര്‍ത്ത് വ്യക്തികള്‍ക്കിടയില്‍ ഏറ്റവും ആകര്‍ഷകമായ റെസിഡന്‍ഷ്യല്‍ ലൊക്കേഷനുകളില്‍ ഒന്നായി മാറിയിട്ടുണ്ട്. ബാന്ദ്ര-വര്‍ളി സി ലിങ്ക്, ആനി ബസന്റ് റോഡ്, വെസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേ എന്നിവ വഴി നഗരത്തിലെ പ്രധാന ഭാഗങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് ഈ ഭാഗത്ത് വില വര്‍ധിക്കാനുള്ള കാരണം.