തന്റെ പേര് ഉപയോഗിച്ച് ആള്‍മാറാട്ടം നടത്തിയ വ്യക്തിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് നടി ശ്രിയ ശരണ്‍. ആരോ ഒരാള്‍ വാട്‌സാപ്പിലൂടെ തന്റെ പേരില്‍ ആള്‍മാറാട്ടം നടത്തുന്നുവെന്നാണ് നടി പറയുന്നത്. ഒരാള്‍ തന്റെ പേര് ഉപയോഗിച്ച് വിവിധ ആവശ്യങ്ങള്‍ക്കായി സിനിമാ രംഗത്തെ ആളുകളുമായി ബന്ധപ്പെടുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് തട്ടിപ്പിനായി ഉപയോഗിച്ച ഫോണ്‍ നമ്പറിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ പങ്കുവച്ച് ശ്രിയ രംഗത്തെത്തിയത്.
ആള്‍മാറാട്ടം നടത്തുന്ന വ്യക്തി തന്റെ ചിത്രം ഡിസ്പ്ലേ പിക്ചറായി ഉപയോഗിച്ചു കൊണ്ട് ആളുകളെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് സ്‌ക്രീന്‍ഷോട്ട് സഹിതം താരം വ്യക്തമാക്കി. താന്‍ ഏറെ ബഹുമാനിക്കുകയും ഒപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ആളുകളെ പോലും ഈ വ്യാജന്‍ സമീപിച്ചതായി നടി വെളിപ്പെടുത്തി.
''ആരായിരുന്നാലും, ഈ വിഡ്ഢിത്തം അവസാനിപ്പിക്കണം. ആളുകള്‍ക്ക് മെസേജ് അയച്ച് അവരുടെ സമയം കളയുന്നത് നിര്‍ത്തുക. ഇത് അങ്ങേയറ്റം ബുദ്ധിമുട്ടിക്കുന്നതും വിചിത്രവുമാണ്. ഇയാള്‍ മറ്റുള്ളവരുടെ സമയം വെറുതെ പാഴാക്കിയതില്‍ എനിക്ക് ഖേദമുണ്ട്. ഇത് ഞാനല്ല, ഇത് എന്റെ നമ്പറുമല്ല.
ഒരു നല്ല കാര്യം എന്തെന്നാല്‍, ഈ വ്യക്തി ബന്ധപ്പെടുന്നത് ഞാന്‍ ആദരിക്കുകയും ഒപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ആളുകളെയാണ് എന്നതാണ്. ഇത് വളരെ വിചിത്രമായിരിക്കുന്നു!. എന്തുകൊണ്ടാണ് നിങ്ങള്‍ നിങ്ങളുടെ സമയം ഇങ്ങനെ പാഴാക്കുന്നത്? മറ്റൊരാളായി ആള്‍മാറാട്ടം നടത്താതെ സ്വന്തമായി ഒരു ജീവിതം കണ്ടെത്താന്‍ ശ്രമിക്കൂ.' ശ്രിയ ശരണ്‍ കുറിച്ചു.
അതേസമയം ശ്രിയയുടെ ഈ മുന്നറിയിപ്പ് ആരാധകരെ ആശങ്കയിലാഴ്ത്തിയിട്ടുമുണ്ട്. അതേസമയം കാര്‍ത്തിക സുബ്ബരാജ് സംവിധാനം ചെയ്ത റെട്രോ എന്ന ചിത്രത്തിലാണ് ശ്രിയ ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. മിറായ് എന്ന തെലുങ്ക് ചിത്രവും ഈ വര്‍ഷം നടിയുടേതായി പുറത്തിറങ്ങിയിരുന്നു.
കഴിഞ്ഞ ദിവസം നടി അദിതി റാവു ഹൈദരിയും തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ നമ്പറിന്റെ വിവരം പങ്കുവച്ചിരുന്നു. വാട്‌സ്ആപ്പിലൂടെ തന്റെ ചിത്രം ഉപയോ?ഗിച്ച് ഒരാള്‍ ആളുകള്‍ക്ക് മെസേജ് അയക്കുന്നു എന്നായിരുന്നു അദിതി വെളിപ്പെടുത്തിയത്.