ബോളിവുഡില്‍ അവസരങ്ങള്‍ കുറഞ്ഞുവെന്ന പ്രശസ്ത സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് വിവാദപരമായ പ്രതികരണവുമായി മുതിര്‍ന്ന ഗായകനും സംഗീത സംവിധായകനും നടനുമായ അനൂപ് ജലോട്ട. റഹ്മാന്‍ ഹിന്ദുമതത്തിലേക്ക് തിരികെ എത്തുകയാണെങ്കില്‍ അവസരങ്ങള്‍ ലഭിക്കുമോ എന്ന് നോക്കാമെന്ന് ജലോട്ട അഭിപ്രായപ്പെട്ടു.
റഹ്മാന്‍ മുന്‍പ് ഹിന്ദുവായിരുന്നെന്നും പിന്നീട് ഇസ്ലാം മതത്തിലേക്ക് മാറിയെന്നും ജലോട്ട ചൂണ്ടിക്കാട്ടി. മതപരിവര്‍ത്തനത്തിന് ശേഷവും അദ്ദേഹം വലിയ വിജയങ്ങള്‍ നേടുകയും ജനഹൃദയങ്ങളില്‍ ഇടം നേടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, മുസ്‌ലിം ആയതുകൊണ്ടാണ് അവസരം ലഭിക്കാത്തതെന്ന് റഹ്മാന്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍, അദ്ദേഹം ഹിന്ദു മതത്തിലേക്ക് മടങ്ങിവന്ന് സിനിമകള്‍ ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നാണ് തന്റെ നിര്‍ദേശമെന്ന് അനൂപ് ജലോട്ട ഒരു വീഡിയോയിലൂടെ പ്രതികരിച്ചു.
'എന്റെ നിര്‍ദേശം ഇതാണ്- അദ്ദേഹം വീണ്ടും ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുക. സിനിമകള്‍ വീണ്ടും കിട്ടുന്നുണ്ടോ ഇല്ലയോ എന്ന് നോക്കുക,' ജലോട്ട പറഞ്ഞു. റഹ്മാന്റെ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്നും ജലോട്ട വാദിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 25 വര്‍ഷത്തെ ജോലി റഹ്മാന്‍ ചെയ്തിട്ടുണ്ടെന്നും ഇതില്‍ കൂടുതല്‍ എന്താണ് അദ്ദേഹത്തിന് വേണ്ടതെന്നും ജലോട്ട ഐഎഎന്‍എസിനോട് പറഞ്ഞു. റഹ്മാന്‍ ഒരുപാട് മികച്ച പ്രോജക്റ്റുകള്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ എട്ട് വര്‍ഷങ്ങളായി ബോളിവുഡില്‍ തനിക്ക് അവസരങ്ങള്‍ കുറഞ്ഞുവെന്നും അതിന് വര്‍ഗീയപരമായ കാരണങ്ങളും ഉണ്ടാവാമെന്നും എ.ആര്‍. റഹ്മാന്‍ ബിബിസി ഏഷ്യന്‍ നെറ്റ്‌വര്‍ക്കിന് നല്‍കിയ അഭിമുഖത്തിലാണ് അഭിപ്രായപ്പെട്ടത്. തന്റെ കരിയറിന്റെ തുടക്കത്തില്‍, 1990-കളില്‍ ബോളിവുഡില്‍ മുന്‍വിധികളെ നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് റഹ്മാന്‍ ഈ പരാമര്‍ശം നടത്തിയത്.
റഹ്മാന്റെ പ്രസ്താവനയെത്തുടര്‍ന്ന് സിനിമാലോകത്തുനിന്ന് അദ്ദേഹത്തിനെതിരെ വിമര്‍ശനങ്ങളും പിന്തുണയും ഉയര്‍ന്നിരുന്നു. ഈ വിഷയത്തില്‍ അനൂപ് ജലോട്ടയുടെ വിവാദപരമായ പ്രതികരണം ചര്‍ച്ചകള്‍ക്ക് പുതിയ മാനം നല്‍കിയിരിക്കുകയാണ്.