സംഗീത ലോകത്തെയും ചലച്ചിത്രരംഗത്തെയും ഞെട്ടിച്ച് ഗായകനും നടനുമായ ഋഷഭ് ടണ്ഠന്‍ (35) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി ഡല്‍ഹിയില്‍ വച്ച് അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു എന്ന് കുടുംബ വൃത്തങ്ങള്‍ അറിയിച്ചു.
മുംബൈയില്‍ ജനിച്ച ഋഷഭ്, കഴിഞ്ഞ ഓഗസ്റ്റില്‍ പിതാവിന്റെ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹിയിലേക്ക് താമസം മാറ്റിയിരുന്നു. ഒക്ടോബര്‍ 10-ന് അദ്ദേഹം 35-ാം പിറന്നാള്‍ ആഘോഷിച്ചിരുന്നു. സംഗീതത്തിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ അദ്ദേഹത്തിന്റെ 'യേ ആഷിഖി', 'ഇഷ്‌ക് ഫകീറാന' തുടങ്ങിയ ഗാനങ്ങള്‍ വലിയ ജനപ്രീതി നേടിയിരുന്നു.
'ഫകീര്‍' എന്ന പേരിലാണ് ഋഷഭ് ആരാധക ലോകത്ത് കൂടുതല്‍ അറിയപ്പെട്ടിരുന്നത്. റഷ്യന്‍ പൗരയായ ഒലേസ്യ നെഡോബെഗോവയാണ് ഭാര്യ. ഒരിക്കല്‍ നടി സാറാ ഖാനുമായി പ്രണയബന്ധമുണ്ടെന്ന വാര്‍ത്തകള്‍ പരന്നിരുന്നുവെങ്കിലും ഇരുവരും പിന്നീട് അത് നിഷേധിച്ചിരുന്നു. കലാരംഗത്തെ പ്രതിഭാശാലിയായ യുവതാരത്തിന്റെ അകാലനിര്യാണം സംഗീതലോകത്ത് വലിയ നഷ്ടമായാണ് കാണപ്പെടുന്നത്.