തമിഴകത്തിന്റെ സൂപ്പര്‍താരം വിജയ് തനിക്ക് ജ്യേഷ്ഠനെപ്പോലെയാണെന്നും, തന്നെ 'കുട്ടി ദളപതി' എന്ന് വിളിക്കരുതെന്നും നടന്‍ ശിവകാര്‍ത്തികേയന്‍. 'മദ്രാസി' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ചടങ്ങില്‍ സംസാരിക്കവെ, വിജയ് ആരാധകരുടെ സംഘടന കെട്ടുറപ്പോടെ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചും ശിവകാര്‍ത്തികേയന്‍ സൂചിപ്പിച്ചു.
'ജനനായകന്‍' എന്ന ചിത്രത്തിന് ശേഷം വിജയ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചപ്പോള്‍, ആരാധകര്‍ അദ്ദേഹത്തോടൊപ്പം അണിചേര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തകരായി മാറിയെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അതുപോലെ, നടന്‍ അജിത് കുമാര്‍ ഒരു കാര്‍ റേസിംഗില്‍ പങ്കെടുക്കുമ്പോള്‍ പോലും വലിയ ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വന്തം ആരാധക കൂട്ടായ്മ പിരിച്ചുവിട്ടിട്ടും ഈ പ്രതിച്ഛായ നിലനില്‍ക്കുന്നു. ബഹുമുഖ പ്രതിഭയായ കമല്‍ ഹാസന് വിജയങ്ങളിലും പരാജയങ്ങളിലും അദ്ദേഹത്തോടൊപ്പം നില്‍ക്കുന്ന ആരാധകരുണ്ട്. സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് 50 വര്‍ഷമായി തന്റെ താരപദവി നിലനിര്‍ത്തുന്നത് ശക്തമായ ആരാധക പിന്തുണ ഉള്ളതുകൊണ്ടാണെന്നും ശിവകാര്‍ത്തികേയന്‍ കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ പുറത്തിറങ്ങിയ 'ഗോട്ട്' എന്ന ചിത്രത്തില്‍ വിജയ് ശിവകാര്‍ത്തികേയന് ഒരു തോക്ക് കൈമാറുന്ന രംഗം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇത് വിജയ് തന്റെ പിന്‍ഗാമിയായി ശിവകാര്‍ത്തികേയനെ അംഗീകരിക്കുന്നതിന്റെ സൂചനയായി പലരും വ്യാഖ്യാനിച്ചു. ഈ വിഷയത്തില്‍ പ്രതികരിച്ച ശിവകാര്‍ത്തികേയന്‍, തന്നെ 'അടുത്ത ദളപതി', 'കുട്ടി ദളപതി', 'ധിടീര്‍ ദളപതി' എന്നിങ്ങനെ ചിത്രീകരിക്കുന്നതിനെക്കുറിച്ച് ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നും, എന്നാല്‍ അത്തരം ഒരു പ്രതിച്ഛായ ഉണ്ടാക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും വ്യക്തമാക്കി.