ഇതിഹാസ നടി ഷര്‍മ്മിള ടാഗോര്‍, പ്രശസ്ത ക്രിക്കറ്റ് താരം മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയെ വിവാഹം കഴിക്കുന്നതിന് മുമ്പ് ഇസ്ലാം മതം സ്വീകരിച്ചിരുന്നുവെന്നും അന്ന് 'ആയിഷ' എന്ന പേര് സ്വീകരിച്ചിരുന്നുവെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് മകള്‍ കൂടിയായ നടി സോഹ അലി ഖാന്‍. ഹൗട്ടര്‍ഫ്‌ലൈക്ക് നല്‍കിയ അഭിമുഖത്തിലാണ് സോഹ ഈ വിവരങ്ങള്‍ പങ്കുവെച്ചത്.
തന്റെ മാതാപിതാക്കളായ ഷര്‍മ്മിള ടാഗോറിനും ടൈഗര്‍ പട്ടൗഡിക്കും അവരുടെ വിവാഹത്തില്‍ യാതൊരു തടസ്സങ്ങളുമുണ്ടായിരുന്നില്ലെന്നും സോഹ പറഞ്ഞു. വിവാഹത്തിന് മുന്നോടിയായി ഷര്‍മ്മിള ടാഗോര്‍ മതം മാറിയെന്നും പേര് 'ആയിഷ' എന്നായെന്നും സോഹ വ്യക്തമാക്കി. എന്നാല്‍, ഔദ്യോഗികമായി താരം അറിയപ്പെട്ടിരുന്നത് ഷര്‍മ്മിള ടാഗോര്‍ എന്ന പേരില്‍ തന്നെയായിരുന്നു. ഇത് ചില സമയങ്ങളില്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ചിരുന്നു. മുമ്പ് സിമി ഗരേവാളിന്റെ പരിപാടിയില്‍, മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി 'ആയിഷ' എന്ന പേര് നിര്‍ദ്ദേശിച്ചതായി ഷര്‍മ്മിള ടാഗോര്‍ തന്നെ പരാമര്‍ശിച്ചിരുന്നു.
താന്‍ വലിയ മതവിശ്വാസിയല്ലായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ഹിന്ദുമതത്തെക്കുറിച്ചും ഇസ്ലാം മതത്തെക്കുറിച്ചും കൂടുതല്‍ ധാരണയുണ്ടെന്നും ഷര്‍മ്മിള ടാഗോര്‍ അന്ന് പറഞ്ഞിരുന്നു. തന്റെ വിവാഹത്തോടുള്ള സമൂഹം അസഹിഷ്ണുത കാണിച്ചിരുന്നതായി ഷര്‍മ്മിള ടാഗോര്‍ മുന്‍പ് ബര്‍ഖ ദത്തിനോട് വെളിപ്പെടുത്തിയിരുന്നു. വിവാഹസമയത്ത് തന്റെ മാതാപിതാക്കള്‍ക്ക് വധഭീഷണികള്‍ ലഭിച്ചിരുന്നതായും ടൈഗറിന്റെ കുടുംബത്തിനും ആശങ്കകളുണ്ടായിരുന്നതായും അവര്‍ പറഞ്ഞിരുന്നു.