വിദേശത്ത് പരമ്പരാഗത ക്രിസ്ത്യന്‍ രീതിയിലുള്ള ചര്‍ച്ച് വെഡ്ഡിംഗ്; ഇരുപത് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം സൂര്യയും ജ്യോതികയും മക്കളെ സാക്ഷിയാക്കി വീണ്ടും വിവാഹിതരായി; വിവാഹചിത്രങ്ങള്‍ പങ്ക് വച്ച് താരങ്ങളുടെ കുറിപ്പും

Malayalilife
വിദേശത്ത് പരമ്പരാഗത ക്രിസ്ത്യന്‍ രീതിയിലുള്ള ചര്‍ച്ച് വെഡ്ഡിംഗ്; ഇരുപത് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം സൂര്യയും ജ്യോതികയും മക്കളെ സാക്ഷിയാക്കി വീണ്ടും വിവാഹിതരായി; വിവാഹചിത്രങ്ങള്‍ പങ്ക് വച്ച് താരങ്ങളുടെ കുറിപ്പും

തെന്നിന്ത്യന്‍ സിനിമാലോകത്തെ എക്കാലത്തെയും പ്രിയപ്പെട്ട താരദമ്പതികളായ സൂര്യയും ജ്യോതികയും തങ്ങളുടെ ഇരുതാം വിവാഹ വാര്‍ഷികദിനത്തില്‍ വീണ്ടും വിവാഹിതരായി.വിദേശത്ത് വച്ച് പരമ്പരാഗത ക്രിസ്ത്യന്‍ രീതിയിലുള്ള ചര്‍ച്ച് വെഡ്ഡിംഗിലൂടെയാണ് ഇരുവരും വീണ്ടും വിവാഹപ്രതിജ്ഞ ചൊല്ലിയത്. വെള്ള വസ്ത്രങ്ങളില്‍ അതിമനോഹരമായാണ് ചടങ്ങില്‍ ദമ്പതികള്‍ പങ്കെടുത്തത്. ജ്യോതിക ഗൗണും സൂര്യ വെള്ള ടക്‌സീഡോയുമാണ് ധരിച്ചിരുന്നത്.

ചടങ്ങിന്റെ മനോഹരമായ വീഡിയോ ഇന്‍സ്റ്റാഗ്രാമിലൂടെ ജ്യോതിക ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. മക്കളുടെ കൈപിടിച്ചാണ് സൂര്യയും ജ്യോതികയും വിവാഹവേദിയിലേക്ക് എത്തിയത്. വെളുത്ത ഗൗണില്‍ വധുവായി എത്തിയ ജ്യോതികയെ കണ്ട നിമിഷം സൂര്യയുടെ കണ്ണുകളില്‍ ആനന്ദക്കണ്ണീര്‍ നിറഞ്ഞു. നടന്റെ സഹോദരന്‍ കാര്‍ത്തിയും കുടുംബത്തോടൊപ്പം ഈ സുപ്രധാന ചടങ്ങില്‍ സന്നിഹിതനായിരുന്നു.

ദ് സീക്വല്‍ - 20 വര്‍ഷത്തെ സ്‌നേഹവും പോരാട്ടവും' എന്നാണ് വീഡിയോയ്ക്ക് ജ്യോതിക നല്‍കിയ മനോഹരമായ അടിക്കുറിപ്പ്. അപൂര്‍ണതകളുടെയും വിട്ടുവീഴ്ചകളുടെയും പരസ്പരം മനസ്സിലാക്കലുകളുടെയും ആഘോഷമായാണ് ഇരുവരും ഈ വാഗ്ദാന പുതുക്കലിനെ കാണുന്നത്. ഒരു കാലത്ത് യാഥാര്‍ത്ഥ്യത്തില്‍ നിന്ന് അകലെയാണെന്ന് കരുതിയ സ്വപ്നം ഇന്ന് തന്റെ ജീവിതകാലം മുഴുവന്‍ ആഗ്രഹിക്കുന്ന യാഥാര്‍ത്ഥ്യമായി മാറിയെന്ന് താരം വ്യക്തമാക്കി.

സൂര്യയോടുള്ള സ്‌നേഹവും വാഗ്ദാനങ്ങളും തുറന്നുപറഞ്ഞുകൊണ്ടുള്ള ജ്യോതികയുടെ കുറിപ്പ് ഇതിനോടകം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ജീവിതകാലം മുഴുവന്‍ മികച്ച പങ്കാളിയായിരിക്കുമെന്നും പരസ്പരം സൗഹൃദം എക്കാലവും ചേര്‍ത്തുപിടിക്കുമെന്നും താരം കുറിച്ചു. 

കുറിപ്പ് ഇങ്ങനെ; 

പൂര്‍ണതയില്ലായ്മകളുടെയും വിട്ടുവീഴ്ചകളുടെയും പരസ്പര മനസിലാക്കലിന്റെയും ത്യാഗങ്ങളുടെയും സ്വാര്‍ത്ഥതയില്ലാതെ പരസ്പരം സ്‌നേഹിച്ചതിന്റെയും ആഘോഷമാണിത്. ഇത് ഞങ്ങളുടെ ആഘോഷമാണ്. ഞങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ മാറിയതിന്റെയും പരസ്പരം ചേര്‍ന്ന് വളര്‍ന്ന മനുഷ്യരുടേയും ആഘോഷം. എത്ര വിചിത്രമാണ്... ഒരിക്കല്‍ യാഥാര്‍ഥ്യത്തില്‍ നിന്ന് ഏറെ അകലെയാണെന്ന് തോന്നിയ ഒരു സ്വപ്നം.

ഇന്ന് എന്റെ ജീവിതകാലം മുഴുവന്‍ സ്വപ്നം കണ്ടുകൊണ്ടിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്ന ഒരു യാഥാര്‍ഥ്യമായി മാറിയിരിക്കുന്നു. അതുകൊണ്ട് ഇതാ എന്റെ വാഗ്ദാനങ്ങള്‍... ഞാന്‍ സന്തോഷവതിയായിരിക്കാന്‍ വാഗ്ദാനം ചെയ്യുന്നു. കാരണം ജീവിതത്തിന്റെ നല്ല വശം മാത്രം കാണാനാണ് ഞാന്‍ തിരഞ്ഞെടുക്കുന്നത്.

ഞാന്‍ ജീവിതത്തെ ആഘോഷിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. കാരണം നമ്മള്‍ സ്‌നേഹിക്കുന്ന ഒരാള്‍ നമ്മളെക്കാള്‍ പോലും നമ്മളെ ബഹുമാനിക്കുമ്പോള്‍ ജീവിതം തന്നെ ഒരു സമ്മാനമാണ്. ഞാന്‍ ഒരിക്കലും പരാതിപ്പെടില്ലെന്ന് വാഗ്ദാനം ചെയ്യുന്നു. എന്തിന് ഞാന്‍ പരാതിപ്പെടണം?. ആകാശം പോലെ വിശാലമായ ഒന്നിനുപോലും ഭൂമിയെ തൊടാനുള്ള ഭാഗ്യം ലഭിച്ചിട്ടില്ലല്ലോ.

ചുറ്റും നോക്കൂ... ഈ ലോകത്തിലെ എല്ലാത്തിനും എന്തെങ്കിലുമൊക്കെ അപൂര്‍ണതകളുണ്ട്. ആ വിടവുകള്‍ എങ്ങനെ നികത്തണമെന്ന് തീരുമാനിക്കുന്നത് നമ്മളാണ്. ഞാന്‍ നന്ദിയുള്ളവളായിരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. എല്ലാ പ്രഭാതങ്ങളിലും എന്നെ സംരക്ഷിക്കുന്ന ഒരു പുരുഷന്റെ കരങ്ങളില്‍ ഉണരാന്‍ കഴിയുന്നതിനും എന്റെ ജീവിതത്തിന് അര്‍ത്ഥം നല്‍കിയ ജീവിക്കാനുള്ള ഒരു കാരണമായി മാറിയ എന്റെ മനോഹരമായ മക്കള്‍ക്കും.

ഞാന്‍ ആരോഗ്യത്തോടെ ജീവിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. കാരണം ജീവിതത്തില്‍ നമ്മള്‍ യഥാര്‍ഥത്തില്‍ സമ്പാദിക്കുന്ന ഒരേയൊരു സമ്പത്ത് ആരോഗ്യമാണല്ലോ. എത്ര മനോഹരമായ ഇഷ്ടിക വീടുകളായാലും അവയ്ക്കും ചോര്‍ച്ചകളും ചിതലുകളും അറ്റകുറ്റപ്പണികളും എപ്പോഴും ആവശ്യമായി വരും. ഞാന്‍ ഏറ്റവും നല്ല അമ്മയായിരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു.

ഞാന്‍ പാചകം ചെയ്യുന്നതുകൊണ്ടോ വീട് വൃത്തിയാക്കുന്നതുകൊണ്ടോ കുട്ടികളെ സഹായിക്കുന്നതുകൊണ്ടോ മാത്രമല്ല. എന്റെ മുഖത്തെ ഒരു പുഞ്ചിരി കണ്ട് ഒരിക്കല്‍ അവരുടെ അപ്പയും അമ്മയും ജീവിച്ച ആ പ്രണയകഥ വീണ്ടും വീണ്ടും അനുഭവിച്ചറിയാന്‍ എന്റെ മക്കള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു പുഞ്ചിരിയാകണം അത്. എന്റെ സൂര്യാ... ഞാന്‍ വാഗ്ദാനം ചെയ്യുന്നു. എപ്പോഴും ആ അപൂര്‍ണയായ ഭാര്യയായി തന്നെ തുടരുമെന്ന്.

നിന്നോട് പിണങ്ങുകയും വഴക്കിടുകയും പിന്നെ ഇണങ്ങുകയും ചെയ്യുന്ന... ഓരോ തവണയും അതിലൂടെ നിന്നോട് കുറച്ചുകൂടി അടുത്തുകൊണ്ടേയിരിക്കുന്ന ആ ഭാര്യയായി. എല്ലാറ്റിനുമുപരി നമ്മുടെ സൗഹൃദത്തെ ഞാന്‍ എന്നും ചേര്‍ത്തുപിടിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. കാരണം ഒരേ ഒരാളില്‍ തന്നെ നമുക്ക് തുല്യനായ ഒരാളെയും മനസ് തുറന്ന് സംസാരിക്കാവുന്ന വിശ്വസ്തനെയും നമ്മുടെ എല്ലാ വിശേഷങ്ങളും പങ്കിടുന്ന ഗോസിപ്പ് പങ്കാളിയെയും ഏറ്റവും അടുത്ത സുഹൃത്തിനെയും കണ്ടെത്തുക എന്നത് അത്ര സാധാരണമായ കാര്യമല്ല.

അതും ആ ഒരാള്‍ നിങ്ങളുടെ ഭര്‍ത്താവും നിങ്ങളുടെ മക്കളുടെ അച്ഛനും കൂടിയാകുമ്പോള്‍ അതിലും വലിയൊരു ഭാഗ്യം വേറെയില്ല. അങ്ങനെ ഞങ്ങളുടെ അടുത്ത ഇരുപത് വര്‍ഷങ്ങള്‍ക്കായി... അപൂര്‍ണതകളുള്ള ഞങ്ങള്‍... പക്ഷെ പരസ്പരം പൂര്‍ണമായി മനസിലാക്കുന്ന ഞങ്ങള്‍... എന്നായിരുന്നു ജ്യോതികയുടെ കുറിപ്പ്. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി എത്തിയത്.

മാധവന്‍, വിക്രം പ്രഭു, റാഷി ഖന്ന, രജീഷ വിജയന്‍ തുടങ്ങി നിരവധി സിനിമാപ്രേമികളും താരങ്ങളും ദമ്പതികള്‍ക്ക് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jyotika (@jyotika)

suriya and jyothika renew wedding

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES