സിനിമാ മേഖലയിലെ പ്രമുഖ നിര്‍മാതാവും സംവിധായകനുമായ കരണ്‍ ജോഹറിനെ അഭിനന്ദിച്ച് നടി തമന്ന ഭാട്ടിയ. ന്യൂസ് 18-ന് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ച തമന്ന, കരണ്‍ ജോഹര്‍ സിനിമാ മേഖലയിലെവരെയും പുറത്തുനിന്നവരെയും ഒരുപോലെ പിന്തുണയ്ക്കുന്ന വ്യക്തിയാണെന്ന് വ്യക്തമാക്കി.
''കരണ്‍ ജോഹര്‍ സിനിമാ ലോകത്ത് നിന്നല്ലാത്തവരെ പോലും ചാമ്പ്യന്മാരാക്കുന്ന വ്യക്തിയാണ്. സ്ത്രീ കഥാപാത്രങ്ങളുടെ ശക്തമായ അവതരണത്തിന്റെ പ്രാധാന്യം അദ്ദേഹം മനസിലാക്കുന്നുണ്ട്. സിനിമാ വ്യവസായത്തിലെ തന്റെ ഉത്തരവാദിത്വം അദ്ദേഹം മനസ്സിലാക്കുകയും അതു അഭിമാനത്തോടെ നിറവേറ്റുകയും ചെയ്യുന്നു,'' തമന്ന പറഞ്ഞു.
അതേസമയം, താരസന്തതികള്‍ക്ക് അവസരം നല്‍കുന്നതിലൂടെ നെപ്പോട്ടിസം പ്രോത്സാഹിപ്പിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ വര്‍ഷങ്ങളായി കരണ്‍ നേരിടുന്നുണ്ട്. 'കോഫി വിത്ത് കരണ്‍' അഞ്ചാം സീസണില്‍ നടി കങ്കണ റണൗട്ട് അദ്ദേഹത്തെ ''നെപ്പോട്ടിസത്തിന്റെ പതാക വാഹകന്‍'' എന്നാണ് വിശേഷിപ്പിച്ചത്.
തമന്ന നായികയായെത്തുന്ന പുതിയ കോമഡി വെബ്സീരീസ് 'ഡൂ യൂ വാണ പാര്‍ട്ട്‌നര്‍' നിര്‍മിച്ചത് കരണ്‍ ജോഹറാണ്. ഡയാന പെന്റി, ജാവേദ് ജാഫെരി, നകുല്‍ മേത്ത, ശ്വേത തിവാരി എന്നിവര്‍ ഉള്‍പ്പെടെയുള്ള നിരവധി താരങ്ങള്‍ സീരീസില്‍ അഭിനയിക്കുന്നു. സെപ്റ്റംബര്‍ 12 മുതല്‍ ആമസോണ്‍ പ്രൈമില്‍ സ്ട്രീമിങ് ആരംഭിച്ചു.