ടെലിവിഷന്‍ പരമ്പരകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടന്‍ ടോഷ് ക്രിസ്റ്റി, തന്റെ ആദ്യ സംഘട്ടനരംഗ അനുഭവം ഓര്‍മ്മപ്പെടുത്തി പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. നിറം എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയാണ് അദ്ദേഹം സിനിമയിലെത്തിയത്. തുടര്‍ന്ന് തസ്‌കരവീരന്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടിക്കൊപ്പമുളള സംഘട്ടനരംഗത്തില്‍ ആദ്യമായി അഭിനയിക്കാനായത്. ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലാണ് ടോഷ് തന്റെ ഓര്‍മ്മകള്‍ തുറന്ന് പറഞ്ഞത്. ''ഡ്യൂപ്പില്ലാതെ തന്നെ മമ്മൂട്ടി ആ രംഗം ചെയ്തു. ഉള്ളില്‍ അല്പം ഭയത്തോടെയായിരുന്നു ആക്ഷന്‍ രംഗത്തിനായി ഞാന്‍ തയ്യാറായത്,'' എന്നാണ് ടോഷ് കുറിച്ചത്. ടെലിവിഷനില്‍ തുടക്കം കുറിച്ച ടോഷ് ക്രിസ്റ്റി, പിന്നീട് നിരവധി സിനിമകളിലും അഭിനയിച്ചു. അഭിനയജീവിതത്തിലെ ഓരോ ഘട്ടവും തനിക്ക് പുതിയൊരു പഠനമായിരുന്നുവെന്ന് താരം വ്യക്തമാക്കി.
പോസ്റ്റിന്റെ പൂര്‍ണരൂപം:
'1999' നിറം എന്ന സിനിമയിലാണ് ആദ്യമായി സിനിമ ക്യാമറയ്ക്ക് മുന്‍പില്‍ നിന്ന് തുടങ്ങിയതെങ്കിലും ആദ്യമായി സ്റ്റണ്ട് ഞാന്‍ സിനിമയില്‍ ചെയ്തത് '2005'ല്‍ പുറത്തിറങ്ങിയ 'തസ്‌കരവീരന്‍' ചിത്രത്തില്‍ ആയിരുന്നു സ്റ്റണ്ട് ചെയ്യണമെന്ന് ആഗ്രഹവുമായി ചെന്നു പെട്ടത് സാക്ഷാല്‍ മെഗാസ്റ്റാറിന്റെ മുമ്പില്‍ അന്ന് അതിനെ അവസരം ഒരുക്കിയത് പ്രിയപ്പെട്ട മാഫിയ ശശി മാസ്റ്ററായിരുന്നു. അങ്ങനെ ആദ്യത്തെ സ്റ്റണ്ട് സീനില്‍ മുഖാമുഖം പ്രിയപ്പെട്ട മമ്മൂക്കയുടെ മുമ്പില്‍. മാസ്റ്റര്‍ക്ക് എന്റെ മേലുള്ള കോണ്‍ഫിഡന്‍സ് ആയിരിക്കാം മമ്മൂക്കയുമായി നല്ല ഒരു പോര്‍ഷന്‍ തന്നെ കമ്പോസ് ചെയ്തു.
അതിന്റെ അവസാനം ചാടിക്കറങ്ങി മമ്മൂക്കയുടെ തലയ്ക്കു മുകളിലൂടെ എന്റെ കാല്‍ വീശി എടുക്കണമായിരുന്നു. അത് സാധാരണഗതിയില്‍ എനിക്ക് ചെയ്യാന്‍ സാധിക്കുന്ന കാര്യമായിരുന്നു. എങ്കിലും മമ്മൂക്കയുടെ മുമ്പില്‍ എത്തിയപ്പോള്‍ എവിടെയോ കയ്യിലും, കാലിനും ഒക്കെ ഒരു കുഴച്ചില്‍. അറിയാതെ എങ്ങാനും തലയിലോ മറ്റോ കൊണ്ടാലോ എന്ന് തോന്നല്‍ തന്നെയായിരുന്നു കാര്യം. ബാക്കിയെല്ലാ ഷോട്ടുകളും മമ്മൂക്ക തന്നെ ചെയ്യുകയും, ഈ തലയ്ക്കു മുകളിലൂടെ കാലെടുക്കുന്നതിന് ഡ്യൂപ്പിനെ വയ്ക്കുകയും ചെയ്തു. ഡ്യൂപ്പുമായി ഞാന്‍ പ്രാക്ടീസ് ചെയ്യുന്നത് കണ്ടുകൊണ്ടായിരിക്കണം ടേക്ക് സമയത്ത് മമ്മൂക്ക തന്നെ ഡ്യൂപ്പിനെ മാറ്റി എന്റെ മുമ്പില്‍ നിന്നു. അത് എനിക്ക് കിട്ടിയ വലിയൊരു അംഗീകാരം ആയിരുന്നു.
രണ്ടും കല്‍പ്പിച്ച് ഇടി തുടങ്ങി. ഞാന്‍ ചാടി കറങ്ങി അടിച്ചു. മമ്മൂക്കയുടെ തലയ്ക്ക് മുകളിലൂടെ എന്റെ കാല്‍ വായുവില്‍ പാഞ്ഞു. ഈ രംഗത്തെക്കുറിച്ച് നല്ല ഓര്‍മ്മകള്‍ ഇനിയും പറയാനുണ്ടെങ്കിലും ഇടിച്ചതിന്റെ ഫലമാണ് ഞാനിപ്പോള്‍ എയറില്‍ നില്‍ക്കുന്ന ഈ ഫോട്ടോ..