വിജയ്-സംഗീത ദമ്പതികള്‍ വിവാഹമോചനത്തിലേക്ക് നീങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ, ഇന്‍സ്റ്റഗ്രാമില്‍ വിജയ്യെ അണ്‍ഫോളോ ചെയ്ത് നടി തൃഷ. നേരത്തെ വിജയ്യുടെ മകന്‍ ജെയ്സണ്‍ സഞ്ജയും പിതാവിനെ സോഷ്യല്‍ മീഡിയയില്‍ അണ്‍ഫോളോ ചെയ്തിരുന്നു. വിവാഹേതരബന്ധം ആരോപിച്ച് വിജയ്യുടെ ഭാര്യ സംഗീത ചെങ്കല്‍പട്ട് ജില്ലാ കോടതിയില്‍ വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചതായാണ് വിവരം.
ഇതിന് പിന്നാലെയാണ് മകന്‍ അമ്മയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് പിതാവിനെ അണ്‍ഫോളോ ചെയ്തത്. ഇപ്പോള്‍ തൃഷ കൂടി വിജയ്യെ അണ്‍ഫോളോ ചെയ്തതോടെ തമിഴ് സിനിമാ ലോകത്ത് ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. അതേസമയം, വിജയ്യുടെ കുടുംബതകര്‍ച്ചയ്ക്ക് കാരണം തൃഷയാണെന്ന് ആരോപിച്ച് താരത്തിന് നേരെ കടുത്ത സൈബറാക്രമണമാണ് നടക്കുന്നത്.
വിജയ്യും തൃഷയും ഒന്നിച്ചഭിനയിച്ച 'ലിയോ' എന്ന ചിത്രത്തിലെ പാട്ടുകളെയും ഡയലോഗുകളെയും പരാമര്‍ശിച്ച് പരിഹാസരൂപേണയുള്ള കമന്റുകളാണ് എക്‌സിലും ഇന്‍സ്റ്റഗ്രാമിലും നിറയുന്നത്. ചെങ്കല്‍പട്ട് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ തങ്ങളുടെ ദാമ്പത്യത്തിന്റെ ആദ്യകാലങ്ങളെക്കുറിച്ച് സംഗീത വാചാലയാകുന്നുണ്ട്. തുടക്കത്തില്‍ തികച്ചും മനോഹരമായ കുടുംബജീവിതമായിരുന്നു തങ്ങളുടേതെന്നും ഭര്‍ത്താവിന്റെയും മക്കളുടെയും ക്ഷേമത്തിനായിരുന്നു താന്‍ മുന്‍ഗണന നല്‍കിയതെന്നും അവര്‍ പറയുന്നു.
സിനിമയിലെ തിരക്കുകള്‍ക്കിടയിലും വിദേശയാത്രകള്‍ക്കും മറ്റും വിജയ് സമയം കണ്ടെത്തിയിരുന്നു. എന്നാല്‍ പിന്നീട് സാഹചര്യങ്ങള്‍ മാറിയതായാണ് ഹര്‍ജി നല്‍കുന്ന സൂചനകള്‍. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് മുന്നോട്ട് പോകുന്ന വിജയ്ക്ക് വ്യക്തിജീവിതത്തിലുണ്ടായ ഈ തിരിച്ചടി രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചര്‍ച്ചയായിട്ടുണ്ട്.