മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം ഛോട്ടോ മുംബൈ ജൂണ്‍ 06ന് റീ റിലീസ് ചെയ്യും. അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ വാസ്‌കോഡാ ഗാമയായി മോഹന്‍ലാല്‍ നിറഞ്ഞാടിയിരുന്നു. 2007ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ആക്ഷന്‍ കോമഡി ഗണത്തില്‍ പെടുന്ന ഒന്നാണ്. മോഹന്‍ലാലിന്റെ ജന്മദിനമായ മേയ് 21ന് റീ- റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക കാരണത്താല്‍ നടന്നില്ല.
ദേവദൂതനുശേഷം ഹൈ സ്റ്റുഡിയോസ് ആണ് സിനിമ ഫോര്‍ കെ ഡോള്‍ബി അറ്റ്‌മോസില്‍ റീമാസ്റ്ററിംഗ് ചെയ്യുന്നത്. മലയാളത്തിലെ ആദ്യ ഹൈ ഡെഫിനിഷന്‍ റസല്യൂഷന്‍ (HDR) ഫോര്‍മാറ്റിലുള്ള ചിത്രമാണിത്. ഭാവന, കലാഭവന്‍ മണി, വിനായകന്‍, ജഗതി, രാജന്‍ പി ദേവ്, സിദ്ദിഖ്, ബിജുക്കുട്ടന്‍, മണിക്കുട്ടന്‍, സായ്കുമാര്‍ തുടങ്ങിയവരും ഛോട്ടാ മുംബൈയില്‍ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചു. ബെന്നി പി. നായരമ്പലം ആണ് രചന. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍പിള്ള രാജു, അജയചന്ദ്രന്‍ നായര്‍, രഘുചന്ദ്രന്‍ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. വയലാര്‍ ശരത് ചന്ദ്ര വര്‍മയുടെ വരികള്‍ക്ക് രാഹുല്‍ രാജ് സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിലെ പാട്ടുകളും ഏറെ ഹിറ്റായിരുന്നു.
തുടര്‍ന്ന് മോഹന്‍ലാല്‍ നായകനായ ഉദയനാണ് താരം, ജൂണ്‍ 20ന് റീ റിലീസ് ചെയ്യും. മലയാള സിനിമാലോകത്തെ ഹാസ്യാത്മകവും അതേസമയം ചിന്തിപ്പിക്കുന്നതുമായി അവതരിപ്പിച്ച് വന്‍ വിജയം നേടിയ ചിത്രമായിരുന്നു റോഷന്‍ ആന്‍ഡ്രൂസ്- മോഹന്‍ലാല്‍ - ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ എത്തിയ ഉദയനാണ് താരം. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ചിത്രം 20 വര്‍ഷത്തിനുശേഷം 4k ദൃശ്യ മികവോടെയാണ് തിയേറ്ററില്‍ എത്തുന്നത്.
ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടിയ ചിത്രം ഉദയഭാനുവിന്റെയും സരോജ് കുമാര്‍ എന്ന രാജപ്പന്റെയും ജീവിത യാത്രയെ രസകരമായി അവതരിപ്പിക്കുന്നു. റോഷന്‍ ആന്റഡ്രൂസിന്റെ സംവിധാന അരങ്ങേറ്റ ചിത്രം കാള്‍ട്ടണ്‍ ഫിലിംസിന്റെ ബാനറില്‍ സി. കരുണാകരനാണ് നിര്‍മ്മിച്ചത്. ദീപക് ദേവിന്റെ സംഗീതത്തില്‍ വിനീത് ശ്രീനിവാസന്‍ പാടിയ 'കരളേ, കരളിന്റെ കരളേ' എന്ന ഗാനം ഉള്‍പ്പടെ ചിത്രത്തിലെ ഗാനങ്ങളും ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയവയാണ്.
മികച്ച നവാഗത സംവിധായകന്‍, മികച്ച നൃത്തസംവിധാനം എന്നിവക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങളുമായി മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധ നേടിയ ചിത്രവുമാണ് 'ഉദയനാണ് താരം'. ശ്രീനിവാസന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ. ജഗതി ശ്രീകുമാറിന്റെ പച്ചാളം ഭാസിയായുള്ള തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച സിനിമയില്‍ മീന, മുകേഷ്, സലിംകുമാര്‍, ഇന്ദ്രന്‍സ്, ഭാവന എന്നിവരും വേഷമിട്ടിട്ടുണ്ട്.
പി.ആര്‍.ഓ: പി.ശിവപ്രസാദ്