മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടി ഊര്‍മിളാ ഉണ്ണിയുടെ മകളാണ് ഉത്തരാ ഉണ്ണി. നര്‍ത്തകിയായി വേദികളിലും അഭിനേത്രിയായി സിനിമകളിലും സീരിയലുകളിലും തിളങ്ങി നില്‍ക്കുന്ന ഊര്‍മ്മിളയുടെ മകള്‍ അഭിനയരംഗത്ത് അധികം സജീവമല്ലെങ്കിലും നൃത്തരംഗത്തും സംവിധാന രംഗത്തും സജീവമാണ്.ഉത്തര സംവിധാനം ചെയ്ത് ഹ്രസ്വചിത്രങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു.
2012ല്‍ തീയേറ്ററുകളിലെത്തിയ തമിഴ് ചിത്രം 'വവ്വാല്‍ പസംഗ'യിലൂടെയാണ് താരം അഭിനയത്തിലേക്ക് കടുന്നുവരുന്നത്. മലയാളത്തില്‍ ഇടവപ്പാതിയെന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ഉത്തര സംവിധാനം ചെയ്ത് ഹ്രസ്വചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
ഇപ്പോഴിതാ അഭിനയ രംഗത്തു നിന്നുണ്ടായ ചില മോശം അനുഭവങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് ഉത്തരാ ഉണ്ണി. അമ്മ സിനിമയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുമ്പോഴും സിനിമയില്‍ നിന്ന് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ് ഉത്തര.
എന്റെ അമ്മ സിനിമയില്‍ വന്നിട്ട് ഏകദേശം 35 വര്‍ഷത്തിലധികമായി. സിനിമാ പശ്ചാത്തലമുളള കുടുംബമാണ് എന്റേത്. എന്നിട്ടും അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പല തരത്തിലുളള വ്യാജ ഫോണ്‍ കോളുകളും എനിക്ക് ലഭിച്ചിട്ടുണ്ട്. ആന്റണി പെരുമ്പാവൂരാണെന്ന് പറഞ്ഞ് ആള്‍മാറാട്ടം നടത്തി പലരും വിളിച്ചു. ഇമ്രാന്‍ ഹാഷ്മിയുടെ സിനിമയിലേക്ക് ആര്‍ട്ടിസ്റ്റിനെ നോക്കുന്നുണ്ടെന്ന് പറഞ്ഞ് കോള്‍ വന്നു. എന്റെ അവസ്ഥ ഇതാണെങ്കില്‍ ഇന്റസ്ട്രിയിലെ തുടക്കക്കാരികളായ പെണ്‍കുട്ടികള്‍ക്ക് എത്രമാത്രം കോള്‍സ് വരുന്നുണ്ടാകുമെന്നും നടി പങ്ക് വക്കുന്നു.
തമിഴില്‍ നിന്നാണ് കൂടുതല്‍ കോളുകളും വന്നത്. സംവിധായകന്‍ ശരവണന്റെ സിനിമയിലേക്ക് എന്നെ തിരഞ്ഞെടുത്തെന്നായിരുന്നു ഫോണ്‍ കോള്‍. ഉടന്‍ ബംഗളൂരുവില്‍ എത്തണമെന്നും ഷൂട്ടിംഗ് തുടങ്ങണമെന്നും അവര്‍ എന്നെ പറഞ്ഞ് വിശ്വസിപ്പിച്ചു. എന്റെ വസ്ത്രത്തിന്റെ അളവും ഷൂസിന്റെ അളവുംവരെ ചോദിച്ച് മനസിലാക്കി. പിന്നീട് തമിഴ് സിനിമാ സംഘടനയായ നടികര്‍ സംഘത്തില്‍ അംഗത്വമെടുക്കാന്‍ വിളിച്ചയാള്‍ പണം ആവശ്യപ്പെടുകയായിരുന്നു.അതോടെ എനിക്ക് സംശയം തോന്നി. അമ്മ തമിഴ് സിനിമയിലെ ഒരു സുഹൃത്തിനെ വിളിച്ച് അന്വേഷിച്ചപ്പോഴാണ് അങ്ങനെയൊരു സിനിമ ഇല്ലെന്നറിയാന്‍ സാധിച്ചത്.
വളരെയധികം പ്രതീക്ഷയോടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. പക്ഷെ വിചാരിച്ച പോലെ ഒന്നും നടന്നില്ല. നന്നായി കഷ്ടപ്പെട്ടാണ് ആദ്യ മലയാള ചിത്രത്തില്‍ അഭിനയിച്ചത്. പക്ഷെ ആ സിനിമ വിജയിച്ചില്ല. അതെനിക്ക് വലിയ സങ്കടമുണ്ടായി. അഭിനയരംഗത്ത് ഞാന്‍ വിജയിച്ചിരുന്നെങ്കില്‍ ഒരിക്കലും നൃത്തത്തിലേക്കോ സംവിധാനത്തിലേക്കോ കടന്നുവരില്ലായിരുന്നു...'' ഉത്തരാ ഉണ്ണി പറഞ്ഞു
പൈസയ്ക്ക് വേണ്ടിയുള്ള തട്ടിപ്പാകും. സൈബര്‍ ബുള്ളിയിങ്ങും നിരവധി കിട്ടിയിട്ടുണ്ട്. അത് പക്ഷെ അധികം മൈന്റ് ചെയ്യാറില്ല. അതുപോലെ ഒരാള്‍ എന്റേയും അയാളുടേയും ഫോട്ടോവെച്ച് കല്യാണ ഫോട്ടോയുണ്ടാക്കി. വൈഫാണ് എന്നൊക്കെ പറഞ്ഞ് പ്രചരിപ്പിച്ചു. ആദ്യം ഞങ്ങള്‍ തമാശയായി കരുതി വിട്ടു.
പക്ഷെ പിന്നീട് ഞാനൊരു വിദേശ പ്രോഗ്രാം ഏറ്റെടുത്തപ്പോള്‍ അവരെ വിളിച്ച് അയാള്‍ പ്രശ്‌നമുണ്ടാക്കിയപ്പോള്‍ ഞങ്ങള്‍ കേസ് കൊടുത്തുവെന്നും ഉത്തര പറയുന്നു. അഭിനയം, നൃത്തം, സംവിധാനം എന്നിവപോലെ എഴുത്തും ഉത്തരയ്ക്ക് ഇഷ്ടമുള്ള മേഖലയാണ്. മകളെ ഗര്‍ഭിണിയായിരുന്ന സമയത്ത് ഉത്തര എഴുതിയ പുസ്തകം ഒരുപാട് പേരുടെ പ്രശംസ നേടിയിരുന്നു. പ്രഗ്‌നന്‍സി സമയം ഒരു ബ്രേക്കായാണല്ലോ എല്ലാവരും കരുതുക. ആ സമയത്ത് ചെയ്യാനായി ഞാന്‍ കുറേ കാര്യങ്ങള്‍ മാറ്റിവെച്ചിരുന്നു.
ഡാന്‍സ് ചെയ്യാന്‍ പറ്റാത്ത സമയമാണല്ലോ. അതുകൊണ്ട് തന്നെ എന്തെങ്കിലും എഴുതണം എന്നാണ് കരുതിയത്. അങ്ങനെ ഗര്‍ഭിണിയായിരിക്കുമ്പോഴുണ്ടായ ഒരോ ചെറിയ അനുഭവങ്ങളും ചെറുതായി എഴുതി തുടങ്ങി. ശേഷം വീട്ടിലുള്ളവര്‍ക്ക് വായിച്ച് കേള്‍പ്പിച്ച് കൊടുത്തു. അവര്‍ക്ക് ഇഷ്ടപ്പെട്ടു. ശേഷം കുറച്ച് കൂടി റിസര്‍ച്ച് ചെയ്ത് വിപുലമായി എഴുതി. എന്നെ ചികിത്സിച്ചിരുന്ന ഡോക്ടറും വായിച്ചിരുന്നു.
അദ്ദേഹത്തിനും ഇഷ്ടപ്പെട്ടശേഷമാണ് ബുക്കായി പ്രസിദ്ധീകരിച്ചത്. അപ്രതീക്ഷിതമായി വാങ്ങിച്ചു, വായിച്ചുവെന്ന് പറഞ്ഞ് ഇടയ്ക്ക് മെസേജുകള്‍ വരാറുണ്ട്. എനിക്ക് എഴുത്ത് വളരെ ഇഷ്ടമാണ്. വിഷമം വന്നാലും സന്തോഷം വന്നാലും എഴുതുന്ന പ്രകൃതമാണെന്നും ഉത്തര പറയുന്നു.സോഷ്യല്‍ മീഡിയയിലൂടെ എല്ലാ വിശേഷങ്ങളും പങ്കിടാറുള്ള ഉത്തരാ ഉണ്ണി മകള്‍ മകള്‍ ധീമഹിയുടെ എല്ലാ വിശേഷങ്ങളും സന്തോഷങ്ങളും അതിലൂടെ പങ്കിടാറുണ്ട്.