കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ മാധ്യമപ്രവര്‍ത്തകര്‍ക്കായി ചെന്നൈ പ്രസാദ് തിയേറ്ററില്‍ ഒരുക്കിയ 'വീര വണക്കം' എന്ന അനില്‍ വി.നാഗേന്ദ്രന്റെ തമിഴ് ചലച്ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം നിറഞ്ഞ പങ്കാളിത്തം കൊണ്ടും ആവേശകരമായ മുഹൂര്‍ത്തങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി!കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ചരിത്ര- സാമൂഹ്യ പശ്ചാത്തലത്തില്‍ വലിയ താരനിരയുമായി ഒരുക്കിയ ചിത്രമെന്ന പ്രത്യേകത ക്ക'ത്തിനുള്ളതിനാല്‍ എല്ലാ വിഭാഗം മാധ്യമങ്ങളിലെയും മുതിര്‍ന്ന റിപ്പോര്‍ട്ടര്‍മാരും പ്രശസ്ത നിരൂപകരും മറ്റും ചിത്രം കാണാന്‍ എത്തിയിരുന്നു.
ചിത്രത്തില്‍ 97 വയസ്സുള്ള വിപ്ലവ ഗായികയും പോരാളിയുമായ ചിരുതയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച കേരളത്തിന്റെ ആരാധ്യയായ പി.കെ.മേദിനി, മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം ചിത്രം കാണാന്‍ പ്രസാദ് തിയേറ്ററില്‍ എത്തിയത് അവിസ്മരണീയ അനുഭവമായി മാറി !
ചിത്രത്തിലെ പ്രധാന കഥാപാത്രവും ചരിത്രപുരുഷനുമായ സഖാവ് പി.കൃഷ്ണപിള്ളയ്‌ക്കൊപ്പം ഒളിവിലും തെളിവിലും പ്രവര്‍ത്തിക്കുകയും കേരളത്തില്‍ മുക്കാല്‍ നൂറ്റാണ്ടിലധികമായി വിപ്ലവഗാനങ്ങള്‍ പാടി ജനങ്ങളെ ആവേശഭരിതരാക്കുകയും ചെയ്യുന്ന പി.കെ.മേദിനി തന്നെയാണ് തന്റെ ജീവിതവുമായി ഏറെ സാമ്യമുള്ള ചിരുത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് എന്നറിഞ്ഞ മാധ്യമ പ്രവര്‍ത്തകര്‍ പി.കെ.മേദിനിയ്ക്ക് നല്കിയത് ഹൃദ്യമായ ആദരവും സ്‌നേഹവും!
ചിത്രം കണ്ടു കഴിഞ്ഞ് പ്രസാദ് തിയേറ്ററിനു പുറത്ത് ഒരുക്കിയ പ്രത്യേക സ്വീകരണ പരിപാടിയില്‍ വച്ച് പി.കെ. മേദിനിയെയും ചിത്രത്തിന്റെ സംവിധായകന്‍ അനില്‍ വി.നാഗേന്ദ്രനെയും മറ്റ് അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും ആദരിച്ചു.തമിഴ്‌നാട് മാധ്യമ സംഘടനയ്ക്കു പുറമേ സി.പി.ഐ (എം) പോളിറ്റ് ബ്യൂറോ അംഗമായിരുന്ന ജി. രാമകൃഷ്ണനും പി.കെ.മേദിനിയെ ആദരിച്ചു.
വീരവണക്കം എന്ന ചിത്രം അടിച്ചമര്‍ത്തപ്പെട്ടവരുടെ അസാധാരണമായ പോരാട്ടങ്ങളുടെ യഥാതഥമായ ആവിഷ്‌ക്കാരമാണെന്നും തമിഴ്‌നാടിന്റെയും കേരളത്തിന്റെയും ഹൃദയബന്ധം ഊട്ടി ഉറപ്പിക്കുന്നതാണെന്നും
വീരവണക്കം എന്ന ചിത്രം തമിഴ്‌നാടിനു ലഭിച്ച സമ്മാനമാണെന്നും സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
പി.കൃഷ്ണപിള്ള ശുചീന്ദ്രം സ്വദേശിയായ തങ്കമ്മയെ വിവാഹം കഴിക്കുക വഴി തമിഴ്‌നാടിന്റെ മരുമകനാണെന്ന കാര്യവും പലര്‍ക്കും പുതിയ അറിവായിരുന്നു.
തങ്കമ്മയായി അഭിനയിച്ച ഐശ്വിക യ്ക്കും സമദ്രക്കനിയ്ക്കും ഭരത്തിനുമൊപ്പം തുല്യപ്രാധാന്യമുള്ള വേഷം ചെയ്ത റിതേഷിനും തമിഴ്‌നാടിന്റെ നിറഞ്ഞ കൈയ്യടി ലഭിച്ചു.
തമിഴ്‌നാട്ടിലെ ഏറ്റവും പ്രധാന വിതരണ കമ്പനിയായ റെഡ് ജയന്റ് മൂവീസാണ് ചിത്രം വിതരണം ചെയ്യുന്നത്. ആഗസ്റ്റ് 29 ന് തമിഴ്‌നാട്ടിലും കേരളത്തിലും ചിത്രം പ്രദര്‍ശനത്തിനെത്തി.
വിശാരദ് ക്രിയേഷന്‍സിന്റെ ബാനറില്‍ അനില്‍ വി.നാഗേന്ദ്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ സമദ്രക്കനി, ഭരത്, റിതേഷ്, പി.കെ. മേദിനി ,സുരഭി ലക്ഷ്മി,ഭരണി, പ്രേംകുമാര്‍, രമേഷ് പിഷാരടി, ആദര്‍ശ്,ഐശ്വിക, അരിസ്റ്റോ സുരേഷ്, സിദ്ധിക്ക്,ഭീമന്‍ രഘു, സിദ്ധാംഗന, സുധീഷ്, വി.കെ. ബൈജു, ശാരി,ഉല്ലാസ് പന്തളം, റിയാസ് നെടുമങ്ങാട്, പ്രമോദ് വെളിയനാട്, കോബ്ര രാജേഷ്, ഉദയ,മധുരമീന തുടങ്ങി രണ്ടായിരത്തില്‍ പരം പേര്‍ വേഷമിടുന്നു. അനില്‍ വി.നാഗേന്ദ്രന്റെ വസന്തത്തിന്റെ കനല്‍ വഴികളില്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ വീരവണക്കത്തില്‍ആദ്യ ചിത്രത്തിലെ ചില ഭാഗങ്ങള്‍ ഫ്‌ലാഷ് ബാക്കായി കാണിക്കുന്നുമുണ്ട്.
പ്രിവ്യൂ ഷോയ്ക്ക് ശേഷം മികച്ച അഭിപ്രായമാണ് ചിത്രം നേടിയിരിക്കുന്നത്.