ബിഗ് ബജറ്റില്‍ സിജു വിത്സനെ നായകനാക്കി വിനയന്‍ ഒരുക്കിയ പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമ ഏറെ ശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു.നവോത്ഥാന നായകനും പോരാളിയുമായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന കേന്ദ്ര കഥാപാത്രത്തെ സിജു വിത്സന്‍ അവതരിപ്പിച്ചതും ഏറെ കൈയ്യടി നേടുകയും ചെയ്തിരുന്നു. എന്നാല്‍ സിജുവിന് പിന്നീട് തേടിയെത്തിയ കഥാപാത്രങ്ങള്‍ പ്രതീക്ഷിച്ചത് പോലെയായിരുന്നില്ലെന്ന് പറയുകയാണ് സംവിധായകന്‍ വിനയന്.
കഥാപാത്രങ്ങള്‍ സിജു വില്‍സനെ തേടിയെത്താത്തതില്‍ വിഷമമുണ്ടെന്ന് സംവിധായകന്‍ വിനയന്‍ പറയുന്നു.. ചിത്രത്തിനുണ്ടായ വലിയ വിജയത്തിനുശേഷം സിജു മലയാളത്തിന്റെ പുതിയ ആക്ഷന്‍ ഹീറോയായി മാറുമെന്നാണ് താന്‍ വിചാരിച്ചിരുന്നതെന്നും വിനയന്‍ വെളിപ്പെടുത്തി. സിജു വില്‍സണ്‍ നായകനാകുന്ന പുതിയ ചിത്രം 'ഡോസി'ന്റെ ലോഞ്ച് വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരുപാട് പുതിയ ആളുകളെ ഞാന്‍ കൊണ്ടു വന്നിട്ടുണ്ട്. അന്ന് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന കഥാപാത്രത്തിനായി സിജു നടത്തിയതുപോലൊരു ട്രാന്‍സ്ഫര്‍മേഷന്‍ പക്ഷേ വേറൊരു നായകനും നടത്തിയിട്ടില്ല. അന്ന് ഈ കഥാപാത്രത്തെ തീരുമാനിച്ചപ്പോള്‍ ഷര്‍ട്ട് ഊരി എന്നെയൊന്നു കാണിക്കാന്‍ സിജുവിനോട് ആവശ്യപ്പെട്ടു. വളരെ സ്ലിം ആയൊരു ശരീരമായിരുന്നു.
ആറു മാസത്തിനകം ഞാനിതു വേലായുധപ്പണിക്കരെപ്പോലെയാക്കും എന്നു പറഞ്ഞു. മൂന്നു മാസം കഴിഞ്ഞപ്പോള്‍ തന്നെ അദ്ദേഹം ആ ലുക്കിലെത്തി. അതാണ് ട്രാന്‍സ്ഫര്‍മേഷന്‍. കുതിരപ്പുറത്തൊക്കെ ചാടിക്കയറുന്നത് ആരുടെയും സഹായമില്ലാതെയാണ്. അതു മാത്രമല്ല, ഇത്തരം ചരിത്ര കഥാപാത്രങ്ങളെ നമ്മുടെ നാട്ടില്‍ ഇതിനു മുമ്പ് ചെയ്തിട്ടുള്ളത് സൂപ്പര്‍താരങ്ങള്‍ മാത്രമാണ്. അങ്ങനെയുള്ളപ്പോഴാണ് ഒരു കൊച്ചു ചെറുപ്പക്കാരന്‍ ഈ വേഷം ചെയ്തത് ജനങ്ങളുെട കയ്യടി മേടിച്ചത്. ഒരു നടനെന്ന നിലയിലുള്ള സിജുവിന്റെ ഗ്രാഫിന്റെ ഉയര്‍ച്ച കൂടിയായിരുന്നു ആ വേഷം.
ആ സിനിമയും കഥാപാത്രവും വലിയ ചര്‍ച്ചയായി. സിനിമയും വലിയ വിജയമായിരുന്നു. അന്നു ഞാന്‍ വിചാരിച്ചത്, സിജുവിനെ ഇനി നമുക്കൊന്നും കിട്ടത്തില്ല, കയ്യില്‍നിന്നു പോകും ഭയങ്കര ആക്ഷന്‍ ഹീറോയായി മലയാളത്തില്‍ മാറുമെന്നാണ്. എന്തുകൊണ്ടോ അതുണ്ടായില്ല. അതാണ് സിജൂ, സിനിമ.അഭിനയിക്കാനും ട്രാന്‍സ്ഫര്‍മേഷന്‍ നടത്താനും മാത്രമല്ല, സിനിമയില്‍ സെല്‍ഫ് മാര്‍ക്കറ്റിങും അവിടെ നില്‍ക്കാനുമൊക്കെയായി ചില തന്ത്രങ്ങള്‍ വേണം. ഇത്ര വലിയൊരു സംഭവം ചെയ്തിട്ടും, ആ ചെയ്ത പരിശ്രമത്തിനനുസരിച്ചുള്ള വാക്കുകളോ വാര്‍ത്തകളോ ഒന്നും വന്നില്ല. എനിക്കു വലിയ വിഷമമുണ്ട്. അതിനും ഞാന്‍ തന്നെ വേണമെന്ന് ഇപ്പോള്‍ ചിന്തിക്കുകയാണ്, സിജുവിനു വേണ്ടി അതിലും വലിയൊരു സിനിമയുമായി വന്നിരിക്കും. അതിനൊരു പദ്ധതിയുണ്ട്, അത് വലിയൊരു സിനിമ തന്നെയാകും.''-വിനയന്റെ വാക്കുകള്‍.