മലയാള സിനിമയിലെ പ്രധാന സംഘടനകളില്‍ ഒന്നായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നതായി അറിയിച്ച് വിനയന്‍. സിനിമാ മേഖലയിലെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനാവുന്ന ശക്തമായ സംഘടനയായിട്ടും, നിര്‍മാതാക്കളുടെ പൊതുവായ ഗുണത്തിനായി അസോസിയേഷന്‍ ശക്തമായ നിലപാടുകള്‍ എടുക്കുന്നില്ലെന്ന് വിനയന്‍ ആരോപിച്ചു. ബുക്ക് മൈ ഷോയുടെ ഏകാധിപത്യത്തിനെതിരെ സര്‍ക്കാര്‍ ചുമതലയില്‍ ഒരു ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോം ആരംഭിക്കണം എന്നും, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മുതിര്‍ന്ന നിര്‍മാതാക്കള്‍ക്ക് പ്രതിമാസം 6,000 രൂപ പെന്‍ഷന്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജിഎസ്ടി നടപ്പിലാക്കിയ ശേഷവും പഴയ വിനോദ നികുതി തുടര്‍ന്നതിനാല്‍ സിനിമാ ടിക്കറ്റുകളില്‍ ഇരട്ട നികുതി ബാധകമാകുന്നതായി വിനയന്‍ ചൂണ്ടിക്കാട്ടി. ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനയില്‍ വന്‍കിട കമ്പനികള്‍ അമിത കമ്മീഷന്‍ ഈടാക്കുന്നത് നിര്‍മ്മാതാക്കള്‍ക്ക് കോടികളുടെ നഷ്ടമാണെന്നും, 'എമ്പുരാന്‍' റിലീസിന്റെ ആദ്യ 24 മണിക്കൂറില്‍ മാത്രം ആറര ലക്ഷം ടിക്കറ്റുകള്‍ വിറ്റത് ഇതിന് തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി.
സിനിമാ ഷൂട്ടിംഗിനായി സര്‍ക്കാര്‍ കെട്ടിടങ്ങളും പൊതുസ്ഥലങ്ങളും ലഭ്യമാക്കുന്നതില്‍ ഉണ്ടാകുന്ന തടസ്സങ്ങളും ഉയര്‍ന്ന ഫീസുകളും നിര്‍മാണ ചെലവ് വര്‍ധിപ്പിക്കുന്നുവെന്നും വിനയന്‍ പറഞ്ഞു. ''പണക്കാരൊന്നുമല്ലാത്ത, സിനിമാപ്രേമത്തില്‍ രംഗത്ത് എത്തി നഷ്ടം അനുഭവിക്കുന്ന നിരവധി നിര്‍ഭാഗ്യരായ നിര്‍മ്മാതാക്കളുടെ കണ്ണീരൊപ്പാനാണ് മത്സരിക്കുന്നത്,'' വിനയന്‍ പറഞ്ഞു. സംഘടനയുടെ ഭരണത്തില്‍ പതിനഞ്ചിലേറെ വര്‍ഷമായി തുടരുന്ന കൂട്ടുകാരെ മാറ്റി പ്രവേശിക്കേണ്ടത് ചക്രവ്യൂഹം ഭേദിക്കുന്നതിന് തുല്യമാണെങ്കിലും ഉറച്ച നിലപാടുകളും ആത്മവിശ്വാസവും വിജയത്തിലേക്ക് നയിക്കും എന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു.