ഗായിക സിത്താര കൃഷ്ണകുമാറിനെ കുറിച്ച് വൈകാരിക കുറിപ്പ് പങ്കുവെച്ച് ആരാധകനും ഗവേഷകനുമായ സാമൂഹ്യ പ്രവര്‍ത്തകന്‍ ദിനു വെയില്‍. ഫാറൂക്ക് കോളജില്‍ ലിംഗ വിവേചനങ്ങളെതിരെ സംസാരിച്ചതിന് സസ്പെന്‍ഷന്‍ നേരിട്ട സമയത്ത് സിത്താര തന്നെ വിളിച്ച് ധൈര്യം നല്‍കിയിരുന്നുവെന്ന് ദിനു തന്റെ കുറിപ്പില്‍ ഓര്‍മിപ്പിച്ചു. സമൂഹത്തിലെ അനീതികള്‍ക്കെതിരെ ഉറച്ച ശബ്ദമുയര്‍ത്തുന്ന കലാകാരിയാണ് സിത്താരയെന്ന് അദ്ദേഹം പറഞ്ഞു. ''സ്ത്രീകള്‍ ഉറക്കെ ചിരിക്കരുത്'' എന്ന അലിഖിത നിയമത്തെ തകര്‍ത്തു മുന്നേറുന്ന സിത്താരയ്ക്ക് എന്നും ആ ആത്മവിശ്വാസം നിലനില്‍ക്കട്ടെയെന്ന് ദിനു കുറിപ്പില്‍ ആശംസിച്ചു. സിത്താര കൃഷ്ണകുമാറിനൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് ദിനു ഈ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
പോസ്റ്റിന്റെ പൂര്‍ണരൂപം
സിത്താര ചേച്ചിയും ഞാനും നേരില്‍ ആദ്യമായി കണ്ടുമുട്ടുന്നത് ഈ മാസം നടന്ന ഒരു മ്യൂസിക് അവാര്‍ഡ് നെറ്റില്‍ വച്ചായിരുന്നു. ഫോണ്‍ വഴി മുന്‍പ് സംസാരിച്ചിട്ടുണ്ടെങ്കിലും ആദ്യമായി ആണ് കാണുന്നത്. എങ്കിലും ആദ്യകണ്ടുമുട്ടല്‍ പോലെയേ തോന്നിയില്ല. ഏറെകാലത്തെ സുഹൃത്തിനെ കാണുന്ന പോലെ ഒരു ചേച്ചി ചേര്‍ത്ത് പിടിക്കും പോലെ കെട്ടിപ്പിടിച്ചപ്പോള്‍ സ്‌നേഹം തോന്നി. ചേച്ചിയുടെ പ്രോജക്ട് മലബാറിക്കസ് ബാന്‍ഡിലെ ഓരോ മനുഷ്യരും പരസ്പരം പുലര്‍ത്തുന്ന സൗഹാര്‍ദം കണ്ടപ്പോള്‍, ചേച്ചി ഏറ്റവും സ്‌നേഹത്തോടെ അവരെ വേദിയില്‍ പരിചയപെടുത്തുന്നത് കണ്ടപ്പോള്‍ നിറയെ സ്‌നേഹം തോന്നി. കല കൂട്ടായ്മ കൂടി ആണ്, കല രാഷ്ട്രീയം കൂടിയാണ് എന്നത് മറന്നുപോകുന്ന കാലത്തു പ്രോജക്ട് മലബാറിക്കസ് നിലനില്‍ക്കുക എന്നത് തന്നെ പ്രധാനമാണ്.
പത്ത് വര്‍ഷം മുന്‍പ് 2015 ല്‍ ഞാന്‍ ഫാറൂക്ക് കോളജില്‍ പഠിക്കുമ്പോള്‍ ക്യാമ്പസ്സിലെ ലിംഗ വിവേചനത്തെ എതിര്‍ത്തതിനാല്‍ കോളജ് എന്നെ സസ്‌പെന്‍ഡ് ചെയ്തിരുന്നുവല്ലോ. കേരളത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള ജനാധിപത്യ വിശ്വാസികളുടെ പിന്തുണ ലഭിച്ചെങ്കിലും കോളജിനുള്ളില്‍ എസ്എഫ്‌ഐ നേതൃത്വം അല്ലാതെ ആരും ഒപ്പം ഉണ്ടായിരുന്നില്ല. അപ്പോഴാണ് എന്നെ നേരിട്ട് യാതൊരു പരിചയവും ഇല്ലാത്ത കോളജിന്റെ പ്രിയപ്പെട്ട അലുമിനിയായ സിത്താര ചേച്ചി എനിക്ക് പിന്തുണയുമായി എത്തുന്നത്. കലാലയത്തിലെ ലിംഗ വിവേചനങ്ങള്‍ക്ക് എതിരെ ശക്തമായൊരു കുറിപ്പ് ചേച്ചി പങ്കുവച്ചു. ഞങ്ങള്‍ സമരം ചെയ്യുന്നവര്‍ക്ക് ഒപ്പം നിന്നു.
പിന്നീട് പലപ്പോഴായി മികച്ച രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിച്ച ഒരു കലാകാരി എന്ന നിലയിലാണ് സിത്താരേച്ചി എനിക്ക് പ്രിയപ്പെട്ട ഒരാളാകുന്നത്. ബോഡി ഷെയിമിങ്ങിനെതിരെ പ്രതികരിച്ചുകൊണ്ടും, ഡബ്ല്യുസിസിയുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പറഞ്ഞും, കലാമണ്ഡലം സത്യഭാമ നടത്തിയ വംശീയവും ജാതിവിവേചനപരവുമായ പ്രസ്താവനക്കെതിരെ ശബ്ദമുയര്‍ത്തിയും അടുത്തിടെയായി അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശത്തെയും, അതിനുശേഷം പുഷ്പവതി ചേച്ചിയെ അപമാനിച്ച സംഭവത്തെയും സംബന്ധിച്ച് നടത്തിയ പ്രതികരണങ്ങളടക്കം ചേച്ചിയെ പ്രിയപ്പെട്ട കലാകാരിയാക്കുന്നു.
'പുലരിപ്പൂ പോലെ ചിരിച്ചും' 'ഏനുണ്ടോടി അമ്പിളി ചന്ത'വും 'ചായപ്പാട്ടും' 'വാനമകലന്നുവോ'യും 'മോഹ മുന്തിരി'യും 'നീ മുകിലോ'യും 'പൂമാത'യും ഒക്കെ കുറെയേറെ തവണ കേള്‍ക്കുന്ന ഒരാളാണ് ഞാനും. സ്ത്രീകള്‍ ഉറക്കെ ചിരിക്കരുതെന്ന അലിഖിത നിയമത്തെ എപ്പോഴും തെറ്റിക്കുന്ന പ്രിയപ്പെട്ട ചേച്ചി കുറെ കുറെ കാലം ഉറക്കെ ഉറക്കെ ചിരിച്ചു, ഉറക്കെ ഉറക്കെ നിലപടുകള്‍ പറഞ്ഞു, എല്ലാവരും ഓര്‍ക്കുന്ന കുറേയേറെ പാട്ടുകള്‍ പാടാനാവട്ടെ. സ്‌നേഹം.