തമിഴ് നടന്‍ വിഷ്ണു വിശാല്‍ തന്റെ പുതിയ ചിത്രം ആര്യന്‍ന്റെ പ്രീ-റിലീസ് ഇവന്റില്‍ തുറന്നുപറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ ചലച്ചിത്രലോകത്ത് ചര്‍ച്ചയാകുകയാണ്. സിനിമയിലെ തന്റെ യാത്ര എളുപ്പമായിരുന്നില്ലെന്നും, വിജയിച്ചിട്ടും ഇന്‍ഡസ്ട്രിയില്‍ നിന്നും ആവശ്യമായ അംഗീകാരം ലഭിക്കാത്തതില്‍ നിരാശയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
''എന്റെ സിനിമകള്‍ വിജയിച്ചാലും, ആര്‍ക്കും അത് ശ്രദ്ധിക്കാറില്ല. അഭിനന്ദനങ്ങള്‍ പോലും ലഭിക്കുന്നില്ല,'' എന്ന് വിഷ്ണു പറഞ്ഞു. രാക്ഷസന് ശേഷം ഒന്‍പത് പ്രോജക്റ്റുകള്‍ നിലച്ചുപോയതായും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ''ഓരോ സിനിമയ്ക്കും എനിക്ക് ഒരു വര്‍ഷമോ രണ്ടോ വര്‍ഷമോ സമയമെടുക്കാറുണ്ട്. അതിനിടയില്‍ പല നിര്‍മാതാക്കളും മാറിപ്പോകും. അതുകൊണ്ടാണ് ഞാന്‍ തന്നെ നിര്‍മാതാവായി മാറിയത്,'' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
വിഷ്ണുവിന്റെ ഗാട്ട ഗുസ്തിയും എഫ്ഐആര്‍യും വിജയിച്ചിട്ടും, തുടര്‍ന്നുള്ള മൂന്നു വര്‍ഷത്തോളം പുതിയ അവസരങ്ങള്‍ ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ''ഇനി വരുന്ന അഞ്ചു സിനിമകള്‍ ഞാന്‍ സ്വന്തം പ്രൊഡക്ഷനില്‍ തന്നെ ചെയ്യുമെന്ന് തീരുമാനിച്ചിട്ടുണ്ട്,'' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ആര്യന് എന്ന ചിത്രം ഒക്ടോബര്‍ 31ന് പ്രേക്ഷകരിലേക്കെത്തും. 'പെര്‍ഫക്ട് ക്രൈം സ്റ്റോറി' എന്ന ടാഗ്ലൈനോടെയാണ് ചിത്രം പുറത്തിറങ്ങുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് കേരളത്തില്‍ ചിത്രം വിതരണം ചെയ്യുന്നത്.