എക്‌സിറ്റ് പോളുകളെ ട്രോളിയിട്ട ഫേസ്‌ബുക്ക് പോസ്റ്റിൽ ഐശ്വര്യ റായിയെ അധിക്ഷേപിച്ച ബോളിവുഡ് നടൻ വിവേക് ഒബ്‌റോയ് മാപ്പു പറഞ്ഞു. സൈബർ പ്രതിഷേധം ശക്തമായതോടൊണ് സംഭവത്തിൽ വിവേക് മാപ്പുപറഞ്ഞത്. തന്റെ തമാശ ഒരു സ്ത്രീക്കെങ്കിലും വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിന് തക്കതായ പരിഹാരം ഉണ്ടാകണമെന്ന് പറഞ്ഞാണ് വിവേക് മാപ്പ് കുറിച്ചത്. ട്വീറ്റ് പിൻവലിച്ചതായും അദ്ദേഹം അറിയിച്ചു.
ചിലപ്പോഴൊക്കെ ഒരാൾക്ക് തമാശയും നിരുപദ്രവവും ആയി തോന്നുന്നവ മറ്റുള്ളവർക്ക് അങ്ങനെയാവണമെന്നില്ലെന്നും താരം ട്വീറ്റിൽ കുറിച്ചു. അടിസ്ഥാന ജീവിതസൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട രണ്ടായിരത്തോളം സ്തീകളുടെ ശാക്തീകരണത്തിനായാണ് കഴിഞ്ഞ പത്ത് വർഷങ്ങൾ താൻ ചെലവിട്ടതെന്നും ഒരു സ്ത്രീയെയും അപമാനിക്കുന്നത് തനിക്ക് ചിന്തിക്കാൻ കഴിയില്ലെന്നും വിവേക് കുറിച്ചു.
അതേസമയം നേരത്തെ വിമർശനം ഉയരുമ്പോൾ വിശദീകരണവുമായി നടൻ വിവേദ് ഒബ്റോയ് രംഗത്ത്. തന്നോട് മാപ്പു പറയാനാണ് എല്ലാവരും ആവശ്യപ്പെടുന്നതെന്നും എന്നാൽ തെറ്റ് ചെയ്തിട്ടുണ്ടെന്നു തനിക്ക് തോന്നുന്നില്ലെന്നും അതിനാൽ താൻ എന്തിന് മാപ്പു പറയണമെന്നും വിവേക് വാർത്താഏജൻസിയായ എഎൻഐയോട് പ്രതികരിച്ചിരുന്നു.
'ആളുകൾ ഞാൻ മാപ്പു പറയണമെന്നാണ് ആവശ്യപ്പെടുന്നത്. ക്ഷമ ചോദിക്കുന്നതിൽ എനിക്ക് പ്രശ്നമൊന്നുമില്ല. പക്ഷെ ഞാൻ എന്ത് തെറ്റാണ് ചെയ്തതെന്ന് പറയൂ.. എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാപ്പു പറയാൻ ഞാൻ ഒരുക്കമാണ്..എന്നാൽ ഞാൻ തെറ്റ് ചെയ്തതായി എനിക്ക് തോന്നുന്നില്ല.. എന്താണതിൽ തെറ്റ്? ആരോ ഒരാൾ ഒരു മീം ട്വീറ്റ് ചെയ്തു, ഞാൻ അത് ആസ്വദിച്ചു. ആളുകൾ എന്തിനാണ് അതിത്ര വലിയ വിഷയമാക്കുന്നതെന്ന് എനിക്ക് അറിയില്ല..ആരോ എന്നെ കളിയാക്കി കൊണ്ടുള്ള ഒരു മീം എനിക്ക് ഷെയർ ചെയ്തു തന്നു.
ഞാൻ അത് കണ്ട് ചിരിച്ചു. അത് തയ്യാറാക്കിയ ആളുടെ കഴിവിനെ ഞാൻ പ്രശംസിച്ചു..നിങ്ങളെ ആരെങ്കിലും കളിയാക്കിയാൽ അതൊരിക്കലും നിങ്ങൾ വലിയ വിഷയമാക്കി എടുക്കരുത്. ആ മീമിൽ ഉള്ളവർക്ക് ഇതൊരു പ്രശ്‌നമല്ല, എന്നാൽ മറ്റുള്ളവർക്കാണ് പ്രശ്‌നം . ഒരു പണിയുമില്ലാത്തവരാണ് ഇത് വിഷയമാക്കുന്നത്. അവർക്ക് എന്റെ ചിത്രങ്ങളെ തടയാൻ സാധിക്കുന്നില്ല അതുകൊണ്ടാണ് അവർ ഈ വഴി നോക്കുന്നത്'- വിവേക് പ്രതികരിച്ചു.