മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നിഷാന്ത് സാഗര്‍. വലിയൊരിടവേളയ്ക്ക് ശേഷം വീണ്ടും വെള്ളിത്തിരയില്‍ സജീവമായിരിക്കുകയാണ് താരം. 45 വയസ്സ് പിന്നിട്ട താരത്തിന്റെ വര്‍ക്കൗട്ട് ചിത്രമാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. ജിം വര്‍ക്കൗട്ട് കഴിഞ്ഞ് സിക്‌സ്പായ്ക്ക് ലുക്കുമായി നില്‍ക്കുന്ന നിഷാന്തിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
നായകനായും സ്വഭാവനടനായും പ്രതിനായകനായും മലയാളത്തില്‍ തിളങ്ങുന്ന നടനാണ് നിഷാന്ത് സാഗര്‍. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. 'ഇന്റര്‍വ്യുവില്‍ ഇങ്ങനെ അല്ലല്ലോ ഏട്ടാ പറഞ്ഞേ?' എന്നാണ് നടന്‍ ഉണ്ണി മുകുന്ദന്റെ കമന്റ്. നേരത്തെ ഒരു അഭിമുഖത്തില്‍ താന്‍ മസിലുകള്‍ കളയാന്‍ ശ്രമിക്കുകയാണെന്നും മസില്‍ കളയുന്നതിലാണ് താനിപ്പോള്‍ ഹൈ കണ്ടെത്തുന്നത് എന്നുമായിരുന്നു നിഷാന്ത് പറഞ്ഞത്. ഇത് ഓര്‍മ്മപ്പെടുത്തുകയാണ് ഉണ്ണി മുകുന്ദന്‍.
1997 ഏഴുനിലപ്പന്തല്‍ എന്ന ചിത്രത്തിലൂടെയാണ് നിഷാന്ത് സാഗര്‍ അരങ്ങേറുന്നത്. 2000ന്റെ ആദ്യ പകുതിയില്‍ ഒരുപിടി ശ്രദ്ധേയ സിനിമകളുടെ ഭാഗമായെങ്കിലും നായകന്‍ വേഷങ്ങള്‍ നിഷാന്തിനെ തേടി എത്തിയിരുന്നില്ല. കരിയറില്‍ വഴിത്തിരിവാകുന്നത് ജോക്കര്‍ ആണ്. പിന്നീട് തിളക്കം, ഫാന്റം, വാണ്ടഡ് തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. വില്ലനായും സഹനടനായും നിരവധി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ നിഷാന്തിന് സാധിച്ചു. 'ഋഷിവംശം' എന്ന സിനിമയില്‍ നായകനായി അഭിനയിച്ചു. ഈയ്യടുത്തിറങ്ങിയ ആലപ്പുഴ ജിംഖാന എന്ന ചിത്രത്തിലൂടെ നിഷാന്തിന്റെ മകള്‍ നന്ദയും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.