Latest News

ശരീരത്തിലെ രക്തത്തിന്റെ കുറവ് വിളര്‍ച്ചയ്ക്ക് കാരണമാകും; അനീമിയയെ പ്രതിരോധിക്കാം 

Malayalilife
topbanner
ശരീരത്തിലെ രക്തത്തിന്റെ കുറവ് വിളര്‍ച്ചയ്ക്ക് കാരണമാകും; അനീമിയയെ പ്രതിരോധിക്കാം 

രീരത്തിലെ രക്തത്തിന്റെ അളവ് കുറയുന്നത് മൂലമുണ്ടാകുന്ന രോഗമാണ് വിളര്‍ച്ച.  ഏകദേശം അഞ്ചുലക്ഷം കോടി ചുവന്ന രക്തകോശങ്ങളാണ് ഒരുദിവസം മജ്ജ ഉല്‍പ്പാദിപ്പിക്കുന്നത്. ചുവന്നരക്താണുക്കളുടെ സ്വാഭാവികമായ ആയുസ്സ് 120 ദിവസമാണ്. ശാരീരികമായ അനാരോഗ്യംമൂലം ഇവ വീണ്ടും കുറയാം. ചുവന്ന രക്താണുക്കള്‍ നശിക്കുന്നതിനുസരിച്ച് മജ്ജയില്‍നിന്ന് പുതിയവ ഉണ്ടാകണം. നിര്‍മിക്കപ്പെടുന്നതിന്റെയും നശിക്കപ്പെടുന്നതിന്റെയും അനുപാതം ചില അവസ്ഥകളില്‍ നഷ്ടപ്പെടുന്നത് വിളര്‍ച്ചയ്ക്കിടയാക്കും.

വിളര്‍ച്ച പ്രധാന ലക്ഷണങ്ങള്‍

ഹൃദയമിടിപ്പ് കൂടുക, തളര്‍ച്ച, ക്ഷീണം, നെഞ്ചിടിപ്പ്, കണ്‍പോളകള്‍ വിങ്ങുക, ദേഷ്യം, കിതപ്പ്, ശ്വാസംമുട്ടല്‍, തണുപ്പ് സഹിക്കാന്‍ വയ്യാതാവുക, മുടികൊഴിച്ചില്‍, തലകറക്കം, ആഹാരത്തോട് വെറുപ്പ്, വിളറിയ വെളുപ്പുനിറം, പ്രത്യേകിച്ച് കണ്ണിനുതാഴെയുള്ള ശ്ലേഷ്മസ്തരത്തിലും ചര്‍മത്തിലും നാക്കിലും, ഏകാഗ്രതക്കുറവ്, പകലുറക്കം കൂടുക, ഇരുമ്പിന്റെ അഭാവംമൂലമുണ്ടാകുന്ന വിളര്‍ച്ചയുടെ പ്രത്യേകതരം രോഗലക്ഷണമായ കല്ല്, കട്ട, അരി, പേപ്പര്‍, പെയിന്റ്, തടി, തലമുടി ഇവ കഴിക്കാന്‍ തോന്നുക, കാലില്‍ രൂപപ്പെടുന്ന നീര്, ആന്തരിക രക്തസ്രാവത്തിന്റെ മുഖ്യലക്ഷണമായ മലം കറുത്തനിറത്തില്‍ പോകുക എന്നിവയാണ് വിളര്‍ച്ചയുടെ പ്രധാന ലക്ഷണങ്ങള്‍. 

അമിതരക്തസ്രാവം വിളര്‍ച്ചയ്ക്കിടയാക്കും

കുടലിലും ആമാശയത്തിലും ഉണ്ടാകുന്ന രക്തസ്രാവം, അന്നനാളം, ആമാശയം എന്നീ ഭാഗങ്ങളിലുണ്ടാകുന്ന അര്‍ബുദം, അര്‍ശസ്സ്, രക്തപിത്തം ഇവയൊക്കെ രക്തസ്രാവത്തിനും വിളര്‍ച്ചയ്ക്കും ഇടയാക്കും. ദീര്‍ഘകാല കരള്‍രോഗങ്ങളെത്തുടര്‍ന്ന് അന്നനാളത്തില്‍ രക്തക്കുഴലുകള്‍ വീര്‍ത്തുപൊട്ടുന്നതും ഗുരുതരമായ രക്തസ്രാവത്തിനും വിളര്‍ച്ചയ്ക്കും വഴിവയ്ക്കും. കൂടാതെ ബാഹ്യമായുണ്ടാകുന്ന ആഘാതങ്ങള്‍, ഭക്ഷ്യവിഷബാധ ഇവയും രക്തസ്രാവത്തിനും വിളര്‍ച്ചയ്ക്കും കാരണമാകാറുണ്ട്. സ്ത്രീകളില്‍ ആര്‍ത്തവകാലത്തെ അമിതരക്തസ്രാവത്തിനു പുറമെ ഗര്‍ഭാശയമുഴകള്‍, ഗര്‍ഭാശയ അര്‍ബുദം, അണ്ഡാശയങ്ങളിലും ഫലോപ്പിയന്‍ നാളികളിലും ഉണ്ടാകുന്ന മുഴകള്‍ തുടങ്ങിയവയും രക്തസ്രാവത്തിനിടയാക്കുന്ന പ്രധാന ഘടകങ്ങളാണ്.

വിളര്‍ച്ച അപടകരമാവുന്നതെപ്പോള്‍

അനീമിയ കാരണം ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാനിടവരുത്തുന്നു. ഇത് ഹൃദ്രോഗങ്ങള്‍ക്ക് ഇടയാക്കിയേക്കാം. പെപ്റ്റിക് അള്‍സര്‍, എല്ലിനെ ബാധിക്കുന്ന രോഗങ്ങള്‍, ബ്ലീഡിങ് പ്രശ്നങ്ങള്‍ എന്നിവ കൂടി ബാധിക്കുമ്പോള്‍ സ്വതവേ അനീമിക് ആയ സ്ത്രീയുടെ ആരോഗ്യനില കൂടുതല്‍ വഷളാവുന്നു.

എങ്ങനെ പരിഹരിക്കാം?

ഇരുമ്പ് അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍, ഐഎഫ്എ ടാബ് ലറ്റുകള്‍, ഇരുമ്പ് അടങ്ങിയ ഉപ്പ് എന്നിവ കഴിക്കുക.വൈറ്റമിന്‍ സി അടങ്ങിയ നാരങ്ങ, പേരക്ക, ഓറഞ്ച് തുടങ്ങിയവ അയേണിന്റെ ആഗിരണം എളുപ്പത്തിലാക്കും. അതേസമയം, ചായ, കാപ്പി, പാല്‍ എന്നിവ അയേണ്‍ ആഗിരണം തടയും. ആട്ടിറച്ചി, മാട്ടിറച്ചി, കോഴിയിറച്ചി, പന്നിയിറച്ചി, കരള്‍, മുട്ട, കക്കയറിച്ചി, ചെമ്മീന്‍, കടല്‍ മത്സ്യങ്ങള്‍,സോയാബീന്‍, പരിപ്പ്, ഉഴുന്നുപരിപ്പ്, കടല, ഇലക്കറികള്‍, പച്ചക്കായ, തണ്ണിമത്തന്‍, ഗ്രീന്‍പീസ്, ശര്‍ക്കര, അണ്ടിപ്പരിപ്പ്, ഡ്രൈ ഫ്രൂട്ട്സ് ധാന്യങ്ങള്‍, ചോളം, ബജ്റ, റാഗി, തവിട് നീക്കാത്ത അരി,കപ്പലണ്ടി, എള്ള്, മാതളം, നാരങ്ങ, നെല്ലിക്ക, മുന്തിരി, അത്തിപ്പഴം, ഈന്തപ്പഴം തുടങ്ങിയവയില്‍ ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്.

Read more topics: # anemia symptoms
anemia symptoms

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES