ശരീരത്തിന് കാല്‍സ്യം ആഗിരണം ചെയ്ത് അസ്ഥികള്‍ ശക്തമാക്കാനും നിലനിര്‍ത്താനുമുള്ള പ്രധാന ഘടകമാണ് വിട്ടാമിന്‍ ഡി. ഇതിന് പുറമേ, പേശികളുടെ പ്രവര്‍ത്തനവും നാഡീസംബന്ധമായ ക്രിയകളും രോഗപ്രതിരോധ ശേഷിയും ശരിയായി നിലനിര്‍ത്താന്‍ ഇതിന് വലിയ പങ്കുണ്ട്. ചര്‍മ്മം നേരിട്ട് സൂര്യപ്രകാശം സ്വീകരിക്കുമ്പോള്‍ ശരീരം സ്വാഭാവികമായി വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കുന്നു. കൂടാതെ ചില ഭക്ഷണങ്ങളിലും പോഷകസപ്ലിമെന്റുകളിലും ഇത് ലഭ്യമാണ്.
ഇന്ത്യയിലെ ജനങ്ങളില്‍ ഭൂരിഭാഗത്തിനും വിറ്റാമിന്‍ ഡിയുടെ അളവ് കുറവാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു പ്രായഭേദമന്യേ 70 മുതല്‍ 100 ശതമാനം വരെ ആളുകള്‍ക്കുമിതിന്റെ കുറവ് അനുഭവപ്പെടാം. വിറ്റാമിന്‍ ഡി ശരീരത്തില്‍ കാല്‍സ്യവും ഫോസ്ഫറസും ആഗിരണം ചെയ്യാന്‍ സഹായിക്കുന്നതിനാല്‍ അതിന്റെ കുറവ് അസ്ഥികള്‍ ദുര്‍ബലമാകാന്‍ കാരണമാകും. കുട്ടികളില്‍ റിക്കറ്റ്‌സ് എന്ന അസ്ഥിരോഗവും മുതിര്‍ന്നവരില്‍ ഓസ്റ്റിയോപൊറോസിസ് പോലുള്ള പ്രശ്നങ്ങളും ഇതിലൂടെ ഉണ്ടാകാം. പേശികളിലെ ബലഹീനതയും ഇതിന്റെ ഒരു ലക്ഷണമാണ്, പ്രത്യേകിച്ച് മുതിര്‍ന്നവരില്‍.
വിട്ടാമിന്‍ ഡി ശരീരത്തിന്റെ ഇമ്യൂണ്‍ സിസ്റ്റം ശക്തമാക്കുകയും അണുബാധകളെ ചെറുക്കാനും സഹായിക്കുന്നു. ആവശ്യത്തിന് വിറ്റാമിന്‍ ഡി ലഭിക്കുന്നവര്‍ക്ക് ജലദോഷം, ശ്വസനസംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത കുറവാണെന്ന് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു. അതേസമയം, അതിന്റെ കുറവ് ഹൃദ്രോഗം, പ്രമേഹം, മനോവൈകല്യം തുടങ്ങിയവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കാനും കാരണമാകുന്നു.
സൂര്യപ്രകാശം ഏറ്റവും എളുപ്പത്തിലുള്ള ഉറവിടം:
രാവിലെയോ ഉച്ചയ്ക്കോ വെറും 10 മുതല്‍ 20 മിനിറ്റ് വരെ സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ പതിക്കുന്നത് മതിയാകും. കൈകളും മുഖവും സൂര്യപ്രകാശത്തില്‍ ആഴ്ചയില്‍ കുറച്ച് ദിവസങ്ങള്‍ വെച്ചുനില്‍ക്കുന്നത് ആവശ്യമായ വിറ്റാമിന്‍ ഡി ഉത്പാദനത്തിന് സഹായിക്കും.
ഭക്ഷണത്തിലൂടെ ലഭിക്കാവുന്ന ഉറവിടങ്ങള്‍:
മത്സ്യം: സാല്‍മണ്‍, അയല, ട്യൂണ, സാര്‍ഡിന്‍ തുടങ്ങിയവ വിറ്റാമിന്‍ ഡി സമ്പുഷ്ടമാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ഹൃദയത്തിനും തലച്ചോറിനും ഗുണകരമാണ്.
മുട്ട: മുട്ടയുടെ മഞ്ഞക്കരുവില്‍ വിറ്റാമിന്‍ ഡി അടങ്ങിയിരിക്കുന്നു. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ മുട്ട കഴിക്കുന്നത് ശരീരത്തിലെ അളവ് കൂട്ടും.
കൂണുകള്‍: ഷിറ്റേക്ക് പോലുള്ള ചില കൂണുകള്‍ വിറ്റാമിന്‍ ഡി2 ലഭിക്കുന്നതിനുള്ള മികച്ച ഉറവിടങ്ങളാണ്. സലാഡുകളിലും സൂപ്പുകളിലും ഇവ ചേര്‍ത്താല്‍ രുചിയും ആരോഗ്യവും ഒരുമിച്ചാകും.
തുടര്‍ച്ചയായി സൂര്യപ്രകാശം ലഭിക്കാനും പോഷകസമൃദ്ധമായ ഭക്ഷണശീലങ്ങള്‍ പാലിക്കാനുമാണ് വിറ്റാമിന്‍ ഡിയുടെ കുറവ് ഒഴിവാക്കാനുള്ള ഏറ്റവും ലളിതമായ വഴി.