ചില്ലറക്കാരനല്ല ആമാശയ അര്‍ബുദം; ഈ ലക്ഷണങ്ങള്‍ ഉണ്ടോ? ചികിത്സ നേരത്തെ ഉറപ്പാക്കുക

Malayalilife
ചില്ലറക്കാരനല്ല ആമാശയ അര്‍ബുദം; ഈ ലക്ഷണങ്ങള്‍ ഉണ്ടോ? ചികിത്സ നേരത്തെ ഉറപ്പാക്കുക

പലപ്പോഴും സാധാരണ ദഹനപ്രശ്നമായി കരുതി അവഗണിക്കുന്ന രോഗമാണ് ആമാശയ അര്‍ബുദം. തുടക്കത്തില്‍ ലക്ഷണങ്ങള്‍ വളരെ നേരിയതും നിരുപദ്രവകരവുമാകുന്നതിനാല്‍ രോഗം വൈകിയാണ് കണ്ടെത്തപ്പെടുന്നത്. എന്നാല്‍, സമയത്തിന് മുമ്പ് രോഗം തിരിച്ചറിയുന്നത് ചികിത്സയ്ക്കും രോഗശമനത്തിനും ഏറെ സഹായകമാണെന്ന് വിദഗ്ധര്‍ പറയുന്നു.

1. ചെറിയ അളവില്‍ ഭക്ഷണം കഴിച്ചാലും വയറുനിറഞ്ഞ തോന്നല്‍
ട്യൂമര്‍ വളരുന്നതിന്റെ ഫലമായി ആമാശയം സാധാരണ രീതിയില്‍ വികസിക്കാതിരിക്കാം. ഇതോടെ രോഗികള്‍ക്ക് വിശപ്പ് കുറയുകയും ചെറിയ അളവില്‍ ഭക്ഷണം കഴിച്ചാലും വയറു നിറഞ്ഞതായി തോന്നുകയും ചെയ്യും. കാലക്രമേണ ഇത് ശരീരഭാരം കുറയുന്നതിനും ക്ഷീണത്തിനും കാരണമാകാം.

2. വിട്ടുമാറാത്ത നെഞ്ചെരിച്ചിലും ദഹനക്കേടും
സാധാരണ ചികിത്സകള്‍ കൊണ്ടും മാറാതെ തുടര്‍ന്നുനില്‍ക്കുന്ന ദഹനക്കേട്, നെഞ്ചെരിച്ചില്‍, വയറിന്റെ മുകള്‍ഭാഗത്തെ അസ്വസ്ഥതകള്‍ എന്നിവ ഗുരുതര ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ തുടര്‍ന്നാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കണമെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

3. വയറുവേദനയും നിരന്തരമായ അസ്വസ്ഥതകളും
കാരണമില്ലാത്ത വയറുവേദന, ഓക്കാനത്തിന്റെ തോന്നല്‍, വയര്‍ നിറഞ്ഞതുപോലെയുള്ള അനുഭവം എന്നിവയും രോഗത്തിന്റെ തുടക്ക സൂചനകളായിരിക്കും. പലരും ഇത് മാനസിക സമ്മര്‍ദ്ദമോ സാധാരണ അണുബാധയോ ആയി തെറ്റിദ്ധരിക്കുന്നുണ്ട്. പക്ഷേ, ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കുകയോ ആവര്‍ത്തിക്കുകയോ ചെയ്താല്‍ പരിശോധന അനിവാര്യമാണ്.

4. വിശപ്പില്ലായ്മ
മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാത്തതിനിടയിലും ക്രമേണ വിശപ്പ് കുറയുന്നത് കാന്‍സറിന്റെ ലക്ഷണമാകാം. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി പ്രകാരം, രോഗത്തിന്റെ പുരോഗതിയില്‍ പൂര്‍ണ്ണമായ വിശപ്പില്ലായ്മയും ഉണ്ടാകാം.

5. അസാധാരണമായ ക്ഷീണം
വിശ്രമിച്ചാലും മാറാത്ത ക്ഷീണം, കാര്യമായ ജോലിയൊന്നും ചെയ്യാതിരിക്കുമ്പോഴും അനുഭവപ്പെടുന്ന ക്ഷീണം എന്നിവയും രോഗത്തിന്റെ ലക്ഷണങ്ങളാകാം. പലപ്പോഴും ഇതിന് ആന്തരിക രക്തസ്രാവമാണ് കാരണമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.

ആകെ, ചെറിയതായി തോന്നുന്ന ഇത്തരം ലക്ഷണങ്ങള്‍ പതിവായി തുടര്‍ന്നുനില്‍ക്കുകയോ മാറാതിരിക്കുകയോ ചെയ്യുന്നുവെങ്കില്‍ ഉടന്‍ വൈദ്യോപദേശം തേടണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

stomach cancer symptoms

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES