മഴക്കാലത്ത് വീടുകളില്‍ അടുക്കള ദുര്‍ഗന്ധം സാധാരണമാണ്. പാചകം ചെയ്യുമ്പോള്‍ ഉയരുന്ന പുകയും ഭക്ഷണാവശിഷ്ടങ്ങളും, കൂടാതെ മഴക്കാല ഈര്‍പ്പവും ചേര്‍ന്നാല്‍ ശക്തമായ ദുര്‍ഗന്ധം ഉണ്ടാകാം. എത്ര വൃത്തിയാക്കിയാലും ചിലപ്പോള്‍ ദുര്‍ഗന്ധം പൂര്‍ണമായും അകറ്റാന്‍ കഴിയാത്ത അവസ്ഥ വരാം. എന്നാല്‍ ചില ലളിത മാര്‍ഗങ്ങള്‍ പിന്തുടര്‍ന്നാല്‍ പ്രശ്നം എളുപ്പത്തില്‍ പരിഹരിക്കാം.
1. കാപ്പിപ്പൊടി
കാപ്പിപ്പൊടിയിലെ നൈട്രജന്‍ ദുര്‍ഗന്ധം വലിച്ചെടുക്കാന്‍ സഹായിക്കുന്നു. അടുക്കളയിലെ കോണുകളില്‍ കുറച്ച് കാപ്പിപ്പൊടി വിതറുകയോ ഒരു തുറന്ന പാത്രത്തില്‍ വെക്കുകയോ ചെയ്താല്‍ ദുര്‍ഗന്ധം കുറയും.
2. നാരങ്ങ തോട് തിളപ്പിക്കുക
നാരങ്ങ തോട് വെള്ളത്തില്‍ ഇട്ട്, അതില്‍ ഗ്രാമ്പുവും കറുവപ്പട്ടയും ചേര്‍ത്ത് 15 മിനിറ്റ് തിളപ്പിക്കുക. ഇതിലൂടെ അടുക്കളയില്‍ മനോഹരമായ സുഗന്ധം പരക്കും.
3. വായു സഞ്ചാരം ഉറപ്പാക്കുക
പാചക സമയത്ത് ജനാലകളും വാതിലുകളും തുറന്നുവെച്ച് വായു സഞ്ചാരം മെച്ചപ്പെടുത്തണം. ഇതിലൂടെ ദുര്‍ഗന്ധം അടുക്കളയില്‍ കുടുങ്ങാതെ പുറത്തേക്ക് പോകും.
4. ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡ വെള്ളത്തില്‍ കലര്‍ത്തി ഒരു പാത്രത്തില്‍ രാത്രി മുഴുവന്‍ തുറന്നുവെക്കുക. ഇത് ദുര്‍ഗന്ധത്തെ വലിച്ചെടുക്കും. വിനാഗിരിയും ഇതിന് നല്ലൊരു പരിഹാരമാണ്.
5. മാലിന്യ നിയന്ത്രണം
സിങ്കും മാലിന്യ ബിന്നും ദിവസവും വൃത്തിയാക്കി അണുവിമുക്തമാക്കണം. മാലിന്യങ്ങള്‍ അടുക്കളയില്‍ ദീര്‍ഘനേരം വെക്കാതിരിക്കുക.
മഴക്കാലത്ത് ഇത്തരം ചെറിയ മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ അടുക്കളയില്‍ ദുര്‍ഗന്ധം ഉണ്ടാകുന്നത് കാര്യമായും കുറയുമെന്ന് വിദഗ്ധര്‍ പറയുന്നു.