അടുക്കളയിലെ തലവേദനകളിലൊന്നാണ് ഗ്യാസ് സ്റ്റൗ വൃത്തിയാക്കല്‍. ഭക്ഷണം ഉണ്ടാക്കുമ്പോള്‍ എണ്ണ തെറിച്ചും ഭക്ഷണ സാധനങ്ങള്‍ തിളച്ചു മറിഞ്ഞും സ്റ്റൗ ബര്‍ണറുകളില്‍ അഴുക്കുപിടിക്കുന്നത് സാധാരണമാണ്. ദിവസവും തുടച്ച് വൃത്തിയാക്കുന്നില്ലെങ്കില്‍ ഇത് കരിപിടിച്ച് കട്ടിയാവും. എന്നാല്‍ ഉരച്ച് കഴുകിയാല്‍ സ്റ്റൗവിന് വര വീഴുകയും ചെയ്യും. അപ്പോഴെന്ത് ചെയ്യും. വഴിയുണ്ട്. ഈ പ്രശ്‌നമൊന്നും ഇല്ലാതെ സ്റ്റൗ വൃത്തിയാക്കാനുളള എളുപ്പവഴികളിതാ.
ചൂട് വെള്ളത്തില്‍ അല്‍പ്പം ഡിഷ് വാഷര്‍ കൂടി ചേര്‍ത്ത് അതില്‍ സ്റ്റൗ ബര്‍ണര്‍ ക്യാപ്പുകള്‍ ഒരു അരമണിക്കൂര്‍ നേരം മുക്കി വെക്കുക. പറ്റിപ്പിടിച്ച എണ്ണയൊക്കെ വെള്ളത്തില്‍ അലിയും. അതിന് ശേഷം സ്‌പോഞ്ച് ഉപയോഗിച്ച് അഴുക്ക് എളുപ്പത്തില്‍ തുടച്ചുമാറ്റാം.
മറ്റൊരു വഴി ബേക്കിംഗ് സോഡ പേസ്റ്റാണ്. ബേക്കിംഗ് സോഡ കുറച്ച് വെള്ളത്തില്‍ കലര്‍ത്തി പേസ്റ്റ് രൂപത്തിലാക്കുക. ഇത് ബര്‍ണറിലെ അഴുക്കുള്ള ഭാഗങ്ങളില്‍ തേച്ചുപിടിപ്പിച്ച് 15 മിനിറ്റ് വെക്കുക.അഴുക്ക് പതുക്കെ ഇളകി വരുമ്പോള്‍ തുടച്ച് കളയാം. വൈറ്റ് വിനാഗിരിയും സ്റ്റൗ ബര്‍ണറിലെ അഴുക്ക് കളയാന്‍ സഹായിക്കും. ഒരു പാത്രത്തില്‍ വിനാഗിരി ഒഴിച്ച് 20 മിനിറ്റ് വെക്കുക ബര്‍ണറുകള്‍ മുക്കി വെക്കുക. വിനാഗിരി അഴുക്കിനെയെല്ലാം ഇളക്കി കളയും. ഒരു തുണി വെച്ച് ബര്‍ണര്‍ തുടയ്ക്കുക.
ദിവസവും സ്റ്റൗ വൃത്തിയാക്കുന്ന പതിവുണ്ടെങ്കില്‍ അതിന് സാധാരണ ചൂടുവെള്ളം മാത്രം മതിയാവും. ഒരു പാത്രത്തില്‍ നല്ല ചൂടുവെള്ളം എടുത്ത് ബര്‍ണര്‍ അതിലിട്ട് വെക്കുക. ചൂടാറിയ ശേഷം തുടച്ചാല്‍ പുതിയ അഴുക്കാണെങ്കില്‍ പെട്ടെന്ന് തന്നെ പോകും. എപ്പോഴും സ്റ്റൗ തുടയ്ക്കാന്‍ പരുപരുത്ത സ്‌ക്രബ്ബറുകള്‍ ഉപയോഗിക്കാതെ മൈക്രോഫൈബര്‍ തുണി ഉപയോഗിക്കുക. അപ്പോള്‍ ബര്‍ണറില്‍ വര വീഴാതെ അഴുക്ക് തുടച്ച് കളയാന്‍ സാധിക്കും.