വീടുകളില്‍ സാധാരണമായി കാണുന്ന, പലപ്പോഴും ഉപയോഗം കാണാതെ പോകുന്ന ഭാഗമാണ് സ്റ്റെയര്‍കേസിലെ ലാന്‍ഡിങ് സ്പേസ്. ഗോവണിയുടെ തുടക്കത്തിലോ ഇടയിലോ അവസാനത്തിലോ വരുന്ന ഈ ചെറിയ ഇടം അലങ്കരിച്ചാല്‍ വീട്ടിന് തന്നെ ഒരു പുതുമ നല്‍കാം. കുറച്ച് ക്രിയേറ്റിവിറ്റി മാത്രം മതി.
ബുക്ക് ഷെല്‍ഫും റീഡിങ് കോര്‍ണറും
പുസ്തകങ്ങള്‍ സൂക്ഷിക്കാന്‍ വലിയ ഇടം വേണ്ടതില്ല. ലാന്‍ഡിങ് സ്പേസില്‍ ഭിത്തി മുഴുവന്‍ കവരുന്ന ഷെല്‍ഫ് സ്ഥാപിക്കാം, അല്ലെങ്കില്‍ കോര്‍ണറില്‍ ചെറിയ റാക്കുകള്‍ വെക്കാം. സ്റ്റെയറിന്റെ താഴെ സ്ഥലം ഒഴിവാണെങ്കില്‍ അവിടെ ചെറിയ ടേബിള്‍, കസേര, ഷെല്‍ഫ് എന്നിവ ചേര്‍ത്താല്‍ മനോഹരമായൊരു റീഡിങ് കോര്‍ണര്‍ റെഡി. വീടിന്റെ മറ്റുഭാഗങ്ങളില്‍ നിന്ന് ഒതുങ്ങി വിശ്രമിക്കാന്‍ പറ്റിയ ഇടമാകും ഇത്.
സ്റ്റോറേജ് സൗകര്യം
പലപ്പോഴും ഉപയോഗിക്കാതെ കിടക്കുന്ന ലാന്‍ഡിങ് ഭാഗം സ്റ്റോറേജ് സ്പേസാക്കി മാറ്റാം. ചെറിയ കാബിനറ്റുകള്‍ സ്ഥാപിച്ച് ക്ലീനിങ് ഉത്പന്നങ്ങള്‍, ടവലുകള്‍, മറ്റ് ചെറിയ സാധനങ്ങള്‍ എന്നിവ സൂക്ഷിക്കാം.
ചെറിയ വര്‍ക്ക് സ്പേസ്
ലാന്‍ഡിങ് സ്പേസിന് കൂടുതല്‍ വിസ്തൃതിയുണ്ടെങ്കില്‍ ചെറിയ മേശയും കസേരയും വെച്ച് വര്‍ക്ക് സ്പേസ് ഒരുക്കാം. ലാപ്ടോപ്പ്/ഡെസ്‌ക്ടോപ്പ് വയ്ക്കാനും പേപ്പറുകള്‍ സൂക്ഷിക്കാനുമുള്ള സ്ഥലമായി ഇത് വളരെ പ്രായോഗികമാണ്. വീട്ടില്‍ പ്രത്യേക ഓഫിസ് ഒരുക്കേണ്ട ആവശ്യം ഇല്ലാതാകും.
ഇന്‍ഡോര്‍ ഗാര്‍ഡന്‍
ലാന്‍ഡിങ് സ്പേസ് ചെറിയൊരു ഗാര്‍ഡനാക്കി മാറ്റാനാവും. ഇന്‍ഡോര്‍ പ്ലാന്റുകള്‍, ചെറിയ സ്റ്റാന്‍ഡുകള്‍, വ്യത്യസ്ത വലിപ്പത്തിലുള്ള ചെടികള്‍ എന്നിവ ചേര്‍ത്ത് മനോഹരമായ ഗ്രീന്‍ കോര്‍ണര്‍ ഒരുക്കാം. ഇത് വീടിന്റെ അന്തരീക്ഷം ശീതളവും സുന്ദരവും ആക്കും.
മെമ്മറി വോള്‍
കുടുംബത്തിന്റെ പ്രിയപ്പെട്ട ഫോട്ടോകളും കലാസൃഷ്ടികളും ചേര്‍ത്ത് ഒരു മെമ്മറി വോള്‍ ഉണ്ടാക്കാം. പ്രത്യേക നിറം നല്‍കി ആര്‍ട്ടിസ്റ്റിക് രീതിയില്‍ ഡിസൈന്‍ ചെയ്താല്‍ അത് വീട്ടിലെ പ്രധാന ആകര്‍ഷണമായി മാറും.
സൗകര്യപ്രദമായ ഇരിപ്പിടം
ലാന്‍ഡിങ് ഭാഗത്ത് ജനാലയുണ്ടെങ്കില്‍ ചെറിയ ബെഞ്ച് വെക്കാം. സ്റ്റോറേജ് സൗകര്യമുള്ള ബെഞ്ച് ആയാല്‍ ഇരിപ്പിടവും സ്റ്റോറേജും ഒരുമിച്ച് കിട്ടും.