വിഷു 2026: കണി ഒരുക്കും മുന്‍പ് അറിയേണ്ട കാര്യങ്ങള്‍

Malayalilife
 വിഷു 2026: കണി ഒരുക്കും മുന്‍പ് അറിയേണ്ട കാര്യങ്ങള്‍

വിഷു എന്ന് കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസില്‍ ആദ്യം തെളിയുന്ന കാഴ്ചയാണ് വിഷുക്കണി.  മേടം ഒന്നിന് പുലര്‍ച്ചെ കണ്ണുതുറക്കുമ്പോള്‍ ആദ്യം കാണുന്ന കാഴ്ച ശുഭകരമായിരിക്കണം എന്ന വിശ്വാസത്തിലാണ് വിഷുക്കണി ഒരുക്കുന്നത്. അതുകൊണ്ട് തന്നെ കണി ഒരുക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

വിഷുവിന് ചെയ്യുന്ന കാര്യങ്ങളുടെ ഫലം അടുത്ത ഒരു വര്‍ഷം മുഴുവന്‍ നിലനില്‍ക്കും എന്ന വിശ്വാസം മലയാളികള്‍ക്കിടയില്‍ നിലനില്‍ക്കുന്നു. അതുകൊണ്ടുതന്നെ വിഷുക്കണി, വിഷുക്കൈനീട്ടം, വിഷുസദ്യ, വിഷുക്കളി തുടങ്ങിയ ആചാരങ്ങള്‍ ഏറെ പ്രാധാന്യത്തോടെ ആചരിക്കപ്പെടുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് വിഷുക്കണിയാണ്. പുതിയ വര്‍ഷത്തിലെ ആദ്യ കാഴ്ച മനോഹരവും ശുഭകരവുമാകണമെന്ന് ആഗ്രഹിച്ചാണ് വിഷുക്കണി ഒരുക്കുന്നത്. വിഷുക്കണി ഒരുക്കുമ്പോള്‍ ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. കൃത്യമായ ചിട്ടകള്‍ കണി ഒരുക്കുന്നതിനുണ്ട്.

കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകളാണ് സാധാരണയായി വിഷുക്കണി ഒരുക്കുന്നത്. വീടിന്റെ പൂജാമുറിയിലോ പ്രധാന മുറിയിലോ തേച്ചുവൃത്തിയാക്കിയ ഓട്ടുരുളിയിലാണ് കണി ഒരുക്കുന്നത്.
ഓട്ടുരുളിയില്‍ ആദ്യം ഉണക്കലരിയും നെല്ലും നിറച്ച് അതിനുമുകളില്‍ കണിവെള്ളരി, പഴുത്ത മാങ്ങ, ചക്ക, കദളിപ്പഴം, നാളികേരം എന്നിവ നിരത്തി വയ്ക്കും. കൂടെ കണിക്കൊന്നപ്പൂക്കളും വെറ്റിലയും അടയ്ക്കയും വയ്ക്കും. കണിയില്‍ വാല്‍ക്കണ്ണാടി വയ്ക്കുന്നത് പ്രത്യേക പ്രാധാന്യമുള്ളതാണ്. ദൈവസാന്നിധ്യത്തിനൊപ്പം സ്വന്തം പ്രതിബിംബവും കണ്ടുണരുക എന്ന സങ്കല്‍പമാണ് അതിനു പിന്നില്‍.

വിഷുക്കണിയില്‍ ശ്രീകൃഷ്ണന്റെ വിഗ്രഹമോ ചിത്രമോ വയ്ക്കുന്ന പതിവുണ്ട്. കിഴക്കോട്ട് തിരിയിട്ട് തെളിച്ച നിലവിളക്കും അതിന്റെ പ്രകാശവും വിഷുക്കണിക്ക് ദൈവിക ഭംഗി പകരുന്നു. കൂടാതെ അലക്കിയ കോടിമുണ്ട്, സ്വര്‍ണം, നാണയങ്ങള്‍, കുങ്കുമം, കണ്മഷി, ഗ്രന്ഥങ്ങള്‍ എന്നിവയും കണിയിലൊരുക്കാറുണ്ട്. ചില വീടുകളില്‍ വെള്ളം നിറച്ച ഓട്ടുകിണ്ടിയും കണിക്കൊപ്പം വയ്ക്കുന്ന പതിവുണ്ട്. ജീവന്റെ ആധാരമായ ജലത്തിന്റെ സാന്നിധ്യം സമൃദ്ധിയുടെ പ്രതീകമായാണ് കാണുന്നത്.

കണിക്കൊന്ന പൂക്കള്‍ വിഷുക്കണിയിലെ ഏറ്റവും പ്രധാന ഘടകമാണ്. മഞ്ഞ നിറത്തിലുള്ള ഈ പൂക്കള്‍ സമൃദ്ധിയുടെയും ശുഭത്വത്തിന്റെയും പ്രതീകമായി കരുതപ്പെടുന്നു. വിത്തുകള്‍ ഉള്ളവര്‍ അവയും പാത്രത്തില്‍ നിരത്തി വയ്ക്കാറുണ്ട്. ചില വീടുകളില്‍ ഉണ്ണിയപ്പം പോലുള്ള മധുര പലഹാരങ്ങളും കണിയിലൊരുക്കി വയ്ക്കും.

വിഷുക്കണി കാണേണ്ടത് ബ്രഹ്‌മമുഹൂര്‍ത്തത്തിലാണ്. സൂര്യോദയത്തിന് മുന്‍പുള്ള ഏകദേശം 48 മിനിറ്റ് ദൈര്‍ഘ്യമുള്ള സമയമാണ് ബ്രഹ്‌മമുഹൂര്‍ത്തം എന്ന് പറയുന്നത്. ഈ സമയത്ത് ഉറക്കമുണര്‍ന്ന്, കണ്ണടച്ച് മുതിര്‍ന്നവര്‍ കൈപിടിച്ചുകൊണ്ടുപോയി കണി കാണിക്കുന്നതും വിഷുവിന്റെ മനോഹരമായ ഓര്‍മ്മകളിലൊന്നാണ്. ആദ്യം നിലവിളക്കിന്റെ പ്രകാശവും കണിയിലെ ഐശ്വര്യവസ്തുക്കളും കാണുന്നത് ജീവിതത്തില്‍ നന്മയും സമൃദ്ധിയും വരട്ടെയെന്ന പ്രാര്‍ത്ഥനയോടെയാണ്.

വിഷുക്കണി ഒരു ആചാരം മാത്രമല്ല, പ്രതീക്ഷയുടെ ഒരു പാരമ്പര്യവുമാണ്. ഒരു വര്‍ഷത്തിന്റെ തുടക്കം നന്മയോടെയും സമൃദ്ധിയോടെയും സന്തോഷത്തോടെയും ആകട്ടെയെന്ന ആഗ്രഹമാണ് ഓരോ മലയാളിയെയും വിഷുക്കണിയിലേക്ക് അടുപ്പിക്കുന്നത്. തലമുറകളായി പകരുന്ന ഈ മനോഹര ആചാരം, വിഷുവിന്റെ ആത്മാവായി ഇന്നും മലയാളി ജീവിതത്തില്‍ നിറഞ്ഞുനില്‍ക്കുന്നു.

വിഷുക്കണി തയ്യാറാക്കാന്‍ ആവശ്യമായ സാമഗ്രികള്‍
1. വിളക്ക് 2. ഓട്ടുരുളി 3. ഉണക്കലരി 4. നെല്ല് 5. നാളീകേരം 6. സ്വര്‍ണ നിറമുള്ള കണി വെള്ളരി 7. ചക്ക 8. മാങ്ങ, മാമ്പഴം 9. കദളിപ്പഴം 10. വാല്‍ക്കണ്ണാടി 11. കൃഷ്ണ വിഗ്രഹം 12. കണിക്കൊന്ന പൂവ് 13. എള്ളെണ്ണ (വിളക്കെണ്ണ പാടില്ല) 14. തിരി 15. കോടിമുണ്ട് 16. ഗ്രന്ഥം 17. നാണയങ്ങള്‍ 18. സ്വര്‍ണം 19. കുങ്കുമം 20. കണ്മഷി 21. വെറ്റില 22. അടക്ക 23. ഒട്ടുകിണ്ടി 24. വെള്ളം

Read more topics: # വിഷു
preparing vishukani

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES