'ബാ... റസൂ...ഇങ്ങട്ട്', പാത്തുമ്മ റസൂലിനെ പിടിച്ചു വലിച്ചു. നിരത്തില്‍ വരിവരിയായിട്ട ആഡംബരകാറുകള്‍ കണ്ണിമക്കാതെ നോക്കി നില്‍ക്കുന്ന മൂന്നു വയസുകാരന്‍ റസൂല്‍.
അഹമദ് ഹാജിയുടെ പേരകുട്ടിയുടെ നിക്കാഹാണ്. കുടുംബത്തിന്റെ പ്രതാപം, പണക്കൊഴുപ്പില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ മത്സരിക്കുന്ന ഒരുക്കങ്ങള്‍. വലിയ പന്തലും തൂങ്ങിയാടുന്ന അലങ്കാരങ്ങളും കണ്ണ് ചിമ്മുന്ന വിളക്കുകളും ആ പ്രദേശമാകെ വര്‍ണ്ണ പ്രഭയില്‍ കുതിര്‍ത്തു.
കുഞ്ഞുറസൂലിന് പന്തലിനു അകത്തു പോയി കാഴ്ചകള്‍ കാണാനും അവിടെ കളിക്കുന്ന കുട്ടികളോടൊപ്പം ചേര്‍ന്നു കളിക്കണമെന്നും വല്ലാതെ കൊതിയുണ്ടായിരുന്നു.
'ഇച്ചു ആത്തു പോണം...', അവന്‍ ചിണുങ്ങി.
'മാണ്ടാന്ന് പറഞ്ഞില്ലേ... റസൂ?'
അവനെ കാണുമ്പോള്‍ കെട്ടഴിയുന്ന കഥകളും ചൂഴ്ന്നിറങ്ങുന്ന നോട്ടങ്ങളും പാത്തുമ്മ ഭയന്നു. ആ ഓര്‍മ്മകള്‍ അവരെ വേട്ടയാടി. അവന്‍ വീണ്ടും വീണ്ടും തിരിഞ്ഞു നോക്കി ഉമ്മൂമ്മയോടൊപ്പം നടന്നു.
'ഉമ്മൂമ്മ മുട്ടായി വാങ്ങി തരാട്ടോ... മുത്ത് നടക്ക്.'
അവന്റെ മുഖം സന്തോഷം കൊണ്ടു തുടുത്തു. അവന്‍ ഓടിയോടി നടക്കാന്‍ തുടങ്ങി.
'ന്റെ... മുത്ത്... ന്തേ പെഴച്ചെ??', അവന്റെ ചന്തമുള്ള മുഖത്തു ഉമ്മ വെച്ച് പാത്തുമ്മ കരച്ചിലിനിടയില്‍ പറയാറുള്ളത്, എന്താണെന്ന് റസൂലിന് മനസ്സിലായില്ല. ഇടയ്ക്കിടെ ഒഴുകുന്ന കണ്ണീര്‍ തട്ടത്തിന്റെ അഗ്രം കൊണ്ട് തുടച്ചെടുത്ത് വിദൂരതയിലേക്ക് നോക്കിയിരിക്കുന്ന ഉമ്മൂമ്മയെ അവന്‍ കാണാറുണ്ട്.
ഉമ്മറത്ത് ഫ്രെയിം ചെയ്തു വെച്ച ഫോട്ടോകളില്‍ ഉമ്മൂമ്മയ്ക്കും ഉപ്പാപ്പക്കും ഇടയില്‍ നില്‍ക്കുന്ന പാവാടക്കാരിയെ ചൂണ്ടി ഉമ്മൂമ്മ പറയും
'ന്റെ മോളു ഷംന... ഓള് പോയി...',
തേങ്ങലില്‍ അടര്‍ന്നു വീഴുന്ന ചില വാക്കുകള്‍ വിങ്ങലായി, ഉമ്മയുടെ നെഞ്ചകം കത്തിക്കുന്നുണ്ടായിരുന്നു. മുറ്റത്തെ പൂഴിമണലില്‍ കളിച്ചു കൊണ്ടിരുന്ന റസൂല്‍ കൈയിലെ കളിപ്പാട്ടം ദൂരെയെറിഞ്ഞു ഉമ്മൂമ്മയുടെ മടിയില്‍ വന്നിരിക്കും.
'കരയല്ലേ... ഉമ്മൂമ്മ', അവന്റെ കുഞ്ഞു വിരലുകള്‍ ആ കണ്ണീര്‍ച്ചാലുകളിലൂടെ ഉരസ്സിയിറങ്ങും.
'ഓളും... ഇങ്ങിനെയായിരുന്നു... ന്റെ കണ്ണില് വെള്ളം പൊടിയണത് ഓള്‍ക്കും സഹിക്കൂല്ലായിരുന്നു'.
'ഇയ്യ് എന്തൊക്കെയാ പറയണെ...ആ ചെക്കനെ മക്കാറാക്കണ്ടി ഇങ്ങട്ട് കേറി പോന്നോളി', ജലീല്‍ തന്റെ ബീവിയെ വിളിച്ചു.
നരച്ച താടിരോമങ്ങള്‍ അയാളുടെ വിരലുകള്‍ക്കിടയിലൂടെ അലസമായി ഒഴുകിയിറങ്ങി. വലിയ കണ്ണുകളില്‍ വിഷാദം തളംകെട്ടി. വെയില്‍ കൊണ്ടു നിറം മങ്ങിയ തൊലിയില്‍ നിന്നും ഉപ്പുകാറ്റ് ജലാശം ഊറ്റിയെടുത്തു, ചുളിവുകള്‍ വീഴ്ത്തിയിരുന്നു. അധികം ദൂരെയല്ലാതെ ആര്‍ത്തിരിമ്പുന്ന കടല്‍ അയാളുടെ മനസ്സിലും ഇരുമ്പിയാര്‍ത്തു.
'എല്ലാം ഓള്‍ക്ക് വേണ്ടിയായിരുന്നല്ലോ...' അയാളില്‍ നിന്നും നെടുവീര്‍പ്പുയര്‍ന്നു.
ഷംന അവരുടെ ഏക മകള്‍, അതെ അവളായിരുന്നു അവര്‍ക്കെല്ലാം. അധ്വാനിയായ ജലീല്‍ ഓരോ ദിവസവും കടലില്‍ തുഴയെറിഞ്ഞതും വീശിപ്പിടിച്ചതും ആ കുടുംബത്തിന്റെ സ്വപ്നങ്ങള്‍ ആയിരുന്നു.'ഷംനാന്റെ നിക്കാഹ്...' അയാള്‍ വിശ്രമമില്ലാതെ ചോര നീരാക്കിയതും ഉറുമ്പിനെ പോലെ സ്വരുക്കൂട്ടി വെച്ചതും പുന്നാരമോളുടെ നല്ല ഭാവിക്കു വേണ്ടി മാത്രയായിരുന്നു.
'ഔ... ഒരു ഹൂറി... ഏതു സുല്‍ത്താന്യാ അന്റെ ഉപ്പ കണ്ടുവെച്ചിരിക്കണേ, പുന്നാര മോള്‍ക്ക്?', ഷംനയുടെ കൂട്ടുകാരികള്‍ കളിയാക്കി ചിരിച്ചു.
'ഒന്നു പോണുണ്ടോ... ന്റെ ഉമ്മേം വാപ്പച്ചേ വിട്ടു ഒരിടത്തും ഞാന്‍ പൂവൂല്യ.'
അവളുടെ വെള്ളാരം കണ്ണുകള്‍ക്ക് കുറുകെ പറന്ന നീളന്‍ മുടിയിഴകള്‍ മാടിയൊതുക്കി തട്ടത്തില്‍ തിരുകി അവള്‍ ചിരിച്ചു.
'ഉം.. ഉം.. കാണാലോ... അവരുടെ ചിരിയില്‍ കുപ്പിവള കിലുക്കം താളമിട്ടു.
തട്ടം പറപ്പിക്കുന്ന കടല്‍ക്കാറ്റ് അവര്‍ക്കിടയില്‍ കുസൃതികാട്ടി.
ചുവന്ന സന്ധ്യയുടെ തുടിപ്പില്‍, വെയില്‍ ചാഞ്ഞപ്പോള്‍, ഷംനയും ഉമ്മയും വിശേഷങ്ങള്‍ പങ്കുവെച്ചു ഉറക്കെ ചിരിക്കുമ്പോളാണ് ജലീല്‍ കയറിവന്നത്. കാലിലെ പൂഴി തട്ടിക്കുടഞ്ഞു, മൊന്തയിലെ വെള്ളമെടുത്തു കാല്‍ കഴുകി, അയാള്‍ ചാരുകസേരയില്‍ ഇരുന്നു.
പാത്തുമ്മ കൊണ്ടുവന്നു വെച്ച പലഹാരം ഉപ്പയും മോളും മെല്ലെ ആസ്വദിച്ചു കഴിക്കാന്‍ തുടങ്ങി.
'ഭേഷായിട്ടുണ്ട് ഉമ്മ...', അവള്‍ വിരലുകള്‍ക്കിടയിലെ മധുരം നക്കി തുടച്ചു.
'ഈ പലഹാരം കയ്യിട്ടുവാരി പെണ്ണിന് ഒരു പുയ്യാപ്ലെ കണ്ടു പിടിച്ചിരിക്കുണ്', അയാള്‍ തെളിഞ്ഞ ചിരിയോടെ ഭാര്യയേയും മകളേയും നോക്കി.
'ങ്... ഇതാര്?, പാത്തുമ്മ കൈകൊണ്ടു ആഗ്യം കാണിച്ചു.
'സുബൈര്‍... അറക്കലെ കുഞ്ഞുകുട്ടി ഇക്കയുടെ മോന്‍, ചെക്കന്‍ ഓളെ കണ്ടിട്ടുണ്ട് ത്രെ.'
'അനക്ക് മുട്ടില്ലാണ്ട് കയ്യാം, ഓന്റെ കച്ചോടം നല്ല ഉഷാറാണ്', അയാള്‍ ഷംനയെ ചേര്‍ത്തിരുത്തി.
'അന്റെ പൂതി പടച്ചോനറിയാന്നു തോന്നുണു. ഒരു രണ്ട് കിലോമീറ്ററു പോയാല് ഓന്റെ വീടായി. അനക്ക് തോന്നുമ്പം ഉമ്മെ കാണാന്‍ ഓടി ബരാം'.
'ന്റെ വാപ്പച്ചീനീം...', ഷംന കൂട്ടിച്ചേര്‍ത്തു.
കാറ്റില്‍ ഒരേ ദിശയില്‍ ഉലയുന്ന തെങ്ങോലകള്‍ സീല്‍ക്കാരത്തോടെ അവരുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നു.
അലങ്കാരത്തുന്നല്‍ മനോഹരമാക്കിയ വിവാഹവസ്ത്രത്തില്‍ മൈലാഞ്ചി ചോപ്പ് പടര്‍ത്തിയ കൈത്തലം ചേര്‍ത്തുവെച്ചു, ചുറ്റും ഒപ്പന പാടി കളിക്കുന്ന കൂട്ടുകാരികള്‍ക്ക് നടുവില്‍, മൊഞ്ചുള്ള മണവാട്ടി, ചക്രവാളത്തില്‍ മറയുന്ന സൂര്യനെപ്പോലെ പൊന്‍പ്രഭ പരത്തി.
സുബൈറും ഷംനയും പ്രതീക്ഷിക്കാത്ത നേരത്ത് വന്നു കയറിയപ്പോള്‍ പാത്തുമ്മ അത്ഭുതപ്പെട്ടു.
'ഉമ്മാക്ക് ഒരു ഉമ്മൂമ്മ ആകണ്ടേ? ഷംന ഉമ്മയുടെ കവിളില്‍ നുള്ളി.
'എന്റെ റബ്ബേ...', പാത്തുമ്മ മകളെ കെട്ടിപിടിച്ചു.
ഷംനയുടെ വെള്ളിക്കൊലുസ്സുകള്‍ കിലുങ്ങി.
ആശുപത്രി വരാന്തയില്‍ വേവലാതിയോടെ കാത്തുനിന്ന അവരുടെ കൈയിലേക്ക് വെച്ചുകൊടുത്ത കുഞ്ഞിനെ പാത്തുമ്മ മാറോടു ചേര്‍ത്തു. അവനു റസൂല്‍ എന്ന പേര് ഷംന കരുതിവെച്ചിരുന്നു.
ജോലിത്തിരക്കുകള്‍ക്കിടയിലും പാത്തുമ്മ ഷംനയുടെ മുറിയില്‍ ഇടയ്ക്കിടെ ഓടിയെത്തി. കുഞ്ഞിനെ ഒട്ടും ശ്രദ്ധിക്കാതിരിക്കുന്ന ഷംന കനലായി പാത്തുമ്മയുടെ ഉള്ളില്‍ പുകഞ്ഞു.
'എന്താ അനക്ക് പറ്റ്യേ... ദീനം വല്ലതും?'
ഉമ്മയുടെ ചോദ്യങ്ങള്‍ക്ക് നേരെ അവള്‍ അവള്‍ പ്രതികരിച്ചില്ല. മൗനത്തിന്റെ വലിയ താഴിട്ടു പൂട്ടിയ ദിനങ്ങള്‍ അവളിലൂടെ കടന്നുപോയി.
റസൂലിന്റെ ഉച്ചത്തിലുള്ള കരച്ചില്‍ കടല്‍ക്കാറ്റിന്റെ ഇരുമ്പലില്‍ മുറിയില്‍ ചുറ്റിത്തിരിഞ്ഞു. അലറിക്കരയുന്ന കുഞ്ഞിനരികില്‍ നിശ്ചലയായി ഷംന ഇരുന്നു. അവന്റെ കരച്ചില്‍ അവളെ അസ്വസ്ഥയാക്കി.
'ഇതിനെ കൊണ്ടുപോയി കളയുമ്മ', അവള്‍ പാത്തുമ്മയോടു കെഞ്ചിക്കരഞ്ഞു.
'എന്റെ റബ്ബേ...', പാത്തുമ്മ നടുങ്ങി.
ഷംന വെളിച്ചത്തിനു നേരെ മുറുമുറുത്തു. ജാലകപ്പാളികള്‍ കൊട്ടിയടച്ചു, ഇരുട്ടില്‍ അഭയം തേടി. അവളുടെ കാതില്‍ ആയിരം കടന്നലുകള്‍ മൂളി.
അവളെ വേട്ടയാടുന്ന ആള്‍ക്കൂട്ടത്തെ വെറുത്തു, അവരില്‍ നിന്നും ഓടിയകലാന്‍ കൊതിച്ചു. അവള്‍ ഏകാന്തതയില്‍ ശാന്തയായി. വിഷാദം അവള്‍ക്കു ചുറ്റുമുള്ള ഇരുട്ടില്‍ കോട്ട പണിതു.
അയല്പക്കത്തെ സ്ത്രീകളും ബന്ധുക്കളും അടക്കം പറഞ്ഞു, മൂക്കത്തു വിരല്‍ വെച്ചു.
'ഓള്ക്ക് നൊസ്സിളകി..., അല്ലങ്കില് കുട്ടിക്ക് മൊല കൊടുക്കാണ്ടിരിക്കോ?'
അവര്‍ കൂട്ടം കൂട്ടമായി ചര്‍ച്ച ചെയ്തു. പല അഭിപ്രായങ്ങളും എടുത്തിട്ടു.
'ആരെങ്കിലും കൈവിഷം കൊടുത്തത്താവും... അസൂയക്കാര്', വെളിച്ചം മങ്ങി തുടങ്ങിയ, തിമിരക്കണ്ണുകളുള്ള മറിയുതാത്തയുടെ വാക്കുകള്‍ ഷംനയുടെ കൂട്ടുകാരി മുംതാസ് നീരസത്തോടെ വിലക്കി.
'ഇങ്ങള് മുണ്ടാതിരി താത്ത, ഇത് ഒരു ദീനാണ്ന്നു കേട്ടിടുക്കുണ്.'
'പിന്നെ ദീനം... ഈ ദുനിയാവില് എല്ലാരേം ഓരോ തള്ളമാര് പെറ്റതല്ലേ? ആരിക്കും ഇല്ലാത്ത ഒരിനം ദീനം...ഒരു ദീനക്കാരി വന്നിരിക്കുണ്... പോ പെണ്ണേ', വൃദ്ധ മുംതാസിനു നേരെ കയ്യോങ്ങി.
'ന്നാലും.. ജലീലിക്കാന്റെ പൊരേല് ഇങ്ങിനെ വന്നല്ലോ...'. ചിലര്‍ സഹതപിച്ചു
ചിന്തകള്‍ വിഴുങ്ങിയ ഉറക്കം, പാത്തുമ്മയുടെയും ജലീലിന്റെയും കണ്‍പോളകളില്‍ തൂങ്ങി നിന്നു.
'നിക്ക് പേട്യവുണ്...', പാത്തുമ്മ ജലീലിനെ നോക്കി വിമ്മികരഞ്ഞു.
'ഓളെ ഒരു ഡാക്കിട്ടരെ കാട്ടാം, ഈയ്യ് സമാധാനപ്പെട്', ഭാര്യയെ ആ വാക്കുകള്‍ സമാധാനിപ്പിച്ചുവെങ്കിലും മനോവ്യഥയില്‍ അയാളുടെ തൊണ്ട വരണ്ടു. അയാള്‍ കുടിനീരിനായി പരതി.
ഷംനയുടെ വീട്ടുമുറ്റത്തു വന്നു നിന്ന കാറില്‍ നിന്നും സുബൈറിന്റെ ബന്ധുക്കള്‍ ഇറങ്ങിവന്നു. പാത്തുമ്മയുടെ നെഞ്ചില്‍ ഭയം അരിച്ചിറങ്ങി. ബന്ധുക്കളുടെ മുഖങ്ങളില്‍ കനല്‍ ജ്വലിച്ചു.
'നിങ്ങള് സൂക്കേട്കാരിയെ ന്റെ മോന്റെ തലേല് കെട്ടിവെച്ചേ?', സുബൈറിന്റെ ഉമ്മ പാത്തുമ്മയുടെ നേരെ വിരല്‍ ചൂണ്ടി.
'അയ്യോ... നിങ്ങള് പടച്ചോന് നെരക്കാത്തത് പറയല്ലേ... ഓള്‍ക്ക് ഒരു കൊഴപ്പം ഇല്യാര്‍ന്നു. നിങ്ങള്ക്കും അറിയണതല്ലേ', പാത്തുമ്മയുടെ ശബ്ദം ഇടറി.
'ഓളുടെ പിരാന്തു ഇപ്പ പൊറത്തു ചാടില്ലെ? ഓളെ കാത്തിരിക്കാന്‍ ഇനി എന്റെ മോനെ കിട്ടൂല്ല', അവര്‍ ഷംനയുടെ മുറിയിലേക്ക് പാളി നോക്കി, തീര്‍ത്തും അവജ്ഞയോടെ ചിറികോട്ടി.
സല്‍ക്കാരത്തിനായി ഒരുക്കിയ ചായയും പലഹാരങ്ങളും കണ്ണാടിപ്പാത്രങ്ങളില്‍ തണുത്തു വിറങ്ങലിച്ചു. പാട കെട്ടിയ ചായയില്‍ പൊടീച്ചകള്‍ ചത്തു കിടന്നു. ഉറഞ്ഞ പഞ്ചസാര തരികള്‍ക്കു ചുറ്റും ഉറുമ്പുകള്‍ മെല്ലെ അരിച്ചുനീങ്ങി.
അടുപ്പിനടുത്തു ചൂടുപ്പറ്റി ചുരുണ്ടു കിടന്നിരുന്ന കുറിഞ്ഞി പൂച്ച തന്റെ ചുറ്റും കളിക്കുന്ന നാലു കുഞ്ഞുങ്ങളേയും മാറി മാറി നക്കി തോര്‍ത്തി. കുഞ്ഞുങ്ങളുടെ കരച്ചില്‍ അവളെ അസ്വസ്ഥയാക്കിയില്ല. പകരം അവയുടെ രോമക്കുപ്പായത്തില്‍ മുഖമുരസ്സി അവള്‍ അവരെ ചേര്‍ത്തു നിര്‍ത്തി.
രാവിലെ പടിക്കടന്നു വരുന്ന അഹമദ് ഹാജിയെ കണ്ടു ജലീല്‍ മുറ്റത്തിറങ്ങി. ഉമ്മറത്തെ കസേര പൊടിതട്ടി ഇരിക്കാന്‍ ക്ഷണിച്ചു.
'...ന്റെ ഷംനേടെ കാര്യം, പൊരേല് പെണ്ണുങ്ങള് പറയണ കേട്ടു', അയാള്‍ ചോദ്യഭാവത്തില്‍ ജലീലിനെ നോക്കി.
'ഉം... ഓളെ ഒരു ഡാക്കിട്ടരെ കാണിക്കാം ന്നു കരുതാ...', ജലീല്‍ താഴോട്ട് നോക്കി. ഹാജിയുടെ വെള്ളകുപ്പായം തിളങ്ങി.
'ജ്ജ് ന്താ പറയണേ?'
'അതൊന്നും മാണ്ട ജലീലെ...', അയാള്‍ എഴുന്നേറ്റു ജലീലിന്റെ കാതില്‍ സ്വകാര്യം പറഞ്ഞു.
'ഞാന്‍ ഇറങ്ങണു.', അയാള്‍ കയ്യിലുള്ള ചന്ദനം കൊണ്ടു തീര്‍ത്ത വടി കുത്തി പോകാന്‍ എണീറ്റു. പ്രമാണിയുടെ സ്വര്‍ണച്ചുറ്റുള്ള വടി പൂഴിമണലില്‍ ചെറിയ കുഴികള്‍ തീര്‍ത്തു പടികടന്നു പോയി.
ഷംനക്ക് വേണ്ടി എഴുതിയ തകിടുകളും, ഏലസ്സുകളും, മന്ത്രിച്ചു ഊതിയ ചരടുകളും അവളുടെ ശരീര ഭാഗങ്ങളില്‍ തൂങ്ങിക്കിടന്നു. അവയ്‌ക്കൊന്നിനും അവളുടെ ചുറ്റുമുള്ള ഇരുട്ടിന്റെ കോട്ട തകര്‍ക്കാനായില്ല.
രാത്രിമഴയുടെ സംഗീതം ഷംനയെ വിളിച്ചുണര്‍ത്തി. അവള്‍ മുറി തുറന്നു തനിയെ പുറത്തിറങ്ങി. ഭയം അവള്‍ക്കു അന്യമായി തീര്‍ന്നിരുന്നു. ശക്തമായ വേലിയേറ്റത്തില്‍ കടലില്‍ കുതിച്ചു പൊന്തിയ തിരകള്‍ ആ ഇരുട്ടിലും അവള്‍ കണ്ടു. പാറക്കെട്ടുകള്‍ക്കു ചുറ്റും വെള്ളിപാദസരം തീര്‍ത്തു പതഞ്ഞു പൊന്തുന്ന നുരകള്‍ അവളുടെ പാദം നനച്ചു. അദൃശ്യമായ നീരാളി കൈകള്‍ ഊക്കില്‍ അവളെ ഉള്ളിലേക്ക് വലിച്ചെടുത്തു. കടലാഴങ്ങളിലെ ഇരുട്ടിന്റെ ലോകത്തേക്ക് അവളെ കൂട്ടി കൊണ്ടുപോയി.
ഷംനയുടെ മുറിയുടെ വാതില്‍ തുറന്നു കിടന്നു. പാത്തുമ്മയുടെ നെഞ്ചില്‍ മിന്നല്‍ പാഞ്ഞു.
'പടച്ചോനെ...ഓള്...?,അവരുടെ അലമുറ മുറ്റവും തൊടിയും കടന്നു കടല്‍ക്കരയിലെത്തി.
മരണവീട്ടില്‍ ആളുകള്‍ തിങ്ങി നിറഞ്ഞു. അകത്തു തൊട്ടിലില്‍ റസൂല്‍ ഉച്ചത്തില്‍ അലറി കരഞ്ഞുകൊണ്ടിരുന്നു. ഉമ്മറത്തെ കസേരയില്‍ അഹമ്മദ് ഹാജി വന്നിരുന്നു. ആളുകള്‍ ബഹുമാനത്തോടെ ഒഴിഞ്ഞു നിന്നു.
'ന്താ പഹയന്റെ കീറല്...',അയാള്‍ അസ്വസ്ഥതയോടെ മുഖം ചുളിച്ചു, കൈ വിരലുകള്‍ ചുരുട്ടിനിവര്‍ത്തി.
'റസൂല്... ഓന്‍ മാലാഖ... മലക്ക് ന്നെ, ഉമ്മാന്റെ റൂഹ് വലിച്ചെടുക്കാന്‍ വന്ന അസറായീല് മലക്ക്.'
'ഇനി ആര്‌ടെ പെരുവിരലാവോ തരിക്ക്യ...', ചുറ്റും കൂടിയ ആളുകള്‍ ഭയപ്പാടോടെ പരസ്പരം നോക്കി.
'ഹാജ്യാരെ... ഓനല്ല... ന്റെ മോളെ കൊണ്ടുപോയത്. ഇങ്ങടെ വാക്ക് കേട്ടതാ എനിക്ക് തെറ്റീത്. ഇനി ഓള്‍ടെ കുഞ്ഞിനെ പറഞ്ഞാലുണ്ടല്ലോ', ജലീല്‍ മുന്നോട്ടാഞ്ഞു. അയാളുടെ കണ്ണുകള്‍ പുറത്തേക്കു തള്ളി,വാക്കുകള്‍ തീ തുപ്പി.
നടുക്കം പുറത്തുകാണാതിരിക്കാന്‍ ഹാജിയാര്‍ പണിപ്പെട്ടു. അയാള്‍ പെരുവിരല്‍കൊണ്ടു അസുഖകരമായ ശബ്ദത്തില്‍ തറയില്‍ ഉരസി.
***
മെല്ലെ വീശുന്ന കടല്‍ക്കാറ്റിന്‍ താരാട്ടിനൊപ്പം ഉപ്പൂപ്പയുടെ നെഞ്ചില്‍ തലച്ചേര്‍ത്തു കുഞ്ഞുമാലാഖ സ്വപ്നം കണ്ടുറങ്ങി. സ്വപ്നത്തില്‍, ഉമ്മയുടെ തലോടല്‍ ഏറ്റിട്ടാവും, അവന്‍ ഉറക്കത്തില്‍ പുഞ്ചിരിക്കുന്നതെന്ന്, ജലീലും പാത്തുമ്മയും തങ്ങളുടെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കാന്‍ ശ്രമിച്ചു.
ആകാശത്തെ കോണില്‍ അവരെ നോക്കി ഒരു നക്ഷത്രം മിന്നിത്തിളങ്ങി. അവള്‍ക്കു ചുറ്റും ഇരുട്ടിന്റെ കരിമ്പടത്തില്‍ അനവധി നക്ഷത്രകുഞ്ഞുങ്ങളെ പെറ്റിട്ടിരുന്നു.
തിരിച്ചറിയാന്‍ കഴിയാതെ പോയ രോഗാവസ്ഥ തട്ടിപ്പറിച്ച സ്ത്രീ ജന്മകളും അതിനു പഴി കേട്ട കുഞ്ഞുങ്ങളും അവരെ കുറിച്ച് വേദനിച്ച കുറെ നല്ല മനുഷ്യരും നമുക്കു ചുറ്റുമുണ്ട്.