തന്റെ ഉള്ളിലുള്ള കാര്യങ്ങള്‍ കൃത്യമായി പറയാന്‍ ആഗ്രഹമുണ്ടായിട്ടും, അത് പുറത്തേക്ക് പ്രകടിപ്പിക്കാന്‍ കഴിയാതെ കുട്ടികള്‍ ബുദ്ധിമുട്ടുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? വാക്കുകള്‍ നാവിലുണ്ടെങ്കിലും അവ ശബ്ദമായി പുറത്തുവരാന്‍ തടസ്സം നേരിടുന്നുണ്ടെങ്കില്‍, അത് ചൈല്‍ഡ്ഹുഡ് അപ്രാക്‌സിയ ഓഫ് സ്പീച്ച് (Childhood Apraxia of Speech - CAS) എന്ന അവസ്ഥയാകാം.
കുട്ടിക്ക് എന്ത് പറയണമെന്ന് കൃത്യമായ ബോധ്യമുണ്ടാകും, എന്നാല്‍ അത് പറയാന്‍ ആവശ്യമായ പേശീചലനങ്ങളെ (നാവ്, ചുണ്ട്, താടിയെല്ല്) കൃത്യമായി ഏകോപിപ്പിക്കാന്‍ തലച്ചോറിന് സാധിക്കാതെ വരുന്നു. പലപ്പോഴും ആളുകള്‍ ഇതിനെ സാധാരണ സംസാര വൈകല്യമായി തെറ്റിദ്ധരിക്കാറുണ്ട്. എന്നാല്‍ സംസാരത്തിന് സഹായിക്കുന്ന പേശികള്‍ക്ക് ബലക്കുറവോ തളര്‍ച്ചയോ ഉള്ളതുകൊണ്ടല്ല കുട്ടിക്ക് സംസാരിക്കാന്‍ കഴിയാത്തത്.
സംസാരിക്കാന്‍ വേണ്ടി പേശികള്‍ക്ക് നല്‍കേണ്ട സന്ദേശങ്ങള്‍ കൃത്യമായ ക്രമത്തില്‍ നല്‍കാന്‍ തലച്ചോറിന് കഴിയുന്നില്ല. ഇതൊരു അപൂര്‍വമായ ന്യൂറോളജിക്കല്‍ ഡിസോര്‍ഡര്‍ ആണ്.
എന്താണ് ചൈല്‍ഡ്ഹുഡ് അപ്രാക്‌സിയ ഓഫ് സ്പീച്ച്?
നമ്മുടെ സംസാരം എന്നത് തലച്ചോറും പേശികളും തമ്മിലുള്ള ഒരു ഏകോപനമാണ്. സംസാരിക്കുമ്പോള്‍ ചുണ്ടുകള്‍, നാവ്, താടിയെല്ല് എന്നിവ കൃത്യമായ രീതിയില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുമ്പോഴാണ് മനുഷ്യന് സംസാരിക്കാന്‍ സാധിക്കുന്നത്. എന്നാല്‍ സി എ എസ് ബാധിച്ച ഒരു കുട്ടിക്ക് ഈ അവയവങ്ങളില്‍ ഒന്നും കൃത്യമായി നിയന്ത്രിക്കാന്‍ സാധിക്കുകയില്ല.
കുട്ടികള്‍ അധികം സംസാരിക്കാതിരിക്കുക. ആദ്യ വാക്കുകള്‍ പ്രതീക്ഷിച്ചതിനും വൈകി സംസാരിക്കുക. എന്നിവയൊക്കെ സി എ എസിന്റെ ലക്ഷണങ്ങളാണ്. വളരുന്തോറും അവരുടെ സംസാരം മനസ്സിലാക്കാന്‍ ബുദ്ധിമുട്ടായിരിക്കും. വികലമായ ശബ്ദങ്ങള്‍, പിശകുകള്‍, അസാധാരണമായ താളംഎന്നിവയൊക്കെ അവരുടെ വാക്കുകളില്‍ കാണപ്പെടുന്നു.
പ്രധാന ലക്ഷണങ്ങള്‍ / സി എ എസ് എങ്ങനെ തിരിച്ചറിയാം?
സാധാരണയായി 18 മാസം മുതല്‍ 2 വയസ്സ് വരെയുള്ള കാലയളവില്‍ ആണ് സി എ എസിന്റെ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങുക. എന്നാല്‍ കുട്ടിയുടെ പ്രായത്തിനനുസരിച്ച് ലക്ഷണങ്ങളില്‍ മാറ്റം വരാം. സമപ്രായക്കാരായ മറ്റ് കുട്ടികളേക്കാള്‍ കുറച്ച് വാക്കുകള്‍ മാത്രം പറയുന്നതോ, മനസ്സിലാക്കാന്‍ പ്രയാസമുള്ള രീതിയില്‍ സംസാരിക്കുന്നതോ ആണ് പ്രാഥമിക ലക്ഷണം. മറ്റ് ലക്ഷണങ്ങള്‍ ഇവയൊക്കയാണ്:
1. ശബ്ദങ്ങളോ വാക്കുകളോ അനുകരിക്കുന്നതില്‍ ബുദ്ധിമുട്ട്
2. ആദ്യ വാക്കുകള്‍ സംസാരിക്കാന്‍ വളരെയധികം വൈകുക.
3. ഒരേ വാക്ക് തന്നെ ഓരോ തവണയും ഓരോ രീതിയില്‍ ഉച്ചരിക്കുക.
4. വാക്കുകള്‍ക്കിടയില്‍ അസ്വാഭാവികമായ വിടവുകള്‍ വരികയോ, അക്ഷരങ്ങളില്‍ തെറ്റായ രീതിയില്‍ ഊന്നല്‍ നല്‍കുകയോ ചെയ്യുക.
5. വികലമായ സ്വരാക്ഷര ശബ്ദങ്ങള്‍
ചികിത്സാ രീതികള്‍
സി.എ.എസ് (CAS) ബാധിച്ച കുട്ടികള്‍ക്ക് സാധാരണ സ്പീച്ച് തെറാപ്പിയില്‍ നിന്നും വ്യത്യസ്തമായ, കൂടുതല്‍ തീവ്രവും ചിട്ടയായതുമായ ഒരു ചികിത്സാ രീതിയാണ് ആവശ്യം. കൃത്യമായ സമയത്തുള്ള ഇടപെടലിലൂടെ ഇവരുടെ സംസാരശേഷിയില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കും.
സി.എ.എസ് തെറാപ്പി കേവലം വാക്കുകള്‍ പഠിപ്പിക്കലല്ല, മറിച്ച് തലച്ചോറില്‍ നിന്ന് പേശികളിലേക്കുള്ള സന്ദേശങ്ങളെ ഏകോപിപ്പിക്കുകയാണ് ചെയ്യുന്നത്. സി എ എസ്-നുള്ള തെറാപ്പി സ്റ്റാന്‍ഡേര്‍ഡ് സ്പീച്ച് തെറാപ്പിയില്‍ നിന്ന് വ്യത്യസ്തമാണ്. ഇത് കൂടുതല്‍ തീവ്രവും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും വ്യക്തിഗതവുമാണ്. അത്തരം സെക്ഷനുകളില്‍ ആവര്‍ത്തനം, ദൃശ്യ സൂചനകള്‍ (തെറാപ്പിസ്റ്റിന്റെ വായ നിരീക്ഷിച്ച് അനുകരിക്കല്‍), സ്പര്‍ശന അധിഷ്ഠിത പ്രോംപ്റ്റുകള്‍ ('ഊ' ശബ്ദത്തിനായി ചുണ്ടുകള്‍ വളയാന്‍ സഹായിക്കുന്നതുപോലെ) എന്നിവയിലൂടെ ശബ്ദങ്ങള്‍ ആസൂത്രണം ചെയ്യാനും പറയാനും പഠിപ്പിക്കുന്നു. ഇത്തരം കാര്യങ്ങളില്‍ങ്ങളില്‍ മാതാപിതാക്കള്‍ക്കും വീട്ടില്‍ തുടര്‍ച്ചയായ പരിശീലനം നല്‍കാം.
സംസാരം വൈകുന്നത് കുട്ടികളില്‍ വലിയ നിരാശയുണ്ടാക്കാം. ലളിതമായ ആംഗ്യങ്ങളിലൂടെ ആവശ്യങ്ങള്‍ അറിയിക്കാന്‍ കുട്ടിയെ പരിശീലിപ്പിക്കാം. സംഭാഷണം സൃഷ്ടിക്കുന്ന ടാബ്ലെറ്റ് ആപ്പുകള്‍ (Speech Generating Apps) കുട്ടിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ആശയവിനിമയം സുഗമമാക്കുകയും ചെയ്യും.
സി എ എസ് ഉള്ള കുട്ടികളില്‍ സ്പീച്ച് തെറാപ്പിക്കൊപ്പം തൊഴില്‍ അല്ലെങ്കില്‍ ഫിസിക്കല്‍ തെറാപ്പി ഉള്‍പ്പെടുന്ന ഒരു മള്‍ട്ടി ഡിസിപ്ലിനറി സമീപനം പലപ്പോഴും മികച്ച ഫലങ്ങളിലേക്ക് നയിക്കുന്നു.
സി.എ.എസ് പരിഹരിക്കപ്പെടുന്നത് പെട്ടെന്നുള്ള ഒരു പ്രക്രിയയല്ല. ഇതിന് വളരെയധികം ക്ഷമയും പ്രോത്സാഹനവും ആവശ്യമാണ്. വിദഗ്ദ്ധ സഹായത്തോടെ വീട്ടിലും പരിശീലനം തുടരുന്നത് പുരോഗതി വേഗത്തിലാക്കും. കുട്ടിക്ക് സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് തോന്നിയാല്‍ കാത്തിരിക്കാതെ എത്രയും വേഗം ഒരു സ്പീച്ച് പതോളജിസ്റ്റിനെ കാണുക. നേരത്തെയുള്ള ഇടപെടലാണ് ഏറ്റവും നല്ല മരുന്ന്.