ഏതു ചെറിയ പ്രതിസന്ധിയിലും തളരുന്നുണ്ടോ നിങ്ങളുടെ കുട്ടികള്‍; ആ തളര്‍ച്ച നിങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ടോ; കുട്ടികളെ ശ്രദ്ധിക്കാന്‍ ചില വഴികള്‍

Malayalilife
ഏതു ചെറിയ പ്രതിസന്ധിയിലും തളരുന്നുണ്ടോ നിങ്ങളുടെ കുട്ടികള്‍; ആ തളര്‍ച്ച നിങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ടോ; കുട്ടികളെ ശ്രദ്ധിക്കാന്‍ ചില വഴികള്‍

കുറ്റപ്പെടുത്തലുകള്‍ ഇല്ലാതെ എന്തും തുറന്നു പറയാനുള്ള സാഹചര്യം വീട്ടിലും സ്‌കൂളിലും ഒരുക്കണം. കുട്ടികളുമായി ആശയവിനിമയം ഉണ്ടാകണം. എങ്കില്‍ മാത്രമേ താന്‍ സംഘര്‍ഷത്തിലൂടെ കടന്നു പോകുമ്പോള്‍ കുട്ടി അതു പറയൂ. ഒരു പ്രശ്‌നം വരുമ്പോഴേക്കും വീട്ടില്‍പോലും പറയാതെ ദുരന്തത്തിലേക്ക് എടുത്തുചാടാതിരിക്കാന്‍ അത്തരം അന്തരീക്ഷം വേണം. പഠനത്തിന് അപ്പുറം കുട്ടിയുടെ സവിശേഷ വ്യക്തിത്വ ഭാവങ്ങള്‍ മനസ്സിലാക്കണം. അത് തിരിച്ചറിഞ്ഞ് അത് അനുസരിച്ച് കുട്ടിയുമായി ഇടപെടാന്‍ കഴിയണം. പഠനം മാത്രം അളവുകോലാക്കുമ്പോള്‍ മറ്റ് പലതും വിട്ടുപോകും. എല്ലാ കുട്ടികളിലും മികച്ച അഭിരുചികള്‍ ഏതെങ്കിലും ഒന്നുണ്ടാകും. അതു തേടിക്കണ്ടു പിടിച്ച് പ്രോത്സാഹിപ്പിച്ച് ആത്മവിശ്വാസം ഉണര്‍ത്തി മുന്നോട്ടു പോകണം. 


കുട്ടി നല്ലതു ചെയ്യുമ്പോള്‍ പിശുക്ക് കാണിക്കാതെ പ്രോത്സാഹിപ്പിക്കണം. ഇതു ശീലമാക്കിയാല്‍ മാത്രമേ തെറ്റുകള്‍ ചെയ്യുമ്പോള്‍ അതുപറഞ്ഞ് തിരുത്തിക്കാന്‍ കഴിയൂ.തെറ്റു ചെയ്താല്‍ കുട്ടിയുടെ സ്വാഭിമാനം നശിപ്പിക്കുന്ന ശിക്ഷണ നടപടി പാടില്ല. ചെയ്യുന്ന കാര്യങ്ങള്‍ കുട്ടിയുടെ സ്വാഭിമാനം തകര്‍ക്കുന്നില്ല എന്ന് ഉറപ്പാക്കണം.തെറ്റ് ബോധ്യപ്പെടുത്തലും പരിഹരിക്കലും ശാന്തമായിവേണം. തെറ്റു തിരുത്താന്‍ മാത്രമാകണം ശ്രദ്ധിക്കേണ്ടത്. പലപ്പോഴും നോവിക്കലിനാകും പ്രാമുഖ്യം കിട്ടുക. 

മറ്റുള്ളവര്‍ക്ക് മുന്നില്‍ നിര്‍ത്തി കുട്ടിയെ നാണംകെടുത്താനും പോരായ്മ വിളിച്ചുപറയാനും പാടില്ല. തെറ്റുകള്‍ ബോധ്യപ്പെടുത്തുംമുമ്പ് കുട്ടിയുടെ നല്ല വശങ്ങള്‍ വേണം ആദ്യം വിവരിക്കേണ്ടത്. തെറ്റിനെ മാത്രമാകണം കുറ്റപ്പെടുത്തേണ്ടത്. കുട്ടിയെ ആകരുത്. മോശക്കാരന്‍, കള്ളന്‍, കുറ്റവാളി എന്നൊന്നും മുദ്രചാര്‍ത്തരുത്. കുട്ടിയുടെ ശാരീരിക, മാനസിക മാറ്റങ്ങള്‍ എപ്പോഴും തിരിച്ചറിയാന്‍ കഴിയണം. മുതിര്‍ന്നവരോ അധ്യാപകരോ ചെയ്യുന്നതിലൂടെ മാത്രമല്ല കുട്ടികളില്‍ മാനസിക സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നത്. അവന്റെ, അവളുടെ ശരീരത്തെ കുറിച്ചുള്ള സങ്കല്‍പങ്ങള്‍, കൂട്ടുകാരുമായുള്ള സംഘര്‍ഷങ്ങള്‍, സ്വയം ഉണ്ടാക്കിയെടുക്കുന്ന 'ഞാന്‍ പോര' എന്ന ചിന്ത എന്നിങ്ങനെ പലതും പ്രശ്‌നം സൃഷ്ടിക്കാം. ആ മാറ്റങ്ങളെ കുറിച്ച് എപ്പോഴും ജാഗരൂകരാകണം. വിഷാദം, ഉത്കണ്ഠ, അമിതമായ ഉള്‍വലിയല്‍ എന്നിവയുടെ ലക്ഷണങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയണം. 

പുസ്തകങ്ങളിലെ പാഠങ്ങളുടെ കൂടെത്തന്നെ പഠിക്കാനുള്ള ഒന്നുണ്ട്. അത് ജീവിതപാഠമാണ്. ജീവിതത്തെ നേരിടാനും പ്രതിസന്ധിയില്‍ മുന്നോട്ടുപോകാനും അതു പഠിപ്പിക്കുന്നു. നല്ല ബന്ധങ്ങള്‍ നേടാനും അനുതാപത്തോടെ പെരുമാറാനും ആ പാഠമാണ് കുട്ടിയെ പ്രാപ്തമാക്കുക. ജീവിതം അറിയാനുള്ള പാഠങ്ങള്‍ കൂടി മാതാപിതാക്കളും അധ്യാപകരും കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കണം.

Read more topics: # parenting,# tips,# watching,# children
parenting,tips,watching,children

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES