ആപ്പിള്‍ പുറത്തിറക്കിയ പുതിയ ഐഫോണ്‍ 17 സീരീസിലെ എല്ലാ മോഡലുകളുടെയും ബാറ്ററി ശേഷി കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. യൂറോപ്പിലെ വെബ്‌സൈറ്റില്‍ അപ്ഡേറ്റ് ചെയ്ത പ്രൊഡക്ട് പേജിലാണ് പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്.
റിപ്പോര്‍ട്ട് പ്രകാരം, ഐഫോണ്‍ 17ന് 3,692 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയാണ് ലഭിക്കുന്നത്. ഇത് മുന്‍മോഡലായ ഐഫോണ്‍ 16-നെ അപേക്ഷിച്ച് 3.7 ശതമാനം കൂടുതലാണ്. ഐഫോണ്‍ എയറിന് 3,149 എംഎഎച്ച് ബാറ്ററിയും, ഐഫോണ്‍ 17 പ്രോയ്ക്ക് 4,252 എംഎഎച്ച് ശേഷിയുമാണ്. മുന്‍മോഡലിനെ അപേക്ഷിച്ച് പ്രോ മോഡലിന് 18.7 ശതമാനം അധിക ശേഷിയാണ് ലഭിക്കുന്നത്. ഏറ്റവും വലിയ ശേഷി 5,088 എംഎഎച്ച് ബാറ്ററിയാണ് ഐഫോണ്‍ 17 പ്രോ മാക്‌സിനുള്ളത്, ഇത് 16 പ്രോ മാക്‌സിനേക്കാള്‍ 8.6 ശതമാനം കൂടുതലാണ്.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് റെഗുലേറ്ററി ഡാറ്റാബേസില്‍ പുറത്ത് വന്ന വിവരങ്ങളുമായി ഈ ശേഷികള്‍ പൊരുത്തപ്പെടുന്നുവെന്ന് മാക്റൂമേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. എങ്കിലും, ഈ ശേഷികള്‍ സിം കാര്‍ഡ് പിന്തുണയുള്ള മോഡലുകള്‍ക്കാണോ അല്ലെങ്കില്‍ ഇ-സിം മാത്രമുള്ള മോഡലുകള്‍ക്കാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
അതേസമയം, ഇന്ത്യയില്‍ ഐഫോണ്‍ 17 സീരീസ് പ്രീ-ഓര്‍ഡര്‍ ആരംഭിച്ചു. ആദ്യ മണിക്കൂറുകളില്‍ ആപ്പിളിന്റെ ഓണ്‍ലൈന്‍ സ്റ്റോര്‍ ഡൗണ്‍ ആയിരുന്നെങ്കിലും പിന്നീട് സേവനം പുനഃസ്ഥാപിച്ച് ബുക്കിംഗ് ആരംഭിച്ചു. ഇന്ത്യന്‍ സമയം വൈകിട്ട് 5.30 മുതല്‍ ഐഫോണ്‍ 17, ഐഫോണ്‍ എയര്‍, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ് എന്നീ മോഡലുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം.
ആപ്പിള്‍ സ്റ്റോര്‍, ആമസോണ്‍, ഫ്ലിപ്കാര്‍ട്ട്, റിലയന്‍സ് ഡിജിറ്റല്‍, ക്രോമ, വിജയ് സെയില്‍സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ബുക്കിംഗ് സൗകര്യം ലഭ്യമാക്കിയത്. ഉപഭോക്താക്കള്‍ക്ക് ആവശ്യമായ സ്റ്റോറേജ്, കളര്‍ ഓപ്ഷന്‍ എന്നിവ തിരഞ്ഞെടുക്കി യുപിഐ, ഡെബിറ്റ്/ക്രഡിറ്റ് കാര്‍ഡ്, ഇഎംഐ സൗകര്യങ്ങള്‍ വഴിയോ പേയ്മെന്റ് പൂര്‍ത്തിയാക്കാം.