Latest News

മെറ്റാ അവതരിപ്പിച്ച റേ-ബാന്‍ ഡിസ്പ്ലേ: സ്മാര്‍ട്ട്‌ഫോണില്ലാത്ത ലോകത്തിലേക്കുളള പുതിയ ചുവടുവയ്പ്പ്

Malayalilife
മെറ്റാ അവതരിപ്പിച്ച റേ-ബാന്‍ ഡിസ്പ്ലേ: സ്മാര്‍ട്ട്‌ഫോണില്ലാത്ത ലോകത്തിലേക്കുളള പുതിയ ചുവടുവയ്പ്പ്

മെറ്റാ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് അവതരിപ്പിച്ച റേ-ബാന്‍ ഡിസ്പ്ലേ സ്മാര്‍ട്ട് ഗ്ലാസ് സാങ്കേതിക ലോകത്തിന്റെ പുതിയ ചര്‍ച്ചാവിഷയമായി. കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കില്‍ നടന്ന മെറ്റാ കണക്ട് 2025 കോണ്‍ഫറന്‍സിലായിരുന്നു പുതിയ ഗാഡ്ജറ്റിന്റെ അവതരണം. വലതു വശത്തെ ഗ്ലാസില്‍ ചെറുതായൊരു മോണോക്യുലര്‍ ഡിസ്പ്ലേ ഉള്‍പ്പെടുത്തിയിരിക്കുന്നതാണ് ഉപകരണത്തിന്റെ പ്രത്യേകത. സ്മാര്‍ട്ട്‌ഫോണില്‍ നിന്ന് വരുന്ന നോട്ടിഫിക്കേഷനുകള്‍, നാവിഗേഷന്‍ വിവരങ്ങള്‍, തത്സമയ വിവര്‍ത്തനം, റെസിപ്പികള്‍ തുടങ്ങി നിരവധി വിവരങ്ങള്‍ സ്‌ക്രീനില്‍ കാണാം. ഫോട്ടോകള്‍ എടുക്കാനും, വിഡിയോ റെക്കോഡ് ചെയ്യാനും, സംഗീതം പ്ലേ ചെയ്യാനും നിര്‍മിതബുദ്ധി (Meta AI) സഹായിക്കുന്നു.

റേ-ബാന്‍ ഡിസ്പ്ലേ നിയന്ത്രിക്കുന്നത് sEMG റിസ്റ്റ്ബാന്‍ഡ് മുഖേനയാണ്. കൈയിലെ ചെറിയ മസില്‍ ചലനങ്ങള്‍ പോലും തിരിച്ചറിയുന്ന ഈ സംവിധാനത്തിലൂടെ ശബ്ദമില്ലാതെ തന്നെ കണ്ണട നിയന്ത്രിക്കാനാകും. കൂടാതെ ആംഗ്യങ്ങളും വോയിസ് കമാന്‍ഡുകളും ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാനും സാധിക്കും. 12 എംപി ക്യാമറയും സ്പീക്കറുകളും ഉള്‍പ്പെടുത്തിയിരിക്കുന്ന ഗ്ലാസ് വെറും 69 ഗ്രാം ഭാരമാണ്. പ്രകാശനില അനുസരിച്ച് സ്വയം ക്രമീകരിക്കുന്ന ഫോട്ടോക്രോമാറ്റിക് ഡിസ്പ്ലേ, കാലാവസ്ഥയും മെനുവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ടെക്‌സ്റ്റ്, ഓഡിയോ രൂപത്തില്‍ നല്‍കുന്ന സംവിധാനവും ഉണ്ട്.

ഉപകരണത്തിന്റെ വില 799 ഡോളര്‍. സെപ്റ്റംബര്‍ 30 മുതല്‍ അമേരിക്കയില്‍ വില്‍പ്പന ആരംഭിക്കും.

അതേസമയം, കായികതാരങ്ങള്‍ക്കായി പുറത്തിറക്കിയ ഓക്ലെ വാന്‍ഗാര്‍ഡ് ഗ്ലാസ് 12 എംപി ക്യാമറയും 3കെ വിഡിയോ റെക്കോഡിങ്ങുമൊക്കെയാണ് നല്‍കുന്നത്. വില 499 ഡോളര്‍. മറ്റൊരു പുതുമയായ റേ-ബാന്‍ എഐ ഗ്ലാസസ് (Gen 2) 379 ഡോളര്‍ വിലയുള്ള പതിപ്പായി ഈ വര്‍ഷം ഇന്ത്യയിലും വില്‍പ്പനയ്ക്കെത്തും. സ്മാര്‍ട്ട്‌ഫോണുകളെ മാറ്റിസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ മെറ്റാ അവതരിപ്പിച്ച പുതിയ ഗാഡ്ജറ്റുകള്‍ ടെക് ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയാണ്.

meta ray ben new glass

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES