Latest News

തൊഴില്‍ പരസ്യങ്ങളില്‍ ലിംഗവിവേചനം നടത്തിയെന്ന് പരാതി; ഫെയ്‌സ്ബുക്ക് ഉള്‍പ്പടെ പത്തോളം സ്ഥാപനങ്ങള്‍ക്കെതിരെ പരാതി

Malayalilife
topbanner
തൊഴില്‍ പരസ്യങ്ങളില്‍ ലിംഗവിവേചനം നടത്തിയെന്ന് പരാതി; ഫെയ്‌സ്ബുക്ക് ഉള്‍പ്പടെ പത്തോളം സ്ഥാപനങ്ങള്‍ക്കെതിരെ പരാതി

തൊഴില്‍ പരസ്യങ്ങളില്‍ ലിംഗവിവേചനം നടത്തിയെന്നാരോപിച്ച് ഫെയ്സ്ബുക്ക് ഉള്‍പ്പടെ പത്തോളം തൊഴില്‍ ദാതാക്കള്‍ക്കെതിരെ കേസ്. വിവിധ തസ്തികകളിലേക്ക് സ്ത്രീകളേയും പുരുഷന്മാരെയും വെവ്വേറെ ലക്ഷ്യം വെച്ച് പരസ്യം നല്‍കിയതിനാണ് കേസ്. ഫെയ്സ്ബുക്കിന്റെ പരസ്യ വിതരണ സംവിധാനം വഴി നല്‍കിയ പരസ്യങ്ങള്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. 

അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയനാണ് ഫെയ്സ്ബുക്കിനെതിരെ യുഎസ് ഈക്വല്‍ എംപ്ലോയ്മെന്റ് ഓപ്പര്‍ച്ചൂനിറ്റി കമ്മീഷന് പരാതി നല്‍കിയത്.യൂണിയന് പുറമെ മൂന്ന് വനിതാ തൊഴിലാളികള്‍, അമേരിക്കയിലെ കമ്മ്യൂണിക്കേഷന്‍ ജീവനക്കാര്‍ എന്നിവരാണ് പരാതിയില്‍ കക്ഷിചേര്‍ന്നിരിക്കുന്നത്. 

പോലീസ് സേന, ഡ്രൈവര്‍ പോലുള്ള പുരുഷാധിപത്യമേറെയുള്ളയിടങ്ങളിലേക്കാണ് കമ്പനികള്‍ ജീവനക്കാരെ ആവശ്യപ്പെട്ട് പരസ്യം നല്‍കിയത്. സ്ത്രീകളെ വേണമെന്നും പുരുഷനെ വേണമെന്നുമുള്ള വ്യത്യസ്ത പരസ്യങ്ങള്‍ പരസ്യമായ ലിംഗവിവേചനത്തിന് ഉദാഹരണമാണെന്ന് പരാതിക്കാര്‍ പറഞ്ഞു.

ഒരു സ്ത്രീയാണെന്ന കാരണത്താല്‍ ഒരു തൊഴില്‍ പരസ്യം അറിയാനുള്ള അവസരം തനിക്ക് ഇല്ലാതാവരുത് എന്ന് ഉദ്യോഗാര്‍ത്ഥിയും പരാതിക്കാരിയുമായ ലിന്‍ഡ ബ്രാഡ്ലി പറഞ്ഞു.

ഫെയ്സ്ബുക്കിന്റെ പരസ്യവിതരണ സംവിധാനം ഇതോടെ പ്രതിരോധത്തിലായി. ലിംഗം, വംശം, ദേശീയത, വയസ് എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനങ്ങള്‍ നടത്താന്‍ ഫെയ്സ്ബുക്ക് പരസ്യദാതാക്കള്‍ക്ക് അനുമതി നല്‍കുകയാണെന്നാണ് പ്രധാന വിമര്‍ശനം. ലിംഗത്തിന്റേയും വയസിന്റേയും അടിസ്ഥാനത്തില്‍ ആവശ്യമുള്ള തൊഴിലാളികളെ തിരഞ്ഞെടുക്കാനുള്ള അനുവാദം ഫെയ്സ്ബുക്ക് പരസ്യദാതാക്കള്‍ക്ക് നല്‍കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചില പരസ്യങ്ങളില്‍ നിന്ന് സ്ത്രീകളേയും പുരുഷന്മാരേയും പരസ്പരം മാറ്റി നിര്‍ത്തുന്നത്. 

ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേകം ലക്ഷ്യം വെച്ച് പരസ്യങ്ങള്‍ നല്‍കുന്നത് അമേരിക്കയില്‍ നിയമവിരുദ്ധമാണ്. മറ്റുള്ളവരുടെ ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ സാധാരണ ഫെയ്സ്ബുക്ക് പോലുള്ള ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടാവാറില്ല. എന്നാല്‍ അവ പ്രസിദ്ധീകരിക്കാന്‍ പണം വാങ്ങുമ്പോള്‍ ആ ഉള്ളടക്കത്തിന് മേല്‍ അവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും അങ്ങനെ വരുമ്പോള്‍ ഈ തൊഴില്‍പരസ്യങ്ങള്‍ക്ക് മേല്‍ ഫെയ്സ്ബുക്കിനും ഉത്തരവാദിത്വമുണ്ട്.

അതേസമയം ലിംഗവിവേചനത്തെ ഫെയ്സ്ബുക്ക് ഒരിക്കലും അനുകൂലിക്കില്ലെന്നും. പരാതി പരിശോധിച്ച് വരികയാണെന്നും ഫെയ്സ്ബുക്ക് വക്താവ് പറഞ്ഞതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

technology news updates-fb add policy

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES