മിനിസ്‌ക്രീന്‍ ലോകത്ത് ഹാസ്യ താരമായും വില്ലത്തിയായും എല്ലാം തിളങ്ങുന്ന താരമാണ് സരിത ബാലകൃഷ്ണന്‍. എന്നാല്‍ സീരിയലിനേക്കാളും അഭിനയത്തേക്കാളുമെല്ലാം ഉപരി സരിത ഇപ്പോള്‍ ശ്രദ്ധ നേടുന്നത് ഒരു പാചക റാണിയായാണ്. യൂട്യൂബ് ചാനലിലൂടെ അമ്മായിയ്ക്കും മാളുവിനും ഒപ്പം പാചക വിദ്യകളുമായി സരിത തിളങ്ങുന്ന വീഡിയോകള്‍ കാണാത്തവരായി ആരുമുണ്ടാകില്ല. നാവില്‍ കപ്പലോടിക്കാന്‍ പാകത്തിന് വെള്ളമൂറിക്കുന്ന വിഭവങ്ങളുമായിട്ടാണ് സരിത ഓരോ തവണയും എത്തുന്നത്. ഒരു നടിയായും സ്റ്റേജ് ഷോകളും സ്‌കിറ്റുമായുമെല്ലാം നടന്ന സരിത ഒരു പാചകറാണിയായി മാറാന്‍ കാരണം പിന്നിലുള്ള ഭര്‍ത്താവിന്റെ കരങ്ങള്‍ തന്നെയാണ്. സിവില്‍ എഞ്ചിനീയറായിരുന്ന ഭര്‍ത്താവ് അനുരാഗും ഇപ്പോള്‍ ആ ജോലിയെല്ലാം വിട്ട് പാചക രംഗത്താണ് നിറസാന്നിധ്യമായിരിക്കുന്നത്.
നൃത്തവേദിയിലൂടെ അഭിനയരംഗത്തെത്തിയ സരിത ആദ്യമായി അഭിനയിച്ചത് 'ചാരുലത' എന്ന സീരിയലിലാണ്. പിന്നീട് സ്ത്രീജന്മം എന്ന സീരിയലിലെ വാറ്റു ചാരായക്കാരി സുജയായും മൗനരാഗത്തിലെ ശാരിയായും എല്ലാം എത്തിയിട്ടുണ്ടെങ്കിലും ആളുകള്‍ക്ക് എന്നും ഓര്‍മയില്‍ നില്‍ക്കുക മിന്നുകെട്ട് എന്ന സീരിയലിലെ അശകുശലേ പെണ്ണുണ്ടോ എന്ന ആ ഗാന നൃത്ത രംഗമാണ്. മിനിസ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കവേയാണ് സരിത വിവാഹിതയാകുന്നത്. അറേഞ്ച്ഡ് ലൗ മാര്യേജ് ആയിരുന്നു. മാട്രിമോണിയലില്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ അതു വഴിയാണ് അനുരാഗിന്റെ ആലോചന എത്തുന്നത്. വീട്ടുകാരെ അറിയിക്കാതെയായിരുന്നു ആദ്യ കൂടിക്കാഴ്ച. പരസ്പരം കണ്ടിഷ്ടപ്പെട്ടതിനു ശേഷമാണ് വീട്ടുകാരോട് സംസാരിച്ചതും. അനുരാഗിന്റെ വില്ലന്‍ ലുക്ക് വീട്ടുകാര്‍ക്ക് ബോധിച്ചില്ല. പക്ഷെ സരിതയ്ക്ക് ഇഷ്ടപ്പെട്ടു.
അങ്ങനെ വിവാഹത്തിലേക്ക് കാര്യങ്ങളെത്തി. വിവാഹശേഷം എട്ടു വര്‍ഷത്തോളം സ്‌ക്രീനില്‍ നിന്നും മാറിനിന്നിരുന്നു സരിത. ഭാര്യയും വീട്ടമ്മയുമായി മാത്രമായിരുന്നു അന്ന് ജീവിച്ചത്. അങ്ങനെയിരിക്കെയാണ് മൂന്നാം വര്‍ഷം മകന്‍ ജനിച്ചത്. അവന് അഞ്ചു വയസായി സ്‌കൂളില്‍ പോകാന്‍ തുടങ്ങിയപ്പോഴാണ് വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചു വരുന്നത്. മൗനരാഗം സീരിയലില്‍ ശാരിയായി നില്‍ക്കവേയാണ് കോവിഡ് പിടികൂടുന്നത്. ഇതോടെ ആ പരമ്പരയില്‍ നിന്നും പിന്മാറുകയും ചെയ്തു. എന്നാല്‍ അപ്പോഴെല്ലാം ഭര്‍ത്താവും മകനും പിന്തുണയായി നില്‍ക്കുകയായിരുന്നു. സരിതയുടെ പാചക മികവാണ് അനുരാഗിനെ സിവില്‍ എഞ്ചിനീയറിംഗ് ഉപേക്ഷിച്ച് തിരുവനന്തപുരത്ത് ഒരു റെസ്റ്റോറന്റ് തുടങ്ങാന്‍ പ്രേരിപ്പിച്ചത്. അതങ്ങു കയറി ക്ലിക്കായി. യൂട്യൂബ് ചാനലും തുടങ്ങിയതോടെ സരിതയുടെ പാചക മികവ് ലോകമലയാളികള്‍ മുഴുവന്‍ അറിയുകയുമായിരുന്നു. ഇപ്പോള്‍ നടി എന്നതിലുപരി സരിത തിളങ്ങുന്നത് രുചിക്കൂട്ടുകളുടെ വിസ്മയത്തിലൂടെയാണ്.
അതേസമയം, 14 വയസുകാരനായ മകന്‍ കൃഷ്ണമൂര്‍ത്തിയും അഭിനയരംഗത്തുണ്ട്. മഴവില്‍ മനോരമയിലെ ആത്മസഖി സീരിയല്‍, പാര്‍വതി ഓമനക്കുട്ടന്‍ നായികയായ ഹിന്ദി ഷോട്ട് ഫിലിം ദൊബാറയിലും മകന്‍ അഭിനയിച്ചു. കുടുംബസമേതം എറണാകുളത്താണു താമസം.