ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമാ-സീരിയല്‍ പ്രേക്ഷകര്‍ക്ക് പരിചിതയായ നടിയാണ് അവന്തികാ മോഹന്‍. ആത്മസഖി, പ്രിയപ്പെട്ടവള്‍, തൂവല്‍സ്പര്‍ശം, മണിമുത്ത് തുടങ്ങിയ സീരിയലുകളിലൂടെ പ്രിയങ്കരിയായി മാറിയ അവന്തികയുടെ വളര്‍ച്ച പ്രേക്ഷകര്‍ക്കു മുന്നിലായിരുന്നു. പഞ്ചാബിക്കാരനായ അനില്‍ കുമാര്‍ കൈന്ത് എന്നയാളെയാണ് അവന്തിക വിവാഹം കഴിച്ചത്. വിമാനത്തിന്റെ ക്യാപ്റ്റനായ അനില്‍ കുമാര്‍ അവന്തികയ്ക്ക് അഭിനയമേഖലയില്‍ തുടരാനുള്ള എല്ലാ പിന്തുണയും നല്‍കുന്നുണ്ട്. അതേസമയം, അവന്തിക സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നതെല്ലാം മകനും സ്വന്തം മാതാപിതാക്കള്‍ക്കും ഒപ്പമുള്ള ചിത്രങ്ങളാണ്. അതുകൊണ്ടു തന്നെ പലപ്പോഴും ആരാധകര്‍ ധരിച്ചിരുന്നത് അവന്തിക ഭര്‍ത്താവുമായി വേര്‍പിരിഞ്ഞുവെന്നതാണ്.
എന്നാല്‍ ഇപ്പോഴിതാ, വര്‍ഷങ്ങള്‍ക്കു ശേഷം ഭര്‍ത്താവ് അനില്‍ കുമാറിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് അവന്തിക. ഒരു ഓണാഘോഷത്തിന്റെ ഭാഗമായി ഭര്‍ത്താവിനൊപ്പം എത്തിയതിന്റെ ചിത്രം ലേറ്റ്ലി, ലൗ, മാരീഡ് ഫോര്‍ ലൈഫ്, മിസ്സിസ്സ് തുടങ്ങിയ ഹാഷ്ടാഗുകളോടു കൂടിയാണ് അവന്തിക പങ്കുവച്ചിരിക്കുന്നത്. പിന്നാലെ സ്റ്റോറിയായും പങ്കുവച്ച ചിത്രത്തില്‍ അദ്ദേഹത്തിനൊപ്പം ബാല്‍ക്കണിയില്‍ ഇരിക്കുന്ന ചിത്രത്തിനൊപ്പം മിസ്സിസ്സ് ക്യാപ്റ്റന്‍ എന്ന ക്യാപ്ഷനും നല്‍കിയിട്ടുണ്ട്. ഇതോടെ ഭര്‍ത്താവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് അവന്തിക എത്തിയപ്പോള്‍ വേര്‍പിരിഞ്ഞുവെന്നു പറഞ്ഞവര്‍ക്കുള്ള മറുപടി കൂടിയാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. അതോടൊപ്പം തന്നെ, പങ്കുവച്ച ഓണച്ചിത്രത്തിനു താഴെ വന്ന കമന്റുകളില്‍ ഏറെയും രസകരവും രണ്ടു പേരെയും ഒന്നിച്ചു കാണാന്‍ സാധിച്ചതില്‍ സന്തോഷം പങ്കുവെക്കുന്നതുമാണ്.
സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് പ്രവേശിച്ചതെങ്കിലും നടി അംഗീകരിച്ചതും സ്‌നേഹിച്ചതും മലയാളി പ്രേക്ഷകരാണ്. അതുകൊണ്ടു തന്നെ ആ സ്‌നേഹം എപ്പോഴും നടിയ്ക്ക് മലയാളികളോടുണ്ട് എന്നതാണ് വാസ്തവം. ദുബായില്‍ ജനിച്ചു വളര്‍ന്ന പെണ്‍കുട്ടിയാണ് അവന്തിക. മോഡലിംഗും നൃത്തവുമാണ് അവന്തികയെ താരലോകത്തേക്ക് എത്തിച്ചത്. കോഴിക്കോടുകാരായ ഉമയുടേയും മോഹന്റേയും ഏക മകളാണ് അവന്തിക. പ്രിയങ്കാ മോഹന്‍ എന്നാണ് അച്ഛനും അമ്മയും ഇട്ട പേര്. പഠിച്ചതും വളര്‍ന്നതും എല്ലാം ദുബായിലായിരുന്നു. അവിടെനിന്നും താരലോകത്ത് സജീവമാകുവാനാണ് അവന്തിക നാട്ടിലേക്ക് തിരിച്ചെത്തിയത്. തുടര്‍ന്ന് മിസ്സ് മലബാര്‍ 2011 പുരസ്‌കാരം, മിസ് പെര്‍ഫെക്റ്റ് 2010 എന്നിവ കരസ്ഥമാക്കുകയും ചെയ്തു. ഒപ്പം ഒരു കിടിലന്‍ നര്‍ത്തകിയും നാടന്‍ സൗന്ദര്യം മുഖത്തു നിറഞ്ഞ പെണ്‍കുട്ടിയും കൂടിയായിരുന്നു അവന്തിക. സൗന്ദര്യമത്സരത്തിലെ വിജയത്തിനു ശേഷമാണ് അഭിനയ മേഖലകളില്‍നിന്ന് അവസരങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയത്. അങ്ങനെ തമിഴ് - തെലുങ്ക് - കന്നട സിനിമകളിലും ഭാഗ്യ പരീക്ഷണങ്ങള്‍ നടത്തിയ അവന്തിക മോഹന്‍ പക്ഷേ ശ്രദ്ധിയ്ക്കപ്പെട്ടത് സീരിയല്‍ ലോകത്തേക്ക് എത്തിയതിന് ശേഷമാണ്.
സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്ത ശിവകാമി എന്ന സീരിയലിലൂടെയാണ് തുടക്കം. ആത്മസഖി എന്ന സീരിയലിലൂടെ ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി. അതിലെ ഡോ. നന്ദിത എന്ന കഥാപാത്രമായി തിളങ്ങി നില്‍ക്കവേയായിരുന്നു തൊട്ടടുത്ത വര്‍ഷം നടിയുടെ വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. മാസങ്ങള്‍ക്കിപ്പുറം നടി ഗര്‍ഭിണിയാവുകയും ചെയ്തു. അപ്പോഴും സീരിയല്‍ അഭിനയം നടി ഉപേക്ഷിച്ചിരുന്നില്ല. ഗര്‍ഭകാലത്തിന്റെ അവസാന മാസങ്ങളില്‍ വരെ നടി അഭിനയിച്ചു. തുടര്‍ന്ന് പ്രസവം അടുത്തതോടെയാണ് നടി പരമ്പരയില്‍ നിന്നും ഏറെ വേദനയോടെ പിന്മാറിയത്. എന്നാല്‍ പുതിയതായി എത്തിയ നടിയെ ആരാധകര്‍ സ്വീകരിച്ചില്ല. വൈകാതെ പരമ്പര അവസാനിപ്പിക്കുകയും ചെയ്തു.
തുടര്‍ന്നാണ് മകന്റെ ജനനത്തിനു പിന്നാലെ നടി വീണ്ടും പ്രിയപ്പെട്ടവള്‍ എന്ന സീരിയലിലേക്ക് എത്തിയത്. ആത്മസഖിയിലെ കോമ്പോയുടെ വിജയം കണ്ട് അതേ നായകനെ പ്രിയപ്പെട്ടവളലേക്ക് എത്തിച്ചായിരുന്നു പരമ്പര തുടങ്ങിയത്. എന്നാല്‍ അതു വിജയകരമായി മുന്നേറുന്നതിനിടെയാണ് ലോക്ക്ഡൗണ്‍ വരുന്നതും പരമ്പര നിര്‍ത്തിവേക്കേണ്ടതായി വന്നതും. പിന്നീട് പരമ്പര പുനരാരംഭിച്ചെങ്കിലും പഞ്ചാബില്‍ നിന്നും മകനേയും കൂട്ടി സീരിയല്‍ സെറ്റിലേക്ക് വരികായെന്നത് അപ്രായോഗികമായപ്പോള്‍ അതും ഉപേക്ഷിക്കുകയായിരുന്നു നടി. പിന്നീടാണ് തൂവല്‍ സ്പര്‍ശത്തിലേക്ക് എത്തിയത്. ഏഷ്യാനെറ്റിലെ തൂവല്‍ സ്പര്‍ശം എന്ന സീരിയലിലെ ശ്രേയ നന്ദിനി എന്ന ഐപിഎസ് റോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ സീരിയല്‍ അവസാനിച്ചപ്പോഴാണ് നടി മണിമുത്തിലേക്ക് എത്തിയത്.
എന്നാലിപ്പോള്‍, ഭര്‍ത്താവിനൊപ്പമുള്ള ഒരു ചിത്രം പോലും നടി തന്റെ സോഷ്യല്‍ മീഡിയാ പേജില്‍ പങ്കുവച്ചിട്ടില്ല. അച്ഛനും അമ്മയും മകനും ഒക്കെ പേജിലുണ്ടെങ്കിലും ഭര്‍ത്താവിനെ കാണുന്നില്ലല്ലോ എന്ന ചോദ്യം പലപ്പോഴും നടി മകന്റെ വിശേഷങ്ങള്‍ പങ്കുവെക്കുമ്പോള്‍ ചോദിക്കാറുണ്ട്.