കോട്ടയത്ത് ഇന്ന് ഉച്ചയോടെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഈ അപകടം നടന്നത്. മെഡിക്കല്‍ കോളജിലെ കെട്ടിടം പെട്ടെന്ന് തകര്‍ന്ന് വീണതോടെ ഉണ്ടായ കാഴ്ച്ച കണ്ടവര്‍ ഞെട്ടിപ്പോയി. ഇതുവരെ വലിയ അപകടങ്ങള്‍ ഉണ്ടാവാറില്ലായിരുന്ന സ്ഥലത്ത് ഇങ്ങനെ ഒരു ദാരുണ സംഭവം നടക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. കോട്ടയത്ത് അടുത്ത കാലത്ത് സംഭവിച്ച ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നായി ഈ സംഭവം കണക്കാക്കപ്പെടുന്നു. കെട്ടിടം തകര്‍ന്നുവീണതിനിടെ ഒരാള്‍ മരിക്കേണ്ടി വന്നത് ഞെട്ടലോടെയാണ് എല്ലാവരും അറിഞ്ഞത്. അപകടത്തില്‍ തലയോലപ്പറമ്പ് സ്വദേശിനിയായ ബിന്ദുവിനാണ് ജീവന്‍ നഷ്ടമായത്. ന്യൂറോസര്‍ജറിക്ക് വേണ്ടിയാണ് മകള്‍ നവമിയുമായി മെഡിക്കല്‍ കോളജില്‍ എത്തിയത്. ചികിത്സ പൂര്‍ത്തിയായ ശേഷം തങ്ങളുടെ മകളെ വീട്ടിലേക്ക് ആശ്വാസത്തോടെ കൂട്ടിക്കൊണ്ടുപോകാനായിരുന്നു തങ്ങളുടെ പ്രതീക്ഷയും ആഗ്രഹവും. പക്ഷേ, ജീവന്‍ ഭീഷണിയായിത്തീരുമെന്ന് അവര്‍ ഒരിക്കലും കരുതിയില്ല. ഭര്‍ത്താവ് വിശ്രുതനും മക്കളും ഈ അപ്രതീക്ഷിത വേര്‍പാടില്‍ ഒട്ടുമിക്കാതായി.
ഭാര്യയെ നഷ്ടപ്പെട്ടതിന്റെ വേദനയില്‍ തകര്‍ന്നിരിക്കുകയാണ്. അദ്ദേഹത്തിന് ഒന്നും സംസാരിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. മനസ്സ് വെന്തുരുകുകയാണ്. ജീവിതത്തില്‍ ഒപ്പമുള്ളയാളായി, സ്നേഹത്തിന്റെയും കരുതലിന്റെയും മുഖമായ ഭാര്യയെ അപ്രതീക്ഷിതമായി നഷ്ടപ്പെട്ട വിഷമം, അദ്ദേഹത്തെ വാക്കുകള്‍ പോലും പറയാനാകാത്ത അവസ്ഥയിലാക്കിയിരിക്കുകയാണ്. ഏറ്റവും സ്നേഹിച്ച അമ്മയെ നഷ്ടപ്പെട്ടതിന്റെ സങ്കടത്തിലാണ് മകനും. എഞ്ചിനീയറാണ് മകന്‍ നവനീത്. അമ്മയ്ക്ക് ഒന്നും പറ്റല്ലേ എന്നാണ് പ്രാര്‍ത്ഥിച്ചത്. ആരെയൊക്കയോ വിളിച്ചു. അമ്മ ഇതുവരെ ആരെയും ദ്രോഹിച്ചിട്ടില്ല. എല്ലാവരെയും സഹായിച്ച ജീവിതം ആയിരുന്നു അമ്മയുടേത്. അമ്മയ്ക്ക് പകരം എന്നെ എടുത്താ മതിയായിരുന്നു. നവനീതിന്റെ കരച്ചില്‍ കണ്ട് നില്‍ക്കാനെ സാധിക്കില്ലായിരുന്നു.
രാവിലെ കുളിക്കുന്നതിനു വേണ്ടിയാണു പതിനാലാം വാര്‍ഡിന്റെ മൂന്നാംനിലയിലേക്കു ബിന്ദു എത്തിയത്. ഈ സമയത്താണു കെട്ടിടം തകര്‍ന്നുവീണത്. വിശ്രുതന്‍ നിര്‍മാണ തൊഴിലാളിയാണ്. മകള്‍ നവമി ആന്ധ്രയില്‍ നഴ്സിങ് വിദ്യാര്‍ഥിനിയാണ്. തകര്‍ന്നുവീണ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍പ്പെട്ട ബിന്ദുവിനെ രണ്ടരമണിക്കൂറിനു ശേഷമാണു പുറത്തെടുത്തത്. തകര്‍ന്നുവീണ കെട്ടിടത്തിലെ ശുചിമുറിയിലേക്കു പോയ അമ്മ തിരികെവന്നില്ലെന്നും ഫോണ്‍വിളിച്ചിട്ട് എടുക്കുന്നില്ലെന്നും ബിന്ദുവിന്റെ മകള്‍ പറഞ്ഞതോടെയാണ് ഒരാള്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയിരിക്കാം എന്ന സംശയം ബലപ്പെടുന്നത്. ഇതോടെ ജെസിബി എത്തിച്ച് അഗ്നിരക്ഷാ ഉദ്യോഗസ്ഥരും പൊലീസും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ വിശദമായ തിരച്ചില്‍ ആരംഭിച്ചു. അപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു.
അപകടം നടന്നു രണ്ടര മണിക്കൂറിനു ശേഷം ഉച്ചയ്ക്ക് ഒന്നരയോടെയാണു ബിന്ദുവിന്റെ മൃതദേഹം കണ്ടെടുത്തത്. തകര്‍ന്നുവീണ കെട്ടിടത്തിനുള്ളില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നായിരുന്നു ആദ്യം വിചാരിച്ചിരുന്നത്. പിന്നീട് നവമിയുടെ വാക്ക് കേട്ടാണ് തിരച്ചിലിന് ഇറങ്ങുന്നത്. എന്നാല്‍ അപ്പോഴേക്കും സമയം വൈകിയിരുന്നു. ഇടിഞ്ഞുവീണത് ആരും ഉപയോഗിക്കാത്ത കെട്ടിടമാണെന്നായിരുന്നു എന്നാണ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞത്. ഇത് ഉപയോഗശൂന്യമായ കെട്ടിടമാണെന്നും വാര്‍ഡ് തൊട്ടപ്പുറത്താണെന്നും സാധനങ്ങളൊക്കെ സൂക്ഷിക്കുന്ന കെട്ടിടമാണു തകര്‍ന്നതെന്നും മന്ത്രി പറഞ്ഞിരുന്നു. പുതിയ കെട്ടിടം പണിതുകഴിഞ്ഞെന്നും രോഗികളുടെ കൂട്ടിരിപ്പുകാര്‍ പഴയ കെട്ടിടത്തിന്റെ ഭാഗത്ത് എത്തിയതുകൊണ്ടാണ് മൂന്നുപേര്‍ക്കു പരുക്കേറ്റതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തകര്‍ന്നുവീണ കെട്ടിടത്തിലെ ശുചിമുറി ഉപയോഗിക്കാറുണ്ടെന്നും ഇതിനായി ആളുകള്‍ ഇവിടെവരാറുണ്ടെന്നുമാണ് ആശുപത്രിയിലെ കൂട്ടിരിപ്പുകാര്‍ പറയുന്നത്.
അപകടത്തില്‍ വയനാട് മീനങ്ങാടി സ്വദേശി അലീന വിന്‍സന്റിന് (11) ആണ് പരുക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ് പത്താം വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന മുത്തശി ത്രേസ്യാമ്മയുടെ കൂടെ ബൈ സ്റ്റാന്‍ഡറായി നില്‍ക്കുകയായിരുന്നു അലീന. എന്നാല്‍ പരിക്ക് ഗുരുതരമല്ല. രോഗികളെ ഒഴിപ്പിക്കുന്നതിനിടെ അത്യാഹിത വിഭാഗത്തിലെ ജീവനക്കാരന്‍ അമല്‍ പ്രദീപിനു ട്രോളി വന്നിടിച്ച് നിസാര പരുക്കേറ്റു. 10,11,14 വാര്‍ഡുകളിലും പരിസരങ്ങളിലുമുണ്ടായിരുന്ന രോഗികളെയും കൂട്ടിരിപ്പുകാരെയും ഉടന്‍ ഒഴിപ്പിക്കുകയും ചെയ്തിരുന്നു.