ഒരു വര്‍ഷം മുമ്പ് ഗുരുവായൂര്‍ അമ്പലത്തില്‍വെച്ച് ക്രിസ് വേണുഗോപാല്‍ താലി ചാര്‍ത്തി ദിവ്യയെ സ്വന്തമാക്കിയത് ഏറെ വിവാദമാണ് സൃഷ്ടിച്ചത്.രണ്ട് കുഞ്ഞുങ്ങളുടെ അമ്മയും വിവാഹമോചിതയുമായ ദിവ്യയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച നിമിഷം മുതല്‍ ഇന്നുവരേയും പലതരത്തിലുള്ള പരിഹാസങ്ങളും അപമാനങ്ങളും ക്രിസ്സും ദിവ്യയും ഏറ്റുവാങ്ങുന്നുണ്ട്. വിമര്‍ശകര്‍ക്കിടയിലും സന്തോഷ ജീവിതം കൊണ്ട് പോകുന്നദിവ്യാ ശ്രീധറും ക്രിസ് വേണുഗോപാലും തങ്ങളുടെ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചിരിക്കുകയാണ്.
സമൂഹമാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടിയ ഇവരുടെ വിവാഹത്തെക്കുറിച്ച് അന്ന് പലതരത്തിലുള്ള പ്രതികരണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, വിമര്‍ശിച്ചവര്‍ക്ക് മറുപടിയെന്നോണം തങ്ങളുടെ ദാമ്പത്യം ഒരു വര്‍ഷം പിന്നിട്ട സന്തോഷം ദിവ്യാ ശ്രീധര്‍ പങ്കുവെച്ചു.
യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ദിവ്യ ഇക്കാര്യം അറിയിച്ചത്.
വളരെ കോളിളക്കം സൃഷ്ടിച്ചൊരു കല്യാണം..'ഇന്നു പിരിയും നാളെ പിരിയുമെന്നും പറഞ്ഞ് കളിയാക്കിയവരുടെ മുന്നില്‍ ഇതാ ഞങ്ങളുടെ ദാമ്പത്യത്തിന് ഒരു വര്‍ഷം തികയുകയാണ്,' അവര്‍ വീഡിയോയില്‍ പറഞ്ഞു. തങ്ങളെ സ്‌നേഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി പറഞ്ഞ അവര്‍, തങ്ങളുടെ വിവാഹം വലിയ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നുവെന്ന് ഓര്‍മ്മിപ്പിച്ചു. 'പത്തരമാറ്റിലെ മൂര്‍ത്തി മുത്തശ്ശനും സുഖമോ ദേവിയിലെ ചന്ദ്രമതിയും' തമ്മിലുള്ള വിവാഹമെന്ന നിലയിലാണ് ഇത് പലരും വിശേഷിപ്പിച്ചത്.
കണ്ടുമുട്ടുന്നവരൊക്കെ സ്‌നേഹത്തോടെ തിരിച്ചറിയുകയും പിന്തുണ നല്‍കുകയും ചെയ്യുന്നതായി ദിവ്യ പറഞ്ഞു. വീട്ടിലെ അംഗങ്ങളെപ്പോലെ കണ്ടതിനും ലഭിച്ച സ്‌നേഹത്തിനും അവര്‍ കടപ്പെട്ടിരിക്കുന്നു. ഭര്‍ത്താവ് ക്രിസിനോടും കുടുംബത്തോടും നന്ദി പ്രകടിപ്പിച്ച ദിവ്യ, സമൂഹമാധ്യമങ്ങളിലെ പരിഹാസങ്ങളും കളിയാക്കലുകളും ഇപ്പോഴും തുടരുന്നുണ്ടെന്നും വ്യക്തമാക്കി.