മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും വരെ ജീവിക്കാനുള്ളതെല്ലാം സമ്പാദിച്ചു വച്ചാണ് നടന്‍ പ്രേംനസീര്‍ 59ാം വയസില്‍ മരണത്തിനു കീഴടങ്ങിയത്. അകാലത്തിലുള്ള മരണമായിരുന്നെങ്കിലും കുടുംബത്തിനു വേണ്ടതെല്ലാം അദ്ദേഹം ഒരുക്കിയിരുന്നു. അതുകൊണ്ടുതന്നെ, മകന്‍ ഷാനവാസിന്റെ ജീവിതവും സമ്പന്നതയില്‍ തന്നെ ആയിരുന്നു. അഭിനയരംഗത്ത് അത്രകാര്യമായി ശോഭിക്കാനായില്ലെങ്കിലും പ്രവാസ ജീവിതവും അവിടെ നിന്നും തിരിച്ചെത്തിയും ഒക്കെ വീണ്ടും തിളങ്ങാന്‍ ഷാനവാസ് ശ്രമിച്ചിരുന്നു. ഒരുവേള സീരിയലുകളിലേക്കും ചുവടുമാറ്റി. ഒടുവില്‍ വൃക്കയേയും ഹൃദയത്തേയും അസുഖം ബാധിച്ചപ്പോള്‍ കഴിഞ്ഞ നാലു വര്‍ഷമായി അസുഖകിടക്കയിലേക്ക് അദ്ദേഹത്തിന്റെ ജീവിതം മാറുകയായിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിയിരിക്കുകയാണ് കൂട്ടുകാരും സഹപ്രവര്‍ത്തകരും.
പ്രേം കുമാര്‍ മുതല്‍ ഭീമന്‍ രഘു തുടങ്ങിവര്‍ അദ്ദേഹത്തെ അവസാനമായി കാണാന്‍ എത്തിയിരുന്നു. പ്രേം കുമാര്‍, മണിയന്‍പിള്ള രാജു, രാജസേനന്‍, നടി ജലജ, സീരിയല്‍ സിനിമ താരം മായ വിശ്വനാഥ്, ഭാഗ്യലക്ഷ്മി അങ്ങനെ നിരവധി താരങ്ങളാണ് ഷാനവാസിനെ അവസാനമായി കാണാന്‍ എത്തിയത്. വഴുതക്കാട് അദ്ദേഹത്തിന്റെ ഫ്‌ളാറ്റിലാണ് പൊതു ദര്‍ശനത്തിന് വച്ചിരിക്കുന്നത്. വൈകിട്ട് അഞ്ച് മണിക്കാണ് മൃതദേഹം സംസ്‌കരിക്കുക. കാണാന്‍ എത്തിയവരെല്ലാം അദ്ദേഹത്തിന് തൊഴി കൈകളോട് നിന്ന് പ്രാര്‍ത്ഥനയോടെയാണ് മടങ്ങിയത്. സീരിയല്‍ താരം മായാവിശ്വനാഥ് അദ്ദേഹത്തിന്റെ കാലുകള്‍ തൊട്ട് വണങ്ങിയാണ്് മടങ്ങിയത്. സിനിമയില്‍ നിന്നും മാത്രമല്ല രാഷ്ട്രീയ നേതാക്കളും അദ്ദേഹത്തെ അവസാനമായി കാണാന്‍ വഴുതക്കാട് ഫ്‌ളാറ്റില്‍ എത്തിയിരുന്നു.
ഇന്നലെ രാത്രിയിലായിരുന്നു ഷാനവാസിന്റെ മരണം. കുറച്ച് നാളുകളായി വൃക്ക രോഗം ബാധിച്ച് അതിന്റെ ചികിത്സയിലായിരുന്നു നടന്‍. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഷാനവാസിനെ തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 12 മണിയോടെ മരിച്ചു. വഴുതക്കാട് ആകാശവാണിക്കു സമീപം ഫ്‌ളാറ്റിലായിരുന്നു താമസം. അച്ഛന്റെ പാത പിന്‍തുടര്‍ന്ന് മലയാള സിനിമയിലെത്തിയ ഷാനവാസ് മലയാള സിനിമയില്‍ നായക, വില്ലന്‍വേഷങ്ങളില്‍ തിളങ്ങി. മലയാളം, തമിഴ് ഭാഷകളിലായി 96 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത 'പ്രേമഗീതങ്ങളി'ലൂടെയാണ് ഷാനവാസ് സിനിമയിലെത്തുന്നത്. 'മണിത്താലി', 'ഗാനം', 'ഹിമം', 'ചൈനാ ടൗണ്‍', 'ചിത്രം', കോരിത്തരിച്ച നാള്‍ തുടങ്ങിയവയാണ് അഭിനയിച്ച ചിത്രങ്ങളില്‍ ചിലത്. 'ഇവന്‍ ഒരു സിംഹം' എന്ന സിനിമയില്‍ ആദ്യമായി നസീറിനൊപ്പം അഭിനയിച്ചു. തുടര്‍ന്ന് ഏഴ് സിനിമകളില്‍ പിതാവും മകനും ഒന്നിച്ച് അഭിനയിക്കുകയും ചെയ്തു. 'ജനഗണമന'യാണ് അവസാന ചിത്രം.