ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ നിന്നും റീല്‍സ് ചിത്രീകരിച്ചത് വിവാദം ആയതോടെ പരസ്യമായി മാപ്പ് പറഞ്ഞ് സോഷ്യല്‍ മീഡിയ താരവും ബിഗ് ബോസ് സീസണ്‍ 6 ലെ സെക്കന്റ് റണ്ണറപ്പുമായ ജാസ്മിന്‍ ജാഫര്‍. ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയോ പ്രശ്‌നങ്ങള്‍ ഉണ്ടാകും എന്ന് വിചാരിച്ചോ ചെയ്തതല്ല എന്നും അറിവില്ലായ്മ കൊണ്ട് തന്റെ ഭാഗത്ത് നിന്നും ഉണ്ടായ തെറ്റിന് മാപ്പ് ചോദിക്കുന്നു എന്നുമായിരുന്നു ജാസ്മിന്റെ പ്രതികരണം.
''എന്നെ സ്നേഹിക്കുന്നവര്‍ക്കും മറ്റുള്ളവര്‍ക്കും ഞാന്‍ ചെയ്ത ഒരു വീഡിയോ ബുദ്ധിമുട്ടുണ്ടാക്കിയതായി മനസിലാക്കുന്നു. ആരേയും വേദനിപ്പിക്കാന്‍ വേണ്ടിയോ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് വിചാരിച്ചോ ചെയ്തതല്ല. അറിവില്ലായ്മ കൊണ്ട് എന്റെ ഭാഗത്തു നിന്നും ഉണ്ടായ തെറ്റിന് ഞാന്‍ എല്ലാവരോടും ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു.'' ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ ജാസ്മിന്‍ കുറിച്ചു. ഇതോടെ വിവാദമായ റീല്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും ജാസ്മിന്‍ നീക്കം ചെയ്തിരുന്നു.
ഗുരുവായൂര്‍ ക്ഷേത്ര തീര്‍ത്ഥക്കുളത്തില്‍ റീല്‍സ് ചിത്രീകരിച്ചതിന് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും ബിഗ് ബോസ് താരവുമായ ജാസ്മിന്‍ ജാഫറിനെതിരെ ദേവസ്വം അഡ്മിനിസ്‌ട്രേറ്ററാണ് പോലീസില്‍ പരാതി നല്‍കിയത്. വീഡിയോ ചിത്രീകരിക്കുന്നത് ഹൈക്കോടതി നിരോധനം ഏര്‍പ്പെടുത്തിയ നടപ്പുരയിലും റീല്‍സ് ചിത്രീകരിച്ചെന്നാണ് പരാതി. മതവികാരം വ്രണപ്പെടുത്തലും, കലാപാഹ്വാനം ഉയര്‍ത്തിക്കൊണ്ടുള്ള നടപടിയാണ് ഇവിടെ ഉണ്ടായിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടിയാണ് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ പരാതി നല്‍കിയിരിക്കുന്നത്.
നിയമ വശങ്ങള്‍ പരിശോധിച്ച് കേസെടുക്കുന്നതടക്കം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, ജാസ്മിന്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. നേരത്തെ സമാന രീതിയില്‍ ക്ഷേത്രത്തിലെത്തി ദൃശ്യങ്ങള്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്ത കോഴിക്കോട് സ്വദേശിക്കെതിരും ദേവസ്വം പരാതി നല്‍കുകയും പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.