നടനും അവതാരകനുമായ ജീവ ജോസഫും അപര്‍ണ തോമസും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. അടുത്തിടെയായി ഇരുവരും വേര്‍പിരിയുകയാണെന്ന തരത്തില്‍ നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ തങ്ങള്‍ വേര്‍പരിഞ്ഞു എന്ന് ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിരിക്കുകയാണ് ജീവ ജോസഫ്.
പതിനൊന്ന് വര്‍ഷത്തെ വിവാഹജീവിതം അവസാനിപ്പിച്ചുവെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ജീവ അറിയിച്ചു.പതിനൊന്നാം വിവാഹ വാര്‍ഷിക ദിവസം തന്നെയാണ് വേര്‍പിരിയല്‍ സ്ഥിരീകരിച്ചത്. 2015 ആഗസ്റ്റ് 24 മുതല്‍ 2026 ആഗസ്റ്റ് 24 വരെ- എല്ലാ മനോഹരമായ ഓര്‍മകള്‍ക്കും നന്ദി- എന്ന ക്യാപ്ഷനോടെയാണ് ജീവ വേര്‍പിരിയല്‍ പോസ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.
ജീവയുടെ കുറിപ്പ്:
എന്നെ സംബന്ധിച്ച് അത്ര എളുപ്പത്തില്‍ പങ്കുവയ്ക്കാന്‍ കഴിയുന്ന ഒന്നല്ല ഇത്, പക്ഷേ ഞാനിത് ഷെയര്‍ ചെയ്യുക തന്നെ വേണം എന്ന് എനിക്ക് തോന്നുന്നു. പ്രത്യേകിച്ചും എന്റെ ഈ കരിയറിനും, എന്റെ സന്തോഷങ്ങള്‍ക്കും എന്റെ കഷ്ടപ്പാടുകലിലും, ഇതിനിടയില്‍ സംഭവിച്ച എല്ലാത്തിലും നിങ്ങളില്‍ പലരുടെയും പങ്കുണ്ട് എന്നതിനാല്‍, ഇക്കാര്യം എന്നില്‍ നിന്ന് തന്നെ അറിയാന്‍ നിങ്ങള്‍ അര്‍ഹരാണ്.
നിങ്ങളില്‍ ഒരുപാട് പേര്‍ക്ക് ഒരു കപ്പിള്‍ എന്ന നിലയില്‍ ഞങ്ങളെ ഒരുപാട് ഇഷ്ടമാണ്, പക്ഷേ ഇനി മുതല്‍ 'ഞങ്ങള്‍' ഇല്ല, അപര്‍ണ, ജീവ എന്ന് മാത്രം!
11 വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷം, ഞങ്ങള്‍ ഇപ്പോള്‍ ഞങ്ങളുടെ വേര്‍പിരിയല്‍ ഘട്ടത്തിലൂടെ കടന്നു പോവുകയാണ്. എവിടെയോ എന്തോ തെറ്റു പറ്റി, ഇനി അത് വര്‍ക്കൗട്ട് ആവില്ല എന്ന സത്യം ഞങ്ങള്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ട് തന്നെ ഇനി വേര്‍പിരിഞ്ഞു പോകാം എന്ന് ഞങ്ങള്‍ രണ്ട് പേരും ഒരുമിച്ച് തീരുമാനിച്ചു. വേര്‍പിരിയലിന് പിന്നിലെ കാരണം തീര്‍ത്തും വ്യക്തിപരമാണ്.
ഞങ്ങള്‍ എങ്ങനെയാണോ ഈ വേര്‍പിരിയലിനെ കാണുന്നത്, അതുപോലെ നിങ്ങളും ഇതിനെ വളരെ പക്വതയോടെ സമീപിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഇത് തീര്‍ത്തും വളരെ പേഴ്സണലായ തീരുമാനമാണ്. ഇതില്‍ നിന്ന് പുറത്തു കടക്കും വരെ ഞങ്ങള്‍ക്ക് ഞങ്ങളുടെ പ്രൈവസി നല്‍കുമെന്നും, ഞങ്ങളെ മനസ്സിലാക്കുമെന്നും പ്രതീക്ഷിക്കുന്നു.
എല്ലാവരും പറയുന്നത് പോലെ, എന്ത് സംഭവിച്ചാലും അതിനൊരു കാരണമുണ്ടാവും, അതില്‍ ഞാന്‍ ശക്തമായി വിശ്വസിക്കുന്നു. എല്ലാവര്‍ക്കും നന്ദി- എന്നാണ് ജീവ കുറിച്ചത്.