മദ്യലഹരിയില്‍ വാഹനമോടിച്ച് കാല്‍നടയാത്രക്കാരനെ ഇടിച്ചിട്ട കേസില്‍ അറസ്റ്റിലായ സീരിയല്‍ നടന്‍ സിദ്ധാര്‍ഥ് പ്രഭുവിനെ നാട്ടുകാര്‍ കൈകാര്യം ചെയ്ത രീതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ജിഷിന്‍ മോഹന്‍. മദ്യപിച്ചയാളെ പൊലീസില്‍ ഏല്‍പ്പിക്കേണ്ടതിന് പകരം സിദ്ധാര്‍ഥിന്റെ കഴുത്ത് പിടിച്ച് ഞെരിക്കുകയും കാലുകെട്ടിയിടുകയും ചെയ്ത നാട്ടുകാരുടെ പ്രവൃത്തി ക്രിമിനല്‍ നടപടിയാണെന്ന് ജിഷിന്‍ ആരോപിച്ചു. ഇത് 'പ്രബുദ്ധകേരളമാണോ' എന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ചോദ്യം ചെയ്തു.
ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് സിദ്ധാര്‍ഥിന്റെ പ്രവൃത്തിയെ ഒരു തരത്തിലും ന്യായീകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ജിഷിന്‍, നാട്ടുകാരുടെ അതിക്രമത്തിനെതിരെ ശക്തമായി പ്രതികരിച്ചത്. 'സിദ്ധാര്‍ഥ് ആദ്യമായല്ല മദ്യപിക്കുന്നതും വണ്ടിയോടിക്കുന്നതും. എന്നാല്‍ ഇങ്ങനെയാണോ മദ്യപിച്ച ഒരാളെ കൈകാര്യം ചെയ്യേണ്ടത്? നാട്ടുകാരുടേത് ക്രിമിനല്‍ ആക്ടിവിറ്റിയാണ്,' ജിഷിന്‍ കുറിച്ചു. മധുവിനെ തല്ലിക്കൊന്നപ്പോള്‍ പലരും പരിതപിച്ച കാര്യം ഓര്‍മ്മിപ്പിച്ച ജിഷിന്‍, ഇവിടെ സിദ്ധാര്‍ഥ് ഒരു കലാകാരനും സെലിബ്രിറ്റിയുമായതുകൊണ്ട് അയാളെ ചവിട്ടിതാഴ്ത്താന്‍ ശ്രമിക്കുകയാണോ എന്നും ചോദിച്ചു.
നമ്മുടെ സഹപ്രവര്‍ത്തകന്‍ സിദ്ധാര്‍ഥ് മദ്യപിച്ച് വണ്ടിയോടിച്ച്, ആ വണ്ടിയൊരാളെ തട്ടി. ഇതിനെ ന്യായീകരിക്കുകയോ ലഘൂകരിക്കുകയോ ചെയ്യുന്നില്ല. ഇതില്‍ നാട്ടുകാര്‍ ചെയ്ത പ്രവൃത്തി ഭീകരമായിട്ട് തോന്നി. ഇവര്‍ ചെയ്തത് ക്രിമിനല്‍ ആക്ടിവിറ്റിയാണ്. മദ്യപിച്ചയാളെ പൊലീസില്‍ ഏല്‍പ്പിക്കുകയാണ് വേണ്ടത്. നാട്ടുകാര്‍ ഇവന്റെ കഴുത്ത് പിടിച്ച് ഞെരിച്ച് റോഡിലിട്ട് ചവിട്ടുന്നു. ഇതാണോ കേരളം, ഇതാണോ പ്രബുദ്ധകേരളം ?മധുവിനെ തല്ലിക്കൊന്നപ്പോള്‍ കുറേപേര്‍ പരിതപിച്ചിരുന്നു. എവിടെ പരിതാപമൊന്നുമില്ലേ ആര്‍ക്കും. എന്തേ , കാരണം അവന്‍ ആര്‍ടിസ്റ്റാണ്, സെലിബ്രിറ്റിയാണ്. എന്നവച്ചാല്‍ മാക്‌സിമം അവനെ ചവിട്ടിതാഴ്ത്തണം. ഇപ്പോ കുറേ പേര്‍ പറയുന്നുണ്ട് അവന്‍ വണ്ടിയിടിച്ചതിനാല്‍ അല്ലേ അങ്ങനെ ചെയ്തത് എന്ന്. ഇതിന് കൈകാര്യം ചെയ്യാനാണോ നാട്ടുകാര്‍ ?, ഇവിടെ പൊലീസും കോടതിയും ഒന്നുമില്ലേ, ലോകത്തില്‍ ആദ്യമായി മദ്യപിച്ച് വണ്ടിയോടിച്ച ആളല്ല സിദ്ധാര്‍ഥ്, ക്രിസ്മസ് ന്യൂ ഇയര്‍ ടൈമില്‍ എല്ലാവരും മദ്യപിച്ചൊക്കെ തന്നെയാകും വണ്ടിയോടിക്കുന്നത്. അത് നല്ലതല്ല, അനുകൂലിക്കുന്നുമില്ല,പക്ഷേ ഇതില്‍ പ്രതികരിക്കേണ്ടത് ഇങ്ങനെയല്ല. ഒരാളെ വലിച്ചിഴച്ചല്ല, ശ്വാസം മുട്ടിച്ചല്ല പ്രതികരിക്കേണ്ടത്. പ്രബുദ്ധകേരളമാണ് പോലും ...നാണിമില്ലേ കേരളത്തിലേ ജനങ്ങളേ, നിങ്ങള്‍ക്ക് പ്രതികരിക്കേണ്ടേ ? ലജ്ജ തോന്നുന്നു.
ഡിസംബര്‍ 24-ന് രാത്രി കോട്ടയം എംസി റോഡില്‍ നാട്ടകം ഗവ. കോളജിനു സമീപത്താണ് നടന്‍ സിദ്ധാര്‍ഥിന്റെ വാഹനം വഴിയാത്രക്കാരനെ ഇടിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ നാട്ടുകാര്‍ ഇയാളെ തടഞ്ഞുനിര്‍ത്തുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. പിന്നീട് വിവരമറിഞ്ഞെത്തിയ പൊലീസ് സിദ്ധാര്‍ഥിനെ അറസ്റ്റ് രേഖപ്പെടുത്തി. നടന്‍ ജിഷിന്‍ മോഹന്റെ ഈ പ്രതികരണം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്.
നടി അമേയ നായരും ഇതേ അഭിപ്രായം ആണ് പങ്കുവച്ചത്.നിയമം ജനങ്ങള്‍ കയിലെടുക്കാന്‍ തുടങ്ങി. നാട് മുടിഞ്ഞു അല്ലെങ്കില്‍ മുടിച്ചു, മദ്യം വില്‍ക്കുന്നത് തെറ്റല്ല പക്ഷേ വാങ്ങിയതും കുടിച്ചതും തെറ്റ്. ഇതെന്ത് ന്യായം നീതി. മദ്യപിച്ച് വാഹനമോടിച്ചത് നൂറുശതമാനം തെറ്റ്. ബോധത്തോടെ അതിനെതിരെ റിയാക്ട് ചെയ്തവര്‍ ചെയ്തത് അതിലും വലിയ തെറ്റ്, ന്യായീകരണം ആരും അര്‍ഹിക്കുന്നില്ല; എന്നായിരുന്നു അമേയ യുടെ കമന്റ്.