ഇന്നലെ വരെ ഒരു കുഴപ്പവും ഇല്ലാതിരുന്ന വ്യക്തി ഇന്ന് മരിച്ചു എന്ന് അറിയുമ്പോള്‍ ഉണ്ടാകുന്ന ഞെട്ടല്‍ അത് പറഞ്ഞറിയിക്കാന്‍ സാധിക്കുന്നതിലും അപ്പുറമാണ്. ഷൂട്ടിങ് ലൊക്കേഷനില്‍ എല്ലാവരോടും തമാശ പറഞ്ഞ് തിരികെ റൂമിലേക്ക് പോയ ഒരാള്‍ പെട്ടെന്ന് മരിച്ചു എന്ന് അറിയുമ്പോള്‍ ആര്‍ക്കും വിശ്വസിക്കാന്‍ സാധിക്കില്ല. അങ്ങനെയൊരു അവസ്ഥയിലാണ് പ്രശസ്തനായ നടനും എല്ലാവരുടെയും പ്രിയപ്പെട്ടവനുമായ കലാഭവന്‍ നവാസ് നമ്മളോട് വിടപറഞ്ഞത്. ഒരിക്കലും പ്രതീക്ഷിക്കാതെ, എല്ലാവരെയും ഞെട്ടിപ്പിച്ച് പെട്ടെന്നാണ് നവാസിന്റെ മരണവാര്‍ത്ത എത്തുന്നത്. അദ്ദേഹത്തിന്റെ മരണവാര്‍ത്ത സിനിമാലോകത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. അദ്ദേഹം അഭിനയിച്ച കഥാപാത്രങ്ങളെ പോലെ തന്നെ ജനങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന കലാഭവന്‍ നവാസ് അപ്രതീക്ഷിതമായി നമ്മളില്‍നിന്ന് വിട്ടുപോയത് ആരാധകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഒരേപോലെ വേദനാജനകമാണ്.
ഒരു നടന്‍ എന്ന നിലയില്‍ അറിയപ്പെടാനായിരുന്നു നവാസിന്റെ ഏറ്റവും വലിയ മോഹം. പക്ഷേ നവാസ് ഏറെ ശ്രദ്ധിക്കപ്പെട്ടത് അനുകരണ കലയിലാണ്. നാടകത്തിലൂടെ വന്ന് സിനിമയില്‍ ശ്രദ്ധനേടിയ അബൂബക്കറിന്റെ മകനാണ് നവാസ്. വാത്സല്യം സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച മേലേടത്ത് രാഘവന്‍ നായരുടെ അമ്മാവനായി അഭിനയിച്ച അബൂബക്കറിന്റെ കഥാപാത്രത്തെ മലയാളികള്‍ക്ക് മറക്കാനാവില്ലല്ലോ. പിതാവിന്റെയും ടെലിവിഷന്‍ സിനിമാ താരവുമായ ചേട്ടന്‍ നിയാസിന്റെയും ചുവടുപിടിച്ചാണ് നവാസ് കലാരംഗത്തേക്ക് വരുന്നത്.ചെറിയ മിമിക്രി വേദികളില്‍ നിന്ന് കലാഭവന്റെ മേല്‍വിലാസത്തിലെത്തിയതോടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. 1993ല്‍ കെ എസ് പ്രസാദാണ് നവാസിനെ കലാഭവനിലെത്തിച്ചത്. മിമിക്രിയിലൂടെ എല്ലാവരെയും ചിരിപ്പിക്കാന്‍ നവാസിന് സാധിച്ചു. സിംഗിള്‍ മാന്‍ ഷോകളില്‍ നവാസ് അതിനകം തന്നെ ശ്രദ്ധ നേടിയിരുന്നു. നന്നായി പാടാന്‍ അറിയാവുന്ന നവാസ് മികച്ച പാരഡി ഗാനങ്ങള്‍ പാടി ജനകീയനായി. ഗായിക എസ് ജാനകിയുടെ ശബ്ദം അതിമനോഹരമായി വേദികളില്‍ അവതരിപ്പിച്ചു. എസ്.പി ബാലസുബ്രഹ്‌മണ്യം ഉള്‍പ്പെടെ മറ്റ് ഒട്ടേറെ ഗായകാരുടെ ശബദവും അനുകരിക്കുമായിരുന്നു.
ഇതുവഴിയാണ് സിനിമയിലേക്കും അദ്ദേഹത്തിന് വഴി തുറക്കുന്നത്.1995 ല്‍ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറിയത്.പിന്നിടങ്ങോട്ട് മാട്ടുപ്പെട്ടി മച്ചാന്‍, തില്ലാന തില്ലാന, മായാജാലം, ജൂനിയര്‍ മാന്‍ഡ്രേക്ക്, മൈലാഞ്ചി മൊഞ്ചുള്ള വീട്, കസബ,ഡിക്ടടീവ് ഉജ്ജ്വലന്‍ തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമായി. സിനിമയില്‍ ഇടവേളയുണ്ടായപ്പോവാണ് നവാസ് ടെലിവിഷന്റെ ഭാഗമാകുന്നത്.സീരിയലുകളിലും ഒപ്പം കോമഡി പരിപാടികളുടെ വിധികര്‍ത്താവായുമൊക്കെ പ്രക്ഷകര്‍ക്കിടയില്‍ നവാസ് തന്റെ സാന്നിദ്ധ്യം അറിയിച്ചിരുന്നു. കലാപാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച നവാസ് വിവാഹം കഴിച്ചത് നടി രഹ്നയെയാണ്.തൊണ്ണൂറുകളില്‍ മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യമായിരുന്ന താരങ്ങളാണ് കലാഭവന്‍ നവാസും നടി രഹ്നയും ഒട്ടനവധി മലയാള ചിത്രങ്ങളില്‍ നായിക നായകന്മാരായും സഹതാരങ്ങളായും തിളങ്ങിയ ഇരുവരും പിന്നീട് ജീവത്തിലും ഒന്നിക്കുകയായിരുന്നു.
ഒരു ഇടവേളയ്ക്ക് ശേഷം ജോണ്‍ ഹോനായി എന്ന ചിത്രത്തിലുടെ തിരിച്ചുവന്ന നവാസ് സമീപകാലത്ത് ക്യാരക്ടര്‍ റോളുകളിലേക്ക് മാറിയിരുന്നു.ഈ കഥാപാത്രങ്ങളാകട്ടെ അദ്ദേഹത്തിന്റെ ആഗ്രഹം പോലെ തന്നെ നവാസിലെ നടനെ അടയാളപ്പെടുത്തുന്നതും പ്രേക്ഷകപ്രീതി നേടുന്നവയുമായിരുന്നു.സമീപകാലത്ത് നവാസും ഭാര്യയും ഒരുമിച്ചഭിനയിച്ച ഇഴ എന്ന ചിത്രവും പുറത്തിറങ്ങിയിരുന്നു.ചിത്രത്തിലെ അഭിനയത്തിന് രഹ്നയെത്തേടി പുരസ്‌കാരങ്ങളും വന്നിരുന്നു.ജീവിതത്തിലെന്ന പോലെ തന്നെ ഈ സിനിമയിലും ഭാര്യാ ഭര്‍ത്താക്കന്മാരായിട്ടാണ് ഇരുവരും അഭിനയിക്കുന്നത്. ഒരു നടനെന്ന നിലയില്‍ തന്റെ രണ്ടാംഘട്ടമായിരുന്നു നവാസിന് ഇത്.വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലേക്ക് നവാഗതരായ സംവിധായകര്‍ ഉള്‍പ്പടെ വിശ്വസിച്ച് അദ്ദേഹത്തെ വിളിക്കുന്ന സമയം.. തന്റെ ആഗ്രഹങ്ങളിലേക്ക് നടന്നുകയറുമ്പോള്‍ തന്നെയാണ് അപ്രതീക്ഷിതമായി നവാസ് മടങ്ങുന്നതും. ഡിക്ടറ്റീവ് ഉജ്വലനാണ് നവാസ് അവസാനമായി അഭിനയിച്ച് തിയേറ്ററില്‍ ഇറങ്ങിയ ചിത്രം.
ഇന്നലെയാണ് കലാഭവന്‍ നവാസിന്റെ അപ്രതീക്ഷിത വിയോഗം സംഭവിക്കുന്നത്. ചലച്ചിത്ര-മിമിക്രി താരം കലാഭവന്‍ നവാസിന്റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നില്‍ ഹൃദയാഘാതമെന്ന വിലയിരുത്തല്‍. 25 ദിവസം താമസിച്ച ഹോട്ടിലിലാണ് തളര്‍ന്ന് വീണ് കിടന്നത്. ചൊറ്റാനിക്കരയില്‍ പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം. മൃതദേഹം ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ശനിയാഴ്ച രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റുമോര്‍ട്ടം നടത്തും. മരണവിവരമറിഞ്ഞ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമുള്‍പ്പെടെ നിരവധി പേരാണ് ആശുപത്രികളിലെത്തിയത്.