ജാനിക്കുട്ടി എന്ന കൊച്ചു പെണ്‍കുട്ടിയുടെ ജീവിത കഥ പറഞ്ഞ് മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായി മാറിയ സീരിയലാണ് മഞ്ഞുരുകും കാലം. 517 എപ്പിസോഡുകള്‍ സംപ്രേക്ഷമം ചെയ്ത പരമ്പര 2017ലാണ് അവസാനിച്ചതെങ്കിലും ഇന്നും അതിലെ താരങ്ങളെയാരും മറന്നിട്ടില്ല. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളേറെ കഴിഞ്ഞിട്ടും കുട്ടികളുണ്ടാകാത്ത തഹസില്‍ദാറായ വിജയരാഘവന്റെയും രത്‌നമ്മ ടീച്ചറുടെയും മകളായിട്ടാണ് ജാനിക്കുട്ടി എന്ന വിആര്‍ ജാനകിയെ ഇരുവരും ദത്തെടുക്കുന്നത്. വിജയരാഘവന്റെയും രത്‌നമ്മയുടെയും കണ്ണിലുണ്ണിയായി ഓടിച്ചാടി നടക്കുന്ന ആദ്യത്തെ കുഞ്ഞു ജാനിക്കുട്ടിയായി എത്തിയത് ഇപ്പോള്‍ മഴ തോരും മുമ്പേ പരമ്പരയില്‍ രേവതിക്കുട്ടിയായി എത്തിയിരിക്കുന്ന പെണ്‍കുട്ടിയാണ്. അന്ന് വെറും നാലു വയസായിരുന്നു ആ പെണ്‍കുട്ടിയുടെ പ്രായം.
അന്ന് ജാനിക്കുട്ടിയായി എത്തിയ കെസിയ എസ് തോമസ് എന്ന മിടുക്കിയാണ് ഇപ്പോള്‍ പത്തു വര്‍ഷങ്ങള്‍ക്കിപ്പുറം രേവതിക്കുട്ടിയായി എത്തിയിരിക്കുന്നത്. അതിനിടെ അമ്മുവിന്റെ അമ്മയിലെ അമ്മുവായും കറുത്തമുത്ത് സീരിയലിലെ മുത്തുമോളായും എല്ലാം കെസിയ എത്തിയിരുന്നു. രണ്ടര വയസില്‍ അഭിനയിക്കാന്‍ തുടങ്ങിയ കെസിയയുടെ ആദ്യ സീരിയല്‍ ഏഷ്യാനെറ്റിലെ സ്ത്രീധനം ആയിരുന്നു. പരമ്പരയില്‍ നായികയുടെ ദിവ്യയുടെ മകന്‍ കണ്ണനായാണ് അഭിനയിച്ചത്. വലുതായപ്പോള്‍ മഞ്ഞുരുകും കാലത്തിലും കറുത്ത മുത്തിലും എല്ലാമെത്തി. അതിനു ശേഷം സുന്ദരി, ഭാഗ്യലക്ഷ്മി, കുറച്ചു കാലം മുമ്പ് സൂര്യാ ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കനല്‍പ്പൂവ് എന്ന സീരിയലിലും എല്ലാം കെസിയ എത്തിയിരുന്നെങ്കിലും അതത്ര ശ്രദ്ധ നേടിയിരുന്നില്ല. എന്നാല്‍ മഴ തോരും മുമ്പേയിലെ രേവതിക്കുട്ടിയെന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. വെറും 14 വയസുകാരിയായ കെസിയ ഇരുപതോളം സീരിയലുകളില്‍ ഇപ്പോള്‍ തന്നെ അഭിനയിച്ചു കഴിഞ്ഞു.
തിരുവനന്തപുരം ശംഖുമുഖം സ്വദേശിനിയായ കെസിയയുടെ കുടുംബം അച്ഛനും അമ്മയും അടങ്ങുന്നതാണ്. മഞ്ഞുരുകും കാലത്തില്‍ അഞ്ചോളം കുട്ടികളാണ് ജാനിക്കുട്ടിയുടെ വ്യത്യസ്ത പ്രായത്തിലുള്ള കുട്ടികളായി എത്തിയത്. അതില്‍ ആദ്യമെത്തിയതായിരുന്നു കെസിയ എസ് തോമസ്. അതുകഴിഞ്ഞാണ് നിരഞ്ജന എന്ന കുട്ടി എത്തിയത്. നിരഞ്ജനയുടെ വരവ് പരമ്പരയെ കൂടുതല്‍ ശ്രദ്ധേയമാക്കിയിരുന്നു. അതിനു ശേഷമാണ് ഗ്രീഷ്്മ എന്ന കുട്ടി എത്തിയതും അതിനും ശേഷം നിഖിത എത്തിയതും. ഇപ്പോള്‍ മഴ തോരും മുമ്പേയിലും നിഖിതയാണ് നായിക. നിഖിതയുടെ അനിയത്തിയുടെ വേഷത്തിലാണ് കെസിയ എത്തുന്നെങ്കിലും നായികാ കഥാപാത്രത്തോളം തന്നെ ശ്രദ്ധ നേടുന്നുണ്ട് രേവതിക്കുട്ടിയെന്ന കെസിയയുടെ കഥാപാത്രം. ഇപ്പോള്‍ ഒന്‍പതാം ക്ലാസുകാരിയായ കെസിയ പഠനത്തിരക്കുകള്‍ക്കിടയിലാണ് സീരിയല്‍ അഭിനയവും തുടരുന്നത്.
രേവതിക്കുട്ടിയെ ചേര്‍ത്തുപിടിക്കുന്ന മാമച്ചായന്‍ ഗ്രേസമ്മ കഥാപാത്രങ്ങള്‍ക്കും നിരവധി പ്രശംസകളാണ് ലഭിക്കുന്നത്. ഏഷ്യാനെറ്റില്‍ ആഴ്ചകള്‍ക്കു മുമ്പ് മാത്രം സംപ്രേക്ഷണം ആരംഭിച്ച പരമ്പരയാണ് മഴ തോരും മുമ്പേ. ഇതിനോടകം തന്നെ റേറ്റിംഗിലും നാലാം സ്ഥാനത്തേക്ക് എത്തുവാന്‍ പരമ്പരയ്ക്ക് സാധിച്ചിട്ടുമുണ്ട്. അച്ചായന്‍സ് എന്ന സിനിമയിലും കെസിയ അഭിനയിച്ചിട്ടുണ്ട്.